ഡി മരിയ യുവന്റസ് വിട്ടു; സൗദിയിലേക്ക് ?
text_fieldsറോം: അർജന്റീന സൂപ്പർതാരവും വിങ്ങറുമായ എയ്ഞ്ചൽ ഡി മരിയ ഇറ്റാലിയൻ ക്ലബായ യുവന്റസ് വിട്ടു. പാരിസ് സെന്റ് ജെർമെയ്നിലെ ഏഴു സീസണുകൾക്കുശേഷം കഴിഞ്ഞ വർഷം സീരീ എയിലെത്തിയ ഡി മരിയക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 40 മത്സരങ്ങളിൽ എട്ടു ഗോളാണ് നേടിയത്. യുവന്റസിന് കിരീടങ്ങളൊന്നും ലഭിച്ചതുമില്ല. സൗദി അറേബ്യൻ ക്ലബ് ഡി മരിയയെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുവന്റസിൽ ഒറ്റ സീസൺ പൂർത്തിയാക്കി ഫ്രീ ഏജന്റായി പടിയിറക്കം.
കിരീടങ്ങൾ നേടുന്നത് തുടരാൻ ക്ലബിനെ സഹായിക്കാൻ എല്ലാം നൽകിയെന്ന സമാധാനത്തോടെയാണ് പോകുന്നതെന്നും പക്ഷേ അത് സാധ്യമായില്ലെന്നും ഡി മരിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതിന്റെ കയ്പേറിയ രുചിയുണ്ടെങ്കിലും മികച്ച ഡ്രസിങ് റൂമിലെ ഒരുപിടി സൗഹൃദങ്ങളുമായി മടങ്ങുന്നതിന്റെ സന്തോഷമുണ്ടെന്നും 35കാരൻ കൂട്ടിച്ചേർത്തു. പത്തിലധികം ലോകോത്തര താരങ്ങളെ സൗദി പ്രോ ലീഗിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

