ലോകകപ്പ് യോഗ്യത: ഡി മരിയയുടെ ഗോളിൽ ഉറുഗ്വേക്കെതിരെ അർജന്‍റീനക്ക് ജയം
text_fieldsമോൺന്റിവിഡിയോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയയുടെ ഒറ്റഗോൾ മികവിൽ ഉറുഗ്വോക്കെതിരെ അർജന്‍റീനക്ക് ജയം. ഏഴാം മിനിറ്റിൽ ഡിബാലയുടെ പാസിൽ നിന്നാണ് ഡി മരിയയുടെ ഗോൾ പിറന്നത്. സൂപ്പർ താരം ലയണൽ മെസി പകരക്കാരനായാണ് ഉറുഗ്വേക്കെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയത്.
പരിക്ക് മൂലം പി.എസ്.ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മെസി കളിച്ചിരുന്നില്ല. ഉറുഗ്വോക്കെതിരായ മത്സരത്തിൽ 76ാം മിനിട്ടിലാണ് അർജന്‍റീന പരിശീലകൻ സ്കോളനി മെസിയെ കളത്തിലിറക്കിയത്. ഉറുഗ്വോക്കെതിരായ ജയത്തോടെ 12 കളികളിൽ നിന്ന് എട്ട് ജയവും നാല് സമനിലയുമായി അർജന്‍റീനക്ക് 28 പോയന്‍റായി.
12 കളികളിൽ 11 ജയവുമായി 34 പോയിന്‍റ് നേടി ബ്രസീലാണ് ഗ്രൂപ്പിൽ ഒന്നാമത്. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 13 കളികളിൽ അഞ്ച് തോൽവിയും നാല് സമനിലയുമുള്ള ഉറുഗ്വോ നിലവിൽ ആറാം സ്ഥാനത്താണ്.