ലോകകപ്പ് യോഗ്യതയില്ല, ഏഷ്യൻ കപ്പുമില്ല; ഫുട്ബാൾ വികസനം മറന്ന് 'വന്ദേമാതര'വും 'ഭാരത്' പേരുമാറ്റവും ചർച്ചയാക്കി ഫെഡറേഷൻ
text_fieldsന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പേര് 'ഫുട്ബാൾ ഫെഡറേഷൻ ഓഫ് ഭാരത്' (എഫ്.എഫ്.ബി) എന്ന് മാറ്റാൻ ഒരുങ്ങുന്നു. ഇതിന് പുറമെ എ.ഐ.എഫ്.എഫിന് കീഴിൽ നടക്കുന്ന എല്ലാ ഫുട്ബാൾ മത്സരങ്ങൾക്കും മുൻപായി ദേശീയഗാനവും 'വന്ദേമാതര'വും കേൾപ്പിക്കാനും ശനിയാഴ്ച ഡൽഹിയിൽ ചേർന്ന സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. പേരുമാറ്റത്തിന് അനുമതി തേടി കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ വ്യക്തമാക്കി.
മത്സരങ്ങൾക്ക് മുൻപ് വന്ദേമാതരം
ഫെഡറേഷൻ അംഗീകരിച്ച പുതിയ പ്രമേയമനുസരിച്ച് ഇനിമുതൽ എല്ലാ മത്സരങ്ങളുടെയും കിക്കോഫിന് മുൻപായി ദേശീയഗാനമായ 'ജനഗണമന'യും ദേശീയ ഗീതമായ 'വന്ദേമാതര'വും നിർബന്ധമായും കേൾപ്പിക്കണം. ഈ പ്രമേയം നടപ്പിലായാൽ ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും ഉൾപ്പെടെ മൊത്തം 4 മിനിറ്റ് 2 സെക്കൻഡ് സമയമാകും കിക്കോഫിന് മുൻപ് ഇതിനായി മാറ്റിവെക്കുക.
പേരുമാറ്റത്തിന് കടമ്പകളേറെ
പേരുമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫയുടെയും ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. "കായിക മന്ത്രാലയം ഇതിന് പച്ചക്കൊടി കാണിച്ചാൽ പ്രമേയം വീണ്ടും ജനറൽ ബോഡിയുടെ പരിഗണനയ്ക്ക് കൊണ്ടുവരും. അതിനുശേഷം അന്തിമ അനുമതിക്കായി ഫിഫയ്ക്ക് അയക്കും. ഫിഫയുടെയും മന്ത്രാലയത്തിന്റെയും അനുമതികൾ ആവശ്യമുണ്ട്, എവിടെ നിന്നെങ്കിലും ഇതിനൊരു തുടക്കം കുറിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമാണിത്," - കല്യാൺ ചൗബെ പറഞ്ഞു.
അടിസ്ഥാന പ്രശ്നങ്ങൾ മറക്കുന്നുവെന്ന് കടുത്ത വിമർശനം
ലോകകപ്പ് ഫുട്ബാൾ ആവേശം കൊടുമുടിയിൽ നിൽക്കുമ്പോഴും ടൂർണമെന്റിൽ ഇന്ത്യയുടെ അസാന്നിധ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നതിനിടെയാണ് ഫെഡറേഷന്റെ പേരുമാറ്റ നീക്കം. ഇന്ത്യൻ ഫുട്ബാളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും അടിത്തട്ടിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനെതിരെ ഫുട്ബാൾ ആരാധകരിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
നിലവിൽ ഫിഫ പുരുഷ റാങ്കിംഗിൽ 138-ാം സ്ഥാനത്താണ് ഇന്ത്യ (ബ്ലൂ ടൈഗേഴ്സ്). 2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടാനും ഇന്ത്യൻ ടീമിന് സാധിച്ചിരുന്നില്ല. 2031 ഏഷ്യൻ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ മാത്രമാണ് ഇനി സീനിയർ ടീമിന് മുന്നിലുള്ളത്.
ഐ.എസ്.എൽ സെപ്റ്റംബർ നാലിന്
അതേസമയം, 2026-27 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് സെപ്റ്റംബർ 4-ന് തുടക്കമാകും. എ.ഐ.എഫ്.എഫ് വാർഷിക ഫുട്ബാൾ കലണ്ടറിനും യോഗം അംഗീകാരം നൽകി. 14 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഐ.എസ്.എൽ പൂർണ്ണമായും ഹോം ആൻഡ് എവേ ഫോർമാറ്റിലായിരിക്കും നടക്കുക. ലീഗ് ഏഴ് മാസം നീണ്ടുനിൽക്കും.
എന്നാൽ, ഐ.എസ്.എല്ലിന്റെ വാണിജ്യ അവകാശങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ലീഗിന്റെ വാണിജ്യ അവകാശങ്ങൾക്കായി ലണ്ടൻ ആസ്ഥാനമായുള്ള ജീനിയസ് സ്പോർട്സ് ഉയർന്ന തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്ലബ്ബുകൾ ഇതിനെ എതിർത്തു. പകരം അടുത്ത രണ്ട് വർഷത്തേക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള ഒരു പുതിയ നടത്തിപ്പ് രീതി അവർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാനേജിംഗ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

