സൂപ്പർ കപ്പ് സെപ്റ്റംബറിൽ നടത്താമെന്ന് എ.ഐ.എഫ്.എഫ്; ഐ.എസ്.എൽ സീസൺ സംബന്ധിച്ച അവ്യക്തത തുടരുന്നു
text_fieldsഐ.എസ്.എൽ ക്ലബ് പ്രതിനിധികളുമായി നടന്ന യോഗത്തിൽ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ സംസാരിക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരവെ സൂപ്പർ കപ്പ് മത്സരങ്ങൾ സെപ്റ്റംബർ രണ്ടാം വാരമോ മൂന്നാം വാരമോ നടത്താമെന്ന നിർദേശവുമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ.എസ്.എൽ ക്ലബ് പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ ധാരണയിലെത്തി. ഐ.എസ്.എൽ സീസൺ ആരംഭിക്കാൻ വൈകവെ ടീമുകൾക്ക് ആവശ്യമായ മത്സരങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് സൂപ്പർ കപ്പ് നേരത്തേയാക്കുന്നത്.
‘‘ഈ സീസണിൽ ഐ.എസ്.എൽ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ, അൽപം വൈകിയേക്കാം. ചില മാറ്റങ്ങളിലൂടെ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ഫോർമാറ്റിലോ മറ്റു കാര്യങ്ങളിലോ വ്യത്യാസമുണ്ടായേക്കാം. അക്കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല’’ -എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ദേശീയ താൽപര്യം മുൻനിർത്തി ഫെഡറേഷനും 13 ക്ലബുകളും ഒരുമിച്ചാണ് സൂപ്പർ കപ്പ് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ചൗബെ വ്യക്തമാക്കി.
അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഒരാഴ്ചക്ക് ശേഷം വീണ്ടും യോഗം ചേരും. ഇന്നലെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ്.സി ക്ലബ് പ്രതിനിധികൾ ഓൺലൈനിലും മറ്റുള്ളവർ നേരിട്ടും ചർച്ചയിൽ പങ്കെടുത്തു. സീസൺ അവസാനത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടത്താറ്. ഐ.എസ്.എല്ലിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ ഇക്കുറി സൂപ്പർ കപ്പോടെ സീസണിന് കിക്കോഫ് കുറിക്കാനാണ് നീക്കം. ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റും (എഫ്.ഡി.എൽ) തമ്മിലെ മാസ്റ്റേഴ്സ് റൈറ്റ്സ് കരാർ പുതുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
എന്നാൽ, ഫെഡറേഷൻ ഭരണം സംബന്ധിച്ച തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് വൈകുന്നതും കാലതാമസത്തിന് കാരണമാവുന്നുണ്ട്. പ്രതിസന്ധി പല ക്ലബുകളുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പരിഹാരം കാണാൻ നിർദേശിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, ജംഷഡ്പുർ എഫ്.സി, എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി ക്ലബുകൾ ചൗബെക്ക് കത്ത് നൽകിയതിനെത്തുടർന്നായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

