ഐ.എസ്.എല്ലിൽ വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിൽ
text_fieldsന്യൂഡൽഹി: ഐ.എസ്.എല്ലിന്റെ അടുത്ത സീസൺ മുതൽ വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലെന്ന് അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ. യൂറോപ്പിൽ അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന വാർ സംവിധാനത്തേക്കാൾ ചെലവു കുറവാണ് വാർ ലൈറ്റിന്.
ഐ.എസ്.എല്ലിൽ റഫറീയിങ് നിലവാരത്തെ കുറിച്ച് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം ബെൽജിയം സന്ദർശന വേളയിൽ വാർ ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകൾ കല്യാൺ ചൗബേ ആരാഞ്ഞിരുന്നു. ഇതിനായി ബെൽജിയം ഫുട്‌ബാൾ ആസ്ഥാനം സന്ദർശിക്കുകയും ചെയ്തിരുന്നു. ബെൽജിയത്തിന്റെ വാർ സംവിധാനം ചെലവ് ചുരുങ്ങിയതാണെന്ന് ചൗബേ പറയുന്നു.
‘അവരുടെ ആസ്ഥാനത്ത് 16 മോണിറ്ററുകളും നാല് ആളുകളുമാണ് ഉള്ളത്. ഇന്ത്യക്ക് ധാരാളം ഐ.ടി വിദഗ്ധരുണ്ട്. അവരുടെ സഹായം ലഭിച്ചാൽ ബെൽജിയത്തിന്റേതു പോലെ നമ്മുടേതായ വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാനാകും’ - ചൗബേ പറഞ്ഞു.