യാംബു സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എ.എഫ്.സി മദീന ജേതാക്കൾ
text_fieldsയാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ, യാംബു മലയാളി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എ.എഫ്.സി മദീന ടീം
യാംബു: മുൻ പ്രവാസികളായ നാല് കിഡ്‌നി രോഗികളെ സഹായിക്കാനായി യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) യാംബു മലയാളി അസോസിയേഷനുമായി (വൈ.എം.എ) സഹകരിച്ച് സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എ.എഫ്.സി മദീന ടീം ജേതാക്കളായി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർ.സി.എഫ് സി യാംബു ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എ.എഫ്.സി മദീന ടീം വിജയിച്ചത്. വൈ.ഐ.എഫ്.എ - എച്ച്.എം. ആർ സൂപ്പർ കപ്പിനുവേണ്ടി നടന്ന മത്സരത്തിൽ യാംബുവിലെയും മദീനയിലെയും പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ചു. യാംബുവിലെ പ്രവാസികളുടെ വമ്പിച്ച ആവേശമായി മാറിയ മത്സരം വീക്ഷിക്കാൻ ധാരാളം പേർ എത്തിയിരുന്നു. മത്സരത്തോടനുബന്ധിച്ച് 40 വയസ്സിന് മുകളിലുള്ളവർക്കായി ഒരുക്കിയ പ്രദർശന മത്സരത്തിൽ മദീന, യാംബു ടീമുകൾ മാറ്റുരച്ചു. മദീന ടീം ജേതാക്കളായി. വമ്പിച്ച കരഘോഷത്തോടെയാണ് കാണികൾ സീനിയേഴ്സിന്റെ മത്സരം ഏറ്റെടുത്തത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജമാൽ (എ.എഫ്.സി മദീന), മികച്ച ഡിഫൻഡറായി അജു (എ.എഫ്.സി മദീന), മികച്ച പ്ലേമേക്കറായി ഫഹൂദ് (ആർ.സി.എഫ്.സി യാംബു), മികച്ച ഗോൾ കീപ്പറായി നാസർ (എ.എഫ്.സി മദീന) എന്നിവരെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനായ അനീസ് (എഫ്.സി സനാഇയ), ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത യൂസുഫ് (എ.എഫ്.സി മദീന) എന്നിവർ പ്രത്യേക സമ്മാനത്തിന് അർഹരായി. വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങര ഉദ്‌ഘാടനം ചെയ്തു. വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത് അധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം താമരശ്ശേരി, അസ്‌കർ വണ്ടൂർ, അജോ ജോർജ് എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു. ജേതാക്കൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങര, വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത്, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ഒഴുകൂർ, വൈ.എം.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, നന്മ കൺവീനർ അജോ ജോർജ്, അലിയാർ മണ്ണൂർ, നാസർ മുക്കിൽ, അസ്‌ക്ർ വണ്ടൂർ, മുഹമ്മദലി മാസ്റ്റർ, അബ്ദുൽ ഹമീദ് കാസർകോട്, മൻസൂർ കരുവന്തിരുത്തി, ഷബീർ ഹസൻ, ശബീബ് വണ്ടൂർ എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

