
'പ്രായം പിന്നെയും തോറ്റു; അത്ഭുതമാണീ മനുഷ്യൻ'
text_fieldsമിലാൻ: പ്രായം 39നരികെ നിൽക്കുന്ന വെറ്ററൻ പടക്കുതിരയുടെ കളിയഴകിൽ ജയിച്ചുകയറി എ.സി മിലാൻ. സീരി എ മത്സരത്തിൽ ബൊളോണയെ സ്ലാറ്റൻ ഇബ്രാഹീമോവിച്ച് നേടിയ ഇരട്ട ഗോളുകൾക്കാണ് മിലാൻ ടീം ജയിച്ചുകയറിയത്. സ്കോർ 2-0.
സാൻ സിറോയിൽ അനുവദിക്കപ്പെട്ട അനുവദിക്കപ്പെട്ട 1000 കാണികൾക്ക് മുമ്പിൽ 35ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. തിയോ ഹെർണാണ്ടസ് നൽകിയ ക്രോസിൽ ഉയർന്നുചാടി തലവെച്ചത് ഗോളിയെയും കടന്ന് പോസ്റ്റിലെത്തി. രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലായിരുന്നു രണ്ടാം ഗോൾ.
തനിക്ക് പ്രായം ഇരുപതായിരുന്നെങ്കിൽ താൻ രണ്ടുഗോളുകൾ കൂടി അടിക്കുമെന്നായിരുന്നു ഇബ്രാഹിമോവിച്ചിെൻറ പ്രതികരണം. സ്വീഡിഷ് ക്ലബ്ബായ മാൽമോയിലൂടെ 1999 മുതൽ സീനിയർ ടീമുകളിൽ കളിച്ചുതുടങ്ങിയ ഇബ്രാഹിമോവിക് അജാക്സ്, ജുവൻറസ്, ഇൻറർ മിലാൻ, ബാഴ്സലോണ, പി.എസ്.ജി, എൽ.എ ഗാലക്സി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ മുൻനിരക്ലബ്ബുകൾക്ക് വേണ്ടിയെല്ലാം താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
