അറബ് ടീമുകൾക്ക് ഇനി ഉത്സവമേളം
text_fieldsദോഹ: ഖത്തർ ലോകകപ്പിനെത്തുന്ന അറബ് രാജ്യങ്ങളെ കാത്തിരിക്കുന്നത് അറബ് ആരാധകരുടെ വമ്പിച്ച പിന്തുണ. അറബ് ലോകത്തേക്കും മിഡിലീസ്റ്റിലേക്കും ആദ്യമായി ഫിഫ ലോകകപ്പ് എത്തുമ്പോൾ, ടൂർണമെൻറിലെ അറബ് രാജ്യങ്ങൾക്ക് ചരിത്രത്തിലിന്നേ വരെ ലഭിച്ചിട്ടില്ലാത്ത പിന്തുണയായിരിക്കും ലഭിക്കുകയെന്നത് നിസ്സംശയം പറയാം.
ഏഷ്യയിൽ നിന്നും ആതിഥേയരായ ഖത്തർ, അയൽരാജ്യമായ സൗദി അറേബ്യ, ആഫ്രിക്കയിൽനിന്നും മൊറോക്കോ, തുനീഷ്യ എന്നിവരാണ് ഫിഫ ലോകകപ്പിൽ ഇത്തവണ മാറ്റുരക്കുന്നത്. ഒരു അറബ് രാജ്യത്ത് നടക്കുന്ന ലോകകപ്പ് ഫുട്ബാൾ എന്നതിനാൽ തന്നെ ടൂർണമെൻറിൽ പന്തുതട്ടുന്ന അറബ് രാജ്യങ്ങൾ ഗാലറികളിൽ നിന്നും വലിയ പിന്തുണയും ആരവവുമാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം തങ്ങളുടെ സഹോദരന്മാരെ നോക്കൗട്ട് ഘട്ടത്തിലേക്ക് കയറ്റുന്നതിന് ഏതറ്റം വരെയുള്ള പിന്തുണയും ആവേശവും നൽകാനും അറേബ്യൻ ആരാധകരും മത്സരിക്കും. ഇതുവരെ നടന്ന ലോകകപ്പുകളിൽ സൗദി അറേബ്യ, മൊറോക്കോ ടീമുകൾ മാത്രമാണ് മേഖലയിൽ നിന്നും നോക്കൗണ്ട് റൗണ്ടിലെത്തിയിട്ടുള്ളത്. 1986ലാണ് മൊറോക്കോ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കിൽ സൗദിയുടെ നോക്കൗട്ട് പ്രവേശനം 1994ലായിരുന്നു. അഞ്ചുതവണ ലോകകപ്പിൽ പന്തുതട്ടിയെങ്കിലും ഗ്രൂപ് ഘട്ടത്തിനപ്പുറം പോകാൻ തുനീഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഖത്തറാണെങ്കിൽ ആതിഥേയരെന്ന നിലയിൽ ലോകകപ്പിൽ തങ്ങളുടെ കന്നിയങ്കത്തിനാണിറങ്ങുന്നത്.
ഗ്രൂപ് എയിൽ ശക്തരായ നെതർലൻഡ്സ്, സെനഗൽ, ഇക്വഡോർ എന്നിവർക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. നാട്ടുകാർക്കുവേണ്ടി ഗാലറിയിൽ ആർപ്പുവിളി കൂട്ടാൻ ഖത്തരികളടങ്ങുന്ന സ്വദേശികളും താമസക്കാരായ വിദേശികളും കാര്യമായുണ്ടാവും. മൂന്ന് ദശലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയിരിക്കുന്നത് ഖത്തറിൽ നിന്നുള്ളവരാണെന്ന് കഴിഞ്ഞദിവസം ഫിഫ പുറത്തുവിട്ടിരുന്നു.
ദേശീയടീമിന് പിന്തുണ നൽകുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതിനും രാജ്യത്തെ കായിക ഫെഡറേഷനുകളും വിവിധ വകുപ്പുകളും ഉറക്കമൊഴിച്ചും പരിശ്രമിക്കുകയാണ്.ലോകകപ്പിനുള്ള ഖത്തർ ടീം നിലവിൽ സ്പെയിനിൽ പരിശീലനത്തിലാണ്. ലോകകപ്പിനായി ടീം മടങ്ങിയെത്തുമ്പോൾ വലിയ ജനപിന്തുണയാണ് അവർ പ്രതീക്ഷിക്കുന്നതും. ഖത്തറിന്റെ അയൽക്കാരായ സൗദി അറേബ്യക്കും ഗാലറികളിൽനിന്നും വലിയ പിന്തുണ പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
നിരവധി സൗദി ആരാധകരാണ് ഖത്തറിലേക്ക് അതിർത്തി കടന്നെത്താൻ തയാറായിരിക്കുന്നത്. ടിക്കറ്റ് വിൽപനയിൽ മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണെന്നതിനാൽ അവർക്ക് ലഭിക്കുന്ന പിന്തുണയിൽ കുറവുണ്ടാകുമെന്ന ഭയം അസ്ഥാനത്താണ്. ടൂർണമെൻറിലെ കിരീട ഫേവറിറ്റുകളായ അർജൻറീനക്കൊപ്പം ഗ്രൂപ് സിയാണ് അയൽക്കാർ.നവംബർ 22ന് അർജൻറീനക്കെതിരെ ലുസൈൽ സ്റ്റേഡിയത്തിലാണ് സൗദിയുടെ ലോകകപ്പ് തേരോട്ടം ആരംഭിക്കുക. നവംബർ 26ന് പോളണ്ടിനെയും 30ന് മെക്സിക്കോയെയും സൗദി നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

