അറേബ്യൻ ഗൾഫ് കപ്പ്; സെമി ലക്ഷ്യമിട്ട് യു.എ.ഇക്കെതിരെ ഖത്തർ
text_fieldsദോഹ: അറേബ്യൻ ഗൾഫ് കപ്പിൽ സെമിഫൈനൽ പ്രവേശനമെന്ന സ്വപ്നവുമായി ഖത്തറിന്റെ യുവനിര ഇന്ന് കളത്തിലിറങ്ങുന്നു. ആദ്യ മത്സരത്തിൽ കുവൈത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ ഖത്തർ ഗ്രൂപ് ‘ബി’യിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങുകയായിരുന്നു. അതോടെ നാലു ടീമുകളടങ്ങിയ ഗ്രൂപ്പിൽനിന്ന് മുന്നേറാൻ യു.എ.ഇക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന അവസാന ഗ്രൂപ് മത്സരത്തിൽ ജയമെന്ന പ്രതീക്ഷയുമായാണ് അന്നാബികൾ കളത്തിലെത്തുന്നത്.
ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരാണ് അവസാന നാലിലെത്തുക. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ബഹ്റൈൻ ആറു പോയന്റുമായി ഗ്രൂപ് ‘ബി’യിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. ബഹ്റൈൻ സെമി ഏറക്കുറെ ഉറപ്പിച്ച മട്ടാണ്. ഖത്തർ മൂന്നു പോയന്റുമായി രണ്ടാമതാണ്. യു.എ.ഇയെ തോൽപിച്ച കുവൈത്തിനും മൂന്നു പോയന്റാണുള്ളത്. ഗോൾശരാശരിയിൽ ഖത്തറാണ് മുന്നിൽ. രണ്ടു മത്സരങ്ങളും തോറ്റ യു.എ.ഇ സെമി കാണില്ലെന്നുറപ്പായിക്കഴിഞ്ഞു. ടൂർണമെന്റിൽ നിറംമങ്ങിയ ഫോമിൽ കളിക്കുന്ന യു.എ.ഇയെ കീഴ്പെടുത്താൻ കഴിയുമെന്ന പ്രത്യാശയിലാണ് താൽക്കാലിക കോച്ച് ബ്രൂണോ പിനീറോ നയിക്കുന്ന ഖത്തർ ടീം.
ഇന്ന് ബഹ്റൈനും കുവൈത്തും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു നിർണായക മത്സരം. ബഹ്റൈൻ കുവൈത്തിനെ തോൽപിച്ചാൽ, യു.എ.ഇക്കെതിരെ സമനില നേടിയാലും ഖത്തർ സെമിയിലെത്തും. എന്നാൽ, ഖത്തറിന് തോൽവി പിണയുകയും കുവൈത്ത് സമനില നേടുകയോ ജയിക്കുകയോ ചെയ്താൽ കുവൈത്താകും സെമയിലേക്ക് പ്രവേശിക്കുക. ഗ്രൂപ് ‘എ’യിൽ ഇറാഖിനും ഒമാനും നാലു പോയന്റ് വീതമാണുള്ളത്. സൗദി അറേബ്യക്ക് മൂന്നും. രണ്ടു കളികളും തോറ്റ യമൻ സെമി കാണാതെ പുറത്തായി.
ലോകകപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ ഗൾഫ് കപ്പിൽ യുവനിരയുമായി സെമിയിലെത്തിയാൽ അത് ഖത്തർ ഫുട്ബാളിന് ആശ്വാസനേട്ടമാകും. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ഖത്തർ യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിനെയാണ് ഗൾഫ്കപ്പിൽ അണിനിരത്തുന്നത്. ആദ്യകളിയിൽ കുവൈത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ യുവനിര ആത്മവിശ്വാസത്തിലായിരുന്നു. ബഹ്റൈനെതിരെയും അവർ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയതും. കരുത്തരായ എതിരാളികൾക്കെതിരെ പ്രതീക്ഷാനിർഭരമായ തുടക്കമായിരുന്നുവെങ്കിലും രണ്ടു ഡിഫൻസിവ് വീഴ്ചകൾ അപ്രതീക്ഷിത തോൽവിക്ക് വഴിവെക്കുകയായിരുന്നു. അഹ്മദ് അലാവുദ്ദീന്റെ ഗോളിൽ 32ാം മിനിറ്റിൽ മുന്നിലെത്തിയശേഷമാണ് ഖത്തർ തോൽവി വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

