ബ്രസീലിൽ വംശീയ വിരുദ്ധ നിയമം വിനീഷ്യസ് ജൂനിയറിന്‍റെ പേരിൽ അറിയപ്പെടും
text_fieldsറിയോ ഡി ജനീറോ: വംശീയ വിരുദ്ധ നിയമത്തിന് റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ പേര് നൽകി റിയോ ഡി ജനീറോ ഭരണകൂടം. ലാ ലീഗിയിൽ മെയ് പത്തിന് വലന്‍സിയക്കെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചത്. മത്സരത്തിലുടനീളം വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ ഗാലറിയില്‍ ഇരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വിനീഷ്യസിനെതിരെ നടന്ന വംശീയ അധിക്ഷേപമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ പ്രേരണയായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമപ്രകാരം മത്സരത്തിനിടെ വംശീയ അധിക്ഷേപം നടന്നാൽ കളി നിർത്തിവെക്കുകയോ, ഒഴിവാക്കുകയോ വേണം. ജൂണിലാണ് റിയോ പ്രാദേശിക സകർക്കാർ ഐക്യകണ്ഠേന ‘വിനി ജൂനിയർ നിയമം’ അംഗീകരിച്ചത്. വംശീയ അധിക്ഷേപം നടന്നാൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമത്തിൽ വിവരിക്കുന്നുണ്ട്.
‘ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, എന്റെ കുടുംബം വളരെ അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -വിനീഷ്യസ് പ്രതികരിച്ചു. താൻ വളരെ ചെറുപ്പമാമെന്നും ഇത്തരത്തിലൊരു ആദരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

