കൊൽക്കത്ത: എ.എഫ്.സി കപ്പിൽ ജയത്തോടെ തുടങ്ങിയ ഗോകുലം കേരളക്ക് രണ്ടാം മത്സരത്തിൽ തോൽവി. മാലദ്വീപ് ക്ലബ് മാസിയയാണ് 1-0ത്തിന് ഗോകുലത്തെ കീഴടക്കിയത്. ഗോകുലം അമ്പേ നിറംമങ്ങിയ കളിയിൽ കോർണീലിയസ് സ്റ്റുവാർട്ടാണ് (50) മാസിയയുടെ ഗോൾ നേടിയത്.
അതേസമയം, ആദ്യ കളിയിൽ ഗോകുലത്തോട് തോറ്റ എ.ടി.കെ മോഹൻ ബഗാന് രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി തിരിച്ചുവരവ്. ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സിനെ 4-0ത്തിനാണ് എ.ടി.കെ തകർത്തത്. ലിസ്റ്റൻ കൊളാസോയുടെ മിന്നുന്ന ഹാട്രിക്കായിരുന്നു എ.ടി.കെ ജയത്തിന്റെ ഹൈലൈറ്റ്.
25, 34, 53 മിനിറ്റുകളിലായിരുന്നു കൊളാസോയുടെ ഗോളുകൾ. പകരക്കാരനായി കളത്തിലെത്തിയ ഡേവിഡ് വില്യംസ് 77ാം മിനിറ്റിൽ നാലാം ഗോൾ നേടി.
ഗ്രൂപ് ഡിയിൽ ഇതോടെ നാലു ടീമുകൾക്കും മൂന്നു പോയന്റ് വീതമായി. എ.ടി.കെയാണ് മുന്നിൽ. ഗോകുലം രണ്ടാമതാണ്.