Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅവസരങ്ങൾ...

അവസരങ്ങൾ കളഞ്ഞുകുളിച്ച് ഇന്ത്യ; ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനോട് ഗോൾരഹിത സമനില

text_fields
bookmark_border
അവസരങ്ങൾ കളഞ്ഞുകുളിച്ച് ഇന്ത്യ; ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനോട് ഗോൾരഹിത സമനില
cancel

ഷില്ലോങ്: ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് സമനില തുടക്കം. മൂന്നാം റൗണ്ടിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ പിന്നിലുള്ള ബംഗ്ലാദേശാണ് നീലപ്പടയെ ഗോൾരഹിത സനിലയിൽ തളച്ചത്.

മത്സരത്തിൽ നിരവധി ഗോളവസരങ്ങളാണ് സൂപ്പർതാരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ നഷ്ടപ്പെടുത്തിയത്. ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലെസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഹംസ ചൗധരി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവുകളിലൂടെ മത്സരത്തിൽ ബംഗ്ലാദേശിനും മികച്ച അവസരങ്ങൾ തുറന്ന് കിട്ടിയെങ്കിലും ഗോളിലെത്തിയില്ല.

ആദ്യ മിനിറ്റിൽത്തന്നെ ഇന്ത്യൻ ഗോൾമുഖത്ത് ആശങ്ക. ബംഗ്ലാദേശിന്റെ ആക്രമണം വരുതിയിലാക്കിയ ആതിഥേയ ഗോളി വിശാൽ കൈത്ത് അബദ്ധവശാൽ പന്ത് കൈമാറിയത് എതിർ ടീം അംഗം ജോണിക്ക്. താരത്തിന്റെ ഷോട്ട് തലനാരിഴക്കാണ് ഒഴിവായത്. പിന്നാലെ സുനിൽ ഛേത്രിയുടെ പോരാട്ടം ഓഫ് സൈഡിൽ. മിഡ്ഫീൽഡിൽനിന്ന് മുൻ അണ്ടർ 23 ഇംഗ്ലണ്ട് താരം കൂടിയായ ഹംസ ചൗധരി അപകടം വിതറിയതോടെ ഇന്ത്യക്ക് വീണ്ടും ആശയക്കുഴപ്പം. ആറാം മിനിറ്റിലെ ഫ്രീ കിക്കിൽ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായതുമില്ല. പിന്നാലെ പന്തധീനത ആതിഥേയരിലേക്ക്. 12ാം മിനിറ്റിൽ ഗോളി കൈത്തിന്റെ മറ്റൊരു പിഴവ്. പന്ത് ലഭിച്ച ബംഗ്ലാ താരം റിദോയ് വലയിലേക്ക് തൊടുത്തെങ്കിലും സുഭാഷിഷ് ബോസിന്റെ ഗോൾലൈൻ ക്ലിയറൻസിൽ രക്ഷപ്പെടുകയായിരുന്നു. 21ാം മിനിറ്റിൽ കളിയിലെ ആദ്യ മഞ്ഞക്കാർഡ്, ആയുഷ് ഛേത്രിയെ ഫൗൾ ചെയ്തതിന് സന്ദർശക താരം ജോണിക്ക്. പരിക്കേറ്റ ബർമനെ മാറ്റി റഹ്മത്തിനെ ഇറക്കി ബംഗ്ലാദേശ്.

23ാം മിനിറ്റിലെ ഫ്രീകിക്കിൽ ബോക്സിലേക്ക് ലിസ്റ്റൺ കൊളാസോയുടെ ക്രോസ് ഒഴിവാക്കി കോർണർ സമ്മാനിച്ചു റഹ്മത്ത്. 29ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ വോളി ബംഗ്ലാദേശ് ഗോളി വരുതിയിലാക്കി. പിന്നാലെ ഫാറൂഖിന്റെ റീബൗണ്ട് ശ്രമവും തടഞ്ഞു. ലിസ്റ്റണിന്റെ ശ്രമങ്ങൾ ഇന്ത്യക്ക് പ്രതീക്ഷയും ആവേശവുമേറ്റിയെങ്കിലും സ്കോർ ബോർഡ് പൂജ്യത്തിൽ തുടർന്നു.

40ാം മിനിറ്റിൽ ബോസും ഛേത്രിയും ഫാറൂഖും ചേർന്നുള്ള നീക്കവും വിജയിച്ചില്ല. പിന്നാലെ ഇന്ത്യക്ക് കോർണർ. ലിസ്റ്റണെടുത്ത കിക്ക് ഗോളിൽനിന്ന് തട്ടിയകറ്റി ബംഗ്ലാ ഗോളി മർമ അപകടമൊഴിവാക്കി. പിന്നെ പ്രത്യാക്രമണം. പന്ത് കീഴ്പ്പെടുത്തി ജോണിക്ക് നൽകി ഹുസൈൻ. കൈത്തിന്റെ ഗംഭീര സേവ്. ആദ്യ പകുതി തീരാനിരിക്കെ ഇന്ത്യയുടെ പ്രതിരോധം നയിച്ച സന്ദേശ് ജിങ്കാനും സംഘത്തിനും പണിയുണ്ടാക്കി ബംഗ്ലാദേശ്.

രണ്ടാം പകുതിയിൽ സന്ദർശകർക്ക് നേരിയ മുൻതൂക്കം പിടിച്ചു. ഛേത്രിയും ലിസ്റ്റണും ഫാറൂഖുമെല്ലാം ആഞ്ഞുപിടിച്ചെങ്കിലും ഫലമുണ്ടായില്ല. 61ാം മിനിറ്റിൽ ബംഗ്ലാദേശ് താരം ജോണിയുടെ മറ്റൊരു നീക്കം ബോസ് ക്ലിയർ ചെയ്തു. 63ാം മിനിറ്റിലെ കോർണർ കിക്കിൽ ഛേത്രിയുടെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങവെ മഹേഷിന്റെയും ഛേത്രിയുടെയും ചില ഒറ്റപ്പെട്ട നീക്കങ്ങൾ. 85ാം മിനിറ്റിൽ ഛേത്രിയെ മാറ്റി മലയാളി താരം ആഷിഖ് കുരുണിയനെയും ബോസിന് പകരം ഇർഫാൻ യാദ്വാദിനെയും ഇറക്കി. 86ാം മിനിറ്റിൽ ഇന്ത്യക്ക് ഫ്രീകിക്ക്.

ലിസ്റ്റണിന്റെ ക്രോസ് ആഷിഖ് നിയന്ത്രണത്തിലാക്കിയെങ്കിലും എന്തെങ്കിലും ചെയ്യാൻ ബംഗ്ലാദേശികൾ അനുവദിച്ചില്ല. അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈമും പിന്നിട്ട് റഫറിയുടെ ലോങ് വിസിൽ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 126ലും ബംഗ്ലാദേശ് 185ലുമാണ്.

ഹോങ്കോങ്, സിംഗപ്പൂർ ടീമുകൾകൂടി അടങ്ങിയ ഗ്രൂപ് സിയിലാണ് ഇന്ത്യ. ഹോം, എവേ അടിസ്ഥാനത്തിൽ ആറ് മത്സരങ്ങൾ വീതം കളിച്ച് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തുന്ന ടീമിനാണ് ഏഷ്യൻ കപ്പ് യോഗ്യത ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil chhetriindian football teamafc asian cup qualifiers round
News Summary - AFC Asian Cup Qualifiers: India Held To 0-0 Draw By Bangladesh
Next Story