Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹൃദ്രോഗത്തെ 'സൈഡ്​...

ഹൃദ്രോഗത്തെ 'സൈഡ്​ ബെഞ്ചി'ലാക്കി കളിക്കളത്തിലേക്ക്​ അൻവർ അലി; അറിയാം ഈ പോരാട്ടത്തിന്‍റെ കഥ

text_fields
bookmark_border
anwar ali-fc goa
cancel

പനാജി: ഒരു സിനിമയാക്കാനുള്ള വകയുണ്ട്​ ഇന്ത്യയുടെ യുവ ഫുട്​ബാൾ താരമായ അൻവർ അലിയുടെ ജീവിതകഥക്ക്​. ഇന്ത്യൻ ഫുട്​ബാളിലെ ഭാവി വാഗ്ദാനമായി പരിഗണിക്കപ്പെടുന്ന അൻവർ അലി 2019ന്​ ശേഷം ഫുട്​ബാളിൽ നിന്ന്​ വിട്ടുനിൽക്കുകയായിരുന്നു. അപൂർവമായ ഹൃദയ രോഗ​ത്തെ തുടർന്ന്​ തുലാസിലായ തന്‍റെ ഫുട്​ബാൾ കരിയർ തിരികെ പിടിച്ചതിന്‍റെ സന്തോഷത്തിലാണ്​ അൻവർ അലി ഇപ്പോൾ.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിശോധനകളും സ്കാനിങ്ങുകളും പൂർത്തിയാക്കുകയും ഡൽഹി ഹൈകോടതിയുടെ കനിവിന്‍റെയും ബലത്തിലാണ്​ 21കാരൻ വീണ്ടും ബൂട്ടണിയാൻ ഒരുങ്ങുന്നത്​. കളിക്കളത്തിൽ വെച്ച്​ എന്ത്​ സംഭവിച്ചാലും അതിന്​ ഉത്തരവാദി താനായിരിക്കുമെന്ന്​ സത്യവാങ്​മൂലം നൽകിയതിനെ തുടർന്നാണ്​ അലിക്ക്​ കളിക്കാൻ കോടതി അനുവാദം നൽകിയത്​.

എഫ്​.സി ഗോവ ടീമിലെടുത്തതിന്​ പിന്നാലെ ഞായറാഴ്ച നടന്ന കേരള ബ്ലാസ്​റ്റേഴ്​സിനെതിരായ മത്സരത്തിൽ താരം ബെഞ്ചിലായിരുന്നു. ഫുട്​ബാൾ കരിയറിന്​ അവസാനമാകും എന്ന്​ പ്രതീക്ഷിച്ചിരുന്നയിടത്ത്​ നിന്നും ആദ്യ മത്സരത്തിൽ തന്നെ ടീം ലിസ്റ്റിൽ ഉൾപെടാനായത്​ തന്നെ വലിയ നേട്ടമായാണ്​ താരം കണക്കാക്കുന്നത്​.

'എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാലം കഴിഞ്ഞുപോയി എന്നതിനാൽ ഞാൻ ഏറെ സന്തോഷവാനാണ്​. ഇ​ത്​ പുതിയ ഒരു അധ്യായമാണ്'-അലി ക്ലബ്​ വെബ്​സൈറ്റിനോട്​ പറഞ്ഞു​.

2017ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിന്‍റെ കണ്ടെത്തലാണ്​ അൻവർ അലി. മികച്ച സാ​ങ്കേതികത്തികവാർന്ന സെന്‍റർബാക്കായ അലി ബാക്കിൽനിന്ന്​ പന്ത്​ വിതരണം ചെയ്യുന്നതിൽ മിടുക്കനാണ്​.


2018ൽ മുംബൈ സിറ്റി ടീമിലെടുത്തെങ്കിലും പിറ്റേ വർഷം മുംബൈയിൽ വെച്ച്​ നടത്തിയ മെഡിക്കൽ പരിശോധനയിലാണ്​ ഹൃദ്രോഗം സ്​ഥിരീകരിച്ചത്​. പ്രത്യേക കാരണമില്ലാതെ ഹൃദയപേശികൾ ദൃഢമാകുന്ന രോഗാവസ്ഥയായ ഹൈപർട്രോഫിക്​ കാർഡിയോമയോപതിയാണ്​ അലിക്ക്​ ബാധിച്ചത്​.

