രണ്ട് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ; വിജയച്ചിറകേറി അൽനസ്ർ
text_fieldsനാലു ഗോളടിച്ച് ടീമിന്റെ വിജയ നായകനായി മാറിയ കഴിഞ്ഞ ദിവസത്തെ ഓർമകളുണർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തിളങ്ങിയ ദിനത്തിൽ സൗദി ക്ലബായ അൽനസ്റിന് ജയം. രണ്ടുവട്ടം അസിസ്റ്റ് നൽകി ഹീറോ ആയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളിന് അൽനസ്ർ സൗദി ലീഗിൽ അൽതആവുനിനെ വീഴ്ത്തി. ഇതോടെ, പോയിന്റ് പട്ടികയിൽ ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. 17ാം മിനിറ്റിൽ സഹതാരം അബ്ദുറഹ്മാൻ ഗരീബിന് നൽകിയ പാസിലായിരുന്നു ആദ്യ ഗോൾ. തൊട്ടുപിറകെ അൽവാരോ മിദ്റാൻ എതിരാളികളെ ഒപ്പമെത്തിച്ചു. എന്നാൽ, 78ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ഒറ്റ ടച്ചിൽ തീർക്കാമായിരുന്ന പന്താണ് കൂടെയുള്ള മാദുവിന് നൽകി മാതൃകയായത്. അനായാസമായി താരം വല കുലുക്കി.
ഗോളി മാത്രം മുന്നിൽനിൽക്കെ കാലിൽ ലഭിച്ച പന്ത് തൊട്ടുമുമ്പിൽ തളികയിലെന്നപോലെ സഹതാരത്തിന് നൽകിയ ക്രിസ്റ്റ്യാനോക്ക് പ്രശംസ ചൊരിഞ്ഞ് സമൂഹ മാധ്യമങ്ങളും സജീവമായി. സ്വന്തം പകുതിയിൽനിന്ന് നീട്ടിനൽകിയ ആദ്യ പാസും മനോഹരമായിരുന്നു. ഒപ്പമോടിയ എതിർ പ്രതിരോധത്തിന് കാലെത്താതെ എന്നാൽ, ഒപ്പമുള്ള ഗരീബിന് അനായാസം കാലിലെടുക്കാനാവും വിധമായിരുന്നു പാസ്. അതിവേഗം ഓടിയ ഗരീബ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയും ചെയ്തു. പലപ്പോഴും ഗോളടിമികവിനു മാത്രം ആദരിക്കപ്പെട്ടുപോന്ന താരം കളി മെനയുന്നതിൽ കാണിക്കുന്ന മിടുക്കും ഇതോടെ ശ്രദ്ധേയമാകുകയാണ്. രണ്ട് അസിസ്റ്റിന് താരം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം അൽവഹ്ദക്കെതിരായ മത്സരത്തിൽ താരം നാലു ഗോൾ കുറിച്ചിരുന്നു. ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് ക്രിസ്റ്റ്യാനോ ആയിരുന്നു.