ഘാന സ്ട്രൈക്കർ സെമന്യോ 780 കോടിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ
text_fieldsമാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ താരം. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം.
അഞ്ചര വർഷത്തെ കരാറാണ് 26കാരനുമായി സിറ്റി ഒപ്പുവെച്ചത്. രണ്ടര വർഷം മുമ്പ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽനിന്ന് ബോൺമൗത്തിലെത്തിയ സെമന്യോ ടീമിനായി 101 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന താരം 10 തവണ സ്കോർ ചെയ്തുകഴിഞ്ഞു. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ മുൻനിരയിൽ ഏത് റോളിലും കളിക്കാൻ മിടുക്കനാണ്. ഇരുകാലുകൾ കൊണ്ടും ഒരു പോലെ ഷോട്ടുകൾ തൊടുക്കുകയും ചെയ്യും.
ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളും പിന്നാലെയുണ്ടായിരുന്നെങ്കിലും സെമന്യോക്ക് കൂടുതൽ താൽപര്യം സിറ്റിയോടായിരുന്നു. സെമന്യോ കൂടിയെത്തുന്നതോടെ സിറ്റിയുടെ ആക്രമണനിരയുടെ കരുത്ത് കൂടും. എർലിങ് ഹാലൻഡ്, ബെർണാഡോ സിൽവ, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ്, സാവിന്യോ, ഒമർ മർമൗഷ് തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണ് സെമന്യോയുടെയും വരവ്.
ആഴ്സനലിനെ പിടിച്ചുകെട്ടി ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടും മൂന്നും സ്ഥാനക്കാർക്കു പിന്നാലെ ഒന്നാമന്മാരും സമനിലക്കുരുക്കിൽ. മുമ്പന്മാരായ ആഴ്സനലിനെ നാലാം സ്ഥാനക്കാരായ ലിവർപൂളാണ് ഗോൾരഹിതമായി പിടിച്ചുകെട്ടിയത്. കഴിഞ്ഞദിവസം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും മൂന്നാമതുള്ള ആസ്റ്റൺവില്ലയും സമനിലയിൽ കുരുങ്ങിയിരുന്നു.
ജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയന്റാക്കി ഉയർത്താമായിരുന്ന കളിയിലാണ് മൈക്കൽ ആർട്ടേറ്റയുടെ ടീം തുല്യത വഴങ്ങിയത്. മത്സരത്തിൽ ഗണ്ണേഴ്സിന് നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാനായില്ല. ഒമ്പത് ഗോൾ ശ്രമങ്ങൾ മാത്രമേ ആഴ്സനലിന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ. സ്വന്തം മൈതാനമായ എമിറേറ്റ്സിൽ നാലു വർഷത്തിനിടെ ആഴ്സനലിന്റെ ഏറ്റവും കുറവ് ഗോൾശ്രമമാണിത്. അതിൽതന്നെ നലു ഷോട്ടുകൾ മാത്രമായിരുന്നു ലക്ഷ്യത്തിനടുത്തെത്തിയത്. മറുവശത്ത് ലിവർപൂളിന്റെ ആക്രമണവും ദുർബലമായിരുന്നു.
എട്ട് ഗോൾശ്രമങ്ങളിൽ ഒന്നുപോലും ലക്ഷ്യം തേടി പാഞ്ഞില്ല. ലിവർപൂളിന്റെ റൈറ്റ് ബാക്ക് കോണോർ ബ്രാഡ്‍ലിയുടെ ചിപ് ബാറിൽ തട്ടിമടങ്ങിയതായിരുന്നു മത്സരത്തിൽ ഏറ്റവും ഗോളിനടുത്തെത്തിയ നിമിഷം. 21 റൗണ്ട് പൂർത്തിയായപ്പോൾ ആഴ്സനൽ (49), മാഞ്ചസ്റ്റർ സിറ്റി (43), ആസ്റ്റൺവില്ല (43) ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ലിവർപൂൾ 35 പോയന്റോടെ നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