ഫ്രാൻസിലെ റെന്നസിലെയും ഇന്ത്യയിലെ ഹൃദ്രോഗ വിദഗ്​ധരും കളി തുടരുന്നത്​ അലിയുടെ ജീവൻ അപകടത്തിലാക്കുമെന്നാണ്​ മുന്നറിയിപ്പ്​ നൽകിയത്​. അതോടെ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷനും ഏഷ്യൻ ഫുട്​ബാൾ കോൺഫഡറേഷനും കളിക്കളത്തിൽ നിന്ന്​ വിട്ടുനിൽക്കാൻ അലിയോട്​ നിർദേശിച്ചു.

മിനർവ പഞ്ചാബ്​ ഉടമയും അലിയുടെ മെന്‍ററും കൂടിയായ രഞ്​​ജിത്​ ബജാജിന്‍റെ പിന്തുണയോടെ അലി ഹൈകോടതിയിൽ റിട്ട്​ ഹരജി സമർപ്പിച്ചു. സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയെന്ന്​ തോന്നിച്ച വേളയിൽ സോഷ്യൽ മീഡിയയായിരുന്നു രക്ഷകനായത്​.

ഗൾഫ്​ രാജ്യത്തുള്ളയാളാണ്​ വിഷയം യു.കെയിലെ ​പ്രമുഖ കാർഡിയോളജിസസ്റ്റായ ഡോ. സഞ്ജയ്​ ശർമയോട്​ സൂചിപ്പിച്ച വിവരം ബജാജിനെ അറിയിച്ചത്​. പ്രമുഖരായ നിരവധി കായിക താരങ്ങളെ ചികിത്സിച്ച സ്​പോർട്​സ്​ കാർഡിയോളജിസ്റ്റാണ്​ ശർമ. യൂറോ കപ്പിനിടെ ഹൃദയാഘാതം വന്ന ഡെൻമാർക്ക്​ താരം ക്രിസ്റ്റ്യൻ എറിക്സണെ ശർമയായിരുന്നു ചികിത്സിച്ചത്​. അലിയുടെ കാര്യത്തിൽ ശർമ എ.ഐ.എഫ്​.എഫിന്​ പച്ചക്കൊടി വീശി.

എ.ഐ.എഫ്​.എഫിന്‍റെ മെഡിക്കൽ കമ്മിറ്റി തീരുമാനിക്കുന്നത്​ വരെ അലി ഉത്തരാഖണ്ഡ്​, പഞ്ചാബ്​, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ലോവർ ഡിവിഷൻ ക്ലബുകൾക്കായി പന്തുതട്ടി. ആഗസ്റ്റിലാണ്​ മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ അലി​ക്ക്​ മടങ്ങിയെത്താൻ എ.ഐ.എഫ്​.എഫ്​ അനുവദം നൽകിയത്​​.

ഇതോടെ ലോക്കൽ ലീഗുകളിൽ അലിയുടെ പ്രകടനം സസൂക്ഷ്മമായി വീക്ഷിച്ചിരുന്ന ഗോവ താരത്തിനായി രംഗത്തെത്തി. 'അലിക്ക്​ 21 വയസ്സ് മാത്രമേ ഉള്ളൂ, അദ്ദേഹത്തിന് ശോഭനമായ ഭാവിയുണ്ട്. കളിയിൽ വ്യത്യസ്തനാകാൻ അദ്ദേഹത്തിന് കഴിവുണ്ട്. വരും വർഷങ്ങളിൽ എഫ്‌.സി ഗോവയിലും ഇന്ത്യൻ ഫുട്‌ബാളിലും അദ്ദേഹം സുപ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'-എഫ്​.സി ഗോവ ഫുട്​ബാൾ ഡയരക്ടർ രവി പുഷ്കർ പറഞ്ഞു.

കളിക്കളത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എ.ഐ.എഫ്​.എഫ്​, ലീഗ് സംഘാടകർ, ക്ലബ്​ എന്നിവർക്കാർക്കും യാതൊരു ഉത്തരവാദിത്വവുമില്ലെന്ന്​ അലി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്​. മുൻകരുതൽ എന്ന നിലയിൽ എഫ്​.സി ഗോവ അധിക ഡീഫിബ്രിലേറ്ററുകളും കൂടുതൽ സ്റ്റാഫ്​ അംഗങ്ങളെ സി.പി.ആർ പഠിപ്പിക്കുകയും ചെയ്​തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballheart diseasefc goaAnwar Ali
News Summary - Anwar Alis battle against rare heart condition story of returns to action in FC Goa jersey
Next Story