അപ്പീൽ തള്ളി; ബ്ലാസ്റ്റേഴ്സ് നാലുകോടി പിഴ അടക്കണം
text_fieldsന്യൂഡൽഹി: കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിന് നിയമപോരാട്ടത്തിൽ തോൽവി. നാലുകോടി രൂപ പിഴയടക്കണമെന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അച്ചടക്ക സമിതിയുടെ ഉത്തരവിനെതിരെ ലോക കായിക കോടതിയിൽ (സി.എ.എസ്) ബ്ലാസ്റ്റേഴ്സ് നൽകിയ അപ്പീൽ തള്ളി.
രണ്ടാഴ്ചക്കകം പണമടക്കണമെന്ന് ഉത്തരവിട്ട കോടതി, എതിർകക്ഷിയായ എ.ഐ.എഫ്.എഫിന് കോടതി ചെലവും നൽകണമെന്ന് ഉത്തരവിട്ടു. സുനിൽ ഛേത്രി ഫ്രീകിക്കിൽനിന്ന് ഗോൾ നേടിയതായിരുന്നു അന്നത്തെ വിവാദത്തിന് തുടക്കം. താരങ്ങൾ തയാറാകുന്നതിന് മുമ്പ് ഛേത്രി കിക്കെടുത്തെന്ന് ആരോപിച്ച് റഫറി ക്രിസ്റ്റൽ ജോണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് താരങ്ങളോട് കളം വിടാൻ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച് നിർദേശിച്ചത്. തുടർന്നാണ് കോച്ചിന് മത്സരവിലക്കും ടീമിന് പിഴയും വിധിച്ചത്.

