അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബാൾ: എം.ജി, കേരള, കാലിക്കറ്റ് ക്വാർട്ടറിൽ
text_fieldsകോതമംഗലം: അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടക്കും. എം.ജി, കേരള, കാലിക്കറ്റ് യൂനിവേഴ്സിറ്റികൾ ക്വാർട്ടറിൽ കടന്നു. എം.ജി യൂനിവേഴ്സിറ്റി എതിരില്ലാത്ത എട്ട് ഗോളുകൾക്ക് യൂനിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ ജെയ്പൂരിനെ പരാജയപ്പെടുത്തി. എം.ജിക്ക് വേണ്ടി നിതിൻ വിൽസൺ പതിനാറാം മിനിറ്റിൽ ആദ്യഗോൾ നേടി.
നിംഷാദ് റോഷൻ 36, 78 മിനിറ്റുകളിലായി രണ്ട് ഗോൾ നേടി. എം.എ കോളജിന്റെ മുഹമ്മദ് അജ്സൽ 45ാം മിനിറ്റിൽ ഗോൾ നേടി. മുഹമ്മദ് റോഷൻ 46 ,66, 89 മിനിറ്റുകളിലായി മൂന്ന് ഗോളുകളാണ് എം.ജി ക്കുവേണ്ടി നേടിയത്. കേരള യൂനിവേഴ്സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് സന്റ് ഗഡ്ജ് ബാബ അമരാവതി യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കേരളക്കുവേണ്ടി അഞ്ചാം മിനിറ്റിൽ ജെബിൻ ബോസ്കോ ആദ്യഗോൾ നേടി. 40, 54 മിനിറ്റുകളിലും ജെബിൻ ഗോളുകൾ അടിച്ച് കേരള യൂനിവേഴ്സിറ്റിയുടെ സൂപ്പർ താരമായി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സിഡോ കൻഹു മുർമു യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കാലിക്കറ്റിനു വേണ്ടി രണ്ടാം മിനിറ്റിൽ എം.എ. സുഹൈൽ ആദ്യ ഗോൾ നേടി. തുടർന്ന് 19ാം മിനിറ്റിൽ ടി.പി. മുഹമ്മദ് ഷഫ്നറും 25ാംമിനിറ്റിൽ കെ.പി. ഷംനാദും ഗോൾ അടിച്ചു. ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് ഗുരു നാനാക് ദേവ് യൂനിവേഴ്സിറ്റിയെ അടമസ് യൂനിവേഴ്സിറ്റി പരാജയപ്പെടുത്തി.