ഇനിയേസ്റ്റ ജപ്പാൻ വിട്ടു; ഉടൻ വിരമിക്കില്ല
text_fieldsജാപ്പനീസ് ക്ലബ് വിസൽ കോബെ വിടുകയാണെന്ന് സ്പെയിൻ ഇതിഹാസതാരം ആന്ദ്രെ ഇനിയേസ്റ്റ പ്രഖ്യാപിച്ചു. എന്നാൽ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പുതിയ തട്ടകത്തെ കുറിച്ച് ഇപ്പോൾ വ്യക്തമായ തീരുമാനങ്ങളില്ലെന്നും ഇനിയെസ്റ്റ പറഞ്ഞു.
അഞ്ച് വർഷത്തെ ജപ്പാനീസ് വാസം അവസാനിപ്പിച്ച് ഇനിയെന്ത് എന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് "എനിക്ക് നിങ്ങളോട് സത്യം പറയണം, എനിക്കറിയില്ല.' എന്നായിരുന്നു മറുപടി.
ബാഴ്‌സലോണയിലെ തന്റെ നീണ്ട കാലാവധി പൂർത്തിയാക്കിയ ശേഷം, ഇനിയേസ്റ്റ മൂന്ന് വർഷത്തെ കരാറിൽ 2018 ലാണ് ജാപ്പനീസ് ക്ലബ്ബിൽ ചേരുന്നത്. പിന്നീട് രണ്ടുവർഷം കൂടി പുതുക്കുകയായിരുന്നു. അവിടെ രണ്ട് കിരീടങ്ങൾ ക്ലബിനായി നേടി.
ഇനിയേസ്റ്റയുടെ അസാധ്യമായ പ്രകടനമാണ് 2010ൽ ലോകകപ്പ് സ്‌പെയിനിലെത്തിച്ചത്. ബാഴ്‌സയ്‌ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒമ്പത് ലാ ലിഗ ചാമ്പ്യൻഷിപ്പുകളും നേടിയ ഇനിയേസ്റ്റ വ്യാഴാഴ്ച താൻ വിടവാങ്ങുന്നതായി പ്രഖ്യാപിച്ചപ്പോൾ കണ്ണീർവാർത്തു.
എന്നാൽ, മേജർ ലീഗ് സോക്കർ, സൗദി അറേബ്യ, ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് 39 കാരനായ മിഡ്‌ഫീൽഡർക്ക് താൽപ്പര്യമുണ്ടെന്നും ഓഫറുകൾ പരിഗണിക്കാൻ തയാറാണെന്നുമാണ് അനൗദ്യോഗിക റിപ്പോർട്ട്.