ആഞ്ചലോട്ടിയുടെ ബ്രസീലിന് നാളെ ആദ്യ മത്സരം, വിനീഷ്യസിൽ പ്രതീക്ഷയർപ്പിച്ച് പരിശീലകൻ; എതിരാളികൾ ഇക്വഡോർ
text_fieldsഗ്വായാകിൽ (ഇക്വഡോർ): കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ഫുട്ബാളിലെ വമ്പന്മാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറാണ് എതിരാളികൾ.
വെള്ളിയാഴ്ച പുലർച്ചെ ഇക്വഡോറിലെ ഗ്വായാകിൽ ഇന്ത്യൻ സമയം 4.30നാണ് മത്സരം. റയൽ മഡ്രിഡ് വിട്ടെത്തിയ ഇറ്റാലിയൻ പരിശീലകന് മോശം പ്രകടനം നടത്തുന്ന കാനറികളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അർജന്‍റീനയോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്ന് ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്. ക്ലബ് ഫുട്‌ബാളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 65കാരന് ബ്രസീൽ ടീമിനെ കൈപിടിച്ചുയർത്തുക എളുപ്പമാകില്ല.
മികച്ച താരങ്ങളുടെ വൻനിരയുണ്ടെങ്കിലും കളത്തിൽ ഒത്തിണക്കമില്ലാത്തതാണ് വെല്ലുവിളി. സൂപ്പർതാരം നെയ്മറെ ഒഴിവാക്കിയാണ് ആഞ്ചലോട്ടി സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പ്രതിരോധ താരം കാസെമിറോയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. പരിക്കിൽനിന്ന് മുക്താനയ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മാത്യുസ് കുൻഹ, അലിസൺ ബക്കർ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെല്ലാം കളിക്കും. റോഡ്രിഗോ കളിക്കുന്നില്ല. വിനീഷ്യസ് കണങ്കാലിനേറ്റ പരിക്കിൽനിന്ന് മുക്തനായെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും ആഞ്ചലോട്ടി പ്രതികരിച്ചു. റയലിൽ ആഞ്ചലോട്ടിക്കു കീഴിലാണ് വിനീഷ്യസ് സൂപ്പർതാരമായി വളരുന്നത്.
കഴിഞ്ഞ വർഷം ബാലൺ ഡി ഓറിനുള്ള മത്സരത്തിൽ താരം രണ്ടാമതാണ് ഫിനിഷ് ചെയ്തത്. ആഞ്ചലോട്ടിക്കു കീഴിൽ റയൽ രണ്ടു തവണ വീതം യുവേഫ ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിയതിൽ ബ്രസീൽ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. റയലിനായി തകർപ്പൻ പ്രകടനം നടത്തുമ്പോഴും വിനീഷ്യസ് ദേശീയ ടീമിനൊപ്പം നിറംമങ്ങുന്നതിൽ വലിയ വിമർശനം നേരിടുന്നുണ്ട്. നിലവിൽ സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. 14 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്.
അർജന്‍റീന 14 മത്സരങ്ങളിൽനിന്ന് 31 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. 23 പോയന്‍റുമായി ഇക്വഡോർ, 21 പോയന്‍റുമായി യുറുഗ്വായ് ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പരാഗ്വാക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.