എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത: സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് ജയിക്കണം
text_fieldsസിംഗപ്പൂർ: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതക്ക് അവശേഷിക്കുന്ന നേരിയ സാധ്യതകളിലേക്ക് ഗോളടിച്ചുകയറാൻ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെതിരെ. ജയത്തിൽ കുറഞ്ഞതെന്തും അവസാന സ്വപ്നങ്ങളും തച്ചുടക്കുമെന്നതിനാൽ ആവനാഴിയിലെ അവസാന ആയുധങ്ങളുമായാണ് ഖാലിദ് ജമീലിന്റെ സംഘം ഗോവയിലെ ഫത്തോർദ മൈതാനത്ത് ബൂട്ടുകെട്ടുന്നത്. സന്ദേശ് ജിങ്കാൻ സസ്പെൻഷനുമായി പുറത്തിരിക്കുന്ന ഒഴിവിൽ മോഹൻ ബഗാനിൽനിന്ന് പ്രതിരോധ താരം സുഭാശിഷ് ബോസ്, മിഡ്ഫീൽഡർ ലാലെങ്മാവിയ അപൂയിയ റാൽട്ടെ എന്നിവർ പുതുതായി ഇറങ്ങുന്നത് ടീമിന് പുതു ഊർജമാകും.
കളിയുടെ ഗതി നിയന്ത്രിച്ചും നീക്കങ്ങൾക്ക് വേഗമുറപ്പാക്കിയും അപൂയിയ മധ്യനിര ഭരിക്കാനെത്തുന്നത് സ്വന്തം മണ്ണിൽ ടീമിന് ഒരു പണത്തൂക്കം മേൽക്കൈ നൽകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ് സി മത്സരത്തിൽ കഴിഞ്ഞ ദിവസം സിംഗപ്പൂർ സ്വന്തം മണ്ണിൽ ഇന്ത്യയെ 1-1ന് സമനിലയിൽ പിടിച്ചിരുന്നു. ഒന്നാം പകുതിയിൽ മുന്നിൽനിന്ന ആതിഥേയരെ ഞെട്ടിച്ച് 90ാം മിനിറ്റിൽ റഹീം അലിയായിരുന്നു അന്ന് വിലപ്പെട്ട സമനില സമ്മാനിച്ചത്.
മൂന്നു കളികളിൽ രണ്ട് പോയന്റ് മാത്രമുള്ള ഇന്ത്യ നിലവിൽ പട്ടികയിൽ മൂന്നാമതാണ്. ഏഴ് പോയന്റുമായി ചൈന ഒന്നാമതും അഞ്ച് പോയന്റുള്ള സിംഗപ്പൂർ രണ്ടാമതുമാണ്. ഒറ്റപ്പോയന്റ് മാത്രം നേടി ബംഗ്ലാദേശ് ഏറ്റവും അവസാനത്തിലുണ്ട്. ഇനിയുള്ള മൂന്നു കളികളും ജയിച്ചാലേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ. ഒപ്പം ഹോങ്കോങ്, ചൈന ടീമുകളുടെ മത്സര ഫലങ്ങളും അനുകൂലമാകണം. ഗ്രൂപ്പിൽ ഒന്നാമതുള്ള ചൈനക്കെതിരെ ഒരു ഗോളിൽ കൂടുതൽ വിജയ മാർജിൻ കൂടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

