ഐ.എസ്.എൽ മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ
text_fieldsന്യൂഡൽഹി: ഐ.എസ്.എല്ലിന്റെ തുടർച്ച ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കുമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്). ഐ.എസ്.എല്ലിന്റെ 2025-26 സീസൺ നിർത്തിവെക്കുകയാണെന്ന് സംഘാടകർ ടീം ഉടമകളെ അറിയിച്ചതിന് പിന്നാലെയാണ് എ.ഐ.എഫ്.എഫിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
ഐ.എസ്.എല്ലിന്റെ മാസ്റ്റർ റൈറ്റ് അഗ്രിമെന്റുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചക്ക് വലിയ സംഭാവന ഐ.എസ്.എൽ നൽകുന്നുവെന്നത് തങ്ങൾ മനസിലാക്കുന്നുവെന്നും ഫുട്ബാൾ ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കരാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിയമയുദ്ധം നടക്കുന്നതിനാൽ അതിൽ കൂടി തീരുമാനമായതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കുവെന്നും ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ 2025-26 സീസൺ അനിശ്ചിതമായി നീട്ടിയിരുന്നു.
റിലയന്‍സ് ഗ്രൂപ്- സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. 2010ലാണ് ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ 15 വർഷത്തേക്ക് മത്സര സംപ്രേഷണ കരാറിലെത്തിയിരുന്നത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം പ്രതിവർഷം 50 കോടിയോ മൊത്തം വരുമാനത്തിന്റെ 20 ശതമാനമോ എഫ്.എസ്.ഡി.എൽ നൽകണം. പകരം സംപ്രേഷണാവകാശം ഉൾപ്പെടെ വാണിജ്യാവകാശങ്ങൾ കമ്പനിക്കാകും. സാമ്പത്തികനഷ്ടം നേരിട്ട ലീഗിൽ തങ്ങൾക്കു കൂടി യുക്തമായ കരാറിലെത്തണമെന്നാണ് എഫ്.എസ്.ഡി.എൽ ആവശ്യം. ഇതുസംബന്ധിച്ച ചർച്ചകൾക്ക് കമ്പനി വിവിധ ക്ലബ് ഉടമകളെ ബന്ധപ്പെട്ടിരുന്നു.
ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട് കേസുകൾ തുടരുന്നതും പുതിയ ഭരണഘടന ഇനിയും സുപ്രീംകോടതി അംഗീകാരം നൽകാത്തതിനാൽ ഭാരവാഹികൾ പുതിയ കരാറിലെത്തുന്നതിന് വിലക്കുള്ളതുമാണ് വില്ലനാകുന്നത്.
സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ഇന്ത്യൻ ഫുട്ബാളിന് ആഗോള മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഐ.എസ്.എല്‍ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകള്‍ക്കാവും. എഫ്.എസ്.ഡി.എല്‍ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

