ഹീറോ മെഹ്റസ്; പതിറ്റാണ്ടിനു ശേഷം അൽജീരിയക്ക് ലോകകപ്പ് യോഗ്യത
text_fieldsസോമാലിയയെ തോൽപിച്ച അൽജീരിയൻ താരങ്ങളുടെ ആഹ്ലാദം
അൽജിയേഴ്സ്: ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ആഫ്രിക്കൻ ഫുട്ബാളിലെ അറബ് കരുത്തരായ അൽജീരിയ വീണ്ടും ലോകകപ്പിന്.
മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളായാണ് റിയാദ് മെഹ്റസിന്റെ നേതൃത്വത്തിലുളള അൽജീരിയൻ പട വിശ്വമേളയുടെ പോരാട്ടക്കളത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത്. ഒരു മത്സരം കൂടി ബാക്കിനിൽക്കെ ഗ്രൂപ്പ് ജേതാക്കളായ അൽജീരിയ, ആഫ്രിക്കയിൽ നിന്നും ലോകകപ്പിന് നേടുന്ന നാലാമത്തെ ടീമായി മാറി. തുനീഷ്യ, മൊറോക്കോ, ഈജിപ്ത് ടീമുകൾ ഇതിനകം തന്നെ 2026 അമേരിക്ക, മെക്സികോ, കാനഡ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.
വ്യാഴാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ സോമാലിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയായിരുന്നു ‘ഡെസേർട്ട് വാരിയേഴ്സ്’ എന്ന വിളിപ്പേരുകാരായ പച്ചപ്പട ലോകകപ്പ് ഉറപ്പാക്കിയത്.
യോഗ്യതാ റൗണ്ടിൽ എട്ട് ഗോളുകൾ നേടി അൽജീരിയയുടെ ടോപ് സ്കോററായ മുഹമ്മദ് അമൗറ സോമാലിയക്കെതിരെ ഇരട്ട ഗോൾ നേടി. നായകൻ റിയാദ് മെഹ്റസ് ഒരു ഗോളും കുറിച്ചു.
2014 ബ്രസീൽ ലോകകപ്പിൽ പ്രീക്വാർട്ടർ വരെയെത്തിയ ഉജ്വല പോരാട്ടത്തിനു ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേക്ക് അൽജീരിയക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. 1982, 1986, 2010, 2014 ലോകകപ്പുകളിൽ കളിച്ച അൽജീരിയയുടെ നാലാം ലോകകപ്പ് കൂടിയാവും അമേരിക്ക-കാനഡ-മെക്സികോയിലേത്.
അതേസമയം ഗ്രൂപ്പ് ‘ഐ’യിൽ കരുത്തരായ ഘാനക്ക് അവസാന യോഗ്യതാ മത്സരം വരെ കാത്തിരിക്കണം. കഴിഞ്ഞ ദിവസം സെൻട്രല ആഫ്രിക്കയെ 5-0ത്തിന് തോൽപിച്ചെങ്കിലും, രണ്ടാം സ്ഥാനത്തുള്ള മഡഗാസ്കറും വിജയവുമായി തൊട്ടു പിന്നാലെയെണ്ട്. അടുത്ത കളിയിലെ സമനിലയോടെ തന്നെ ഘാനക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഗ്രൂപ്പ് ‘എഫി’ൽ ഐവറി കോസ്റ്റും (23 പോയന്റ്), ഗാബോണും (22) തമ്മിലാണ് പ്രധാന പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

