എ.എഫ്.സി ഏഷ്യന്‍ കപ്പ്; ഇന്ത്യ-ഹോങ്കോങ് മത്സരം ഇന്ന് കൊച്ചിയിൽ
text_fieldsഎ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഹോങ്കോങ്ങിനെ നേരിടുന്ന ഇന്ത്യൻ ടീം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
കൊച്ചി: കളം ഒരുങ്ങി, കളിക്കാരും. പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമെത്തുന്ന അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന്റെ ആരവം മണിക്കൂറുകൾക്കപ്പുറം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലുയരുമ്പോൾ കൊച്ചിയുടെ മണ്ണിലും വിണ്ണിലും നീലിമ പരക്കും. ഇന്ത്യയും ഹോങ്കോങ്ങും തമ്മിലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് അവസാന റൗണ്ട് യോഗ്യത മത്സരം ചൊവ്വാഴ്ച കലൂർ സ്റ്റേഡിയത്തിൽ അരങ്ങേറും. വൈകീട്ട് ഏഴിനാണ് കിക്കോഫ്. ഇരു ടീമുകളും തിങ്കളാഴ്ച സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി.
ഖാലിദ് ജമീലിന്റെ പരിശീലനത്തിലാണ് ബ്ലൂ ടൈഗേഴ്സ് കൊച്ചിയുടെ ഹൃദയം കീഴടക്കാനെത്തുക. ഇടക്കാല പരിശീലകൻ റോബർട്ടോ ലൊസാദയാണ് ഹോങ്കോങ് ടീമിനെ കളി പഠിപ്പിക്കുന്നത്. യോഗ്യതയിൽനിന്ന് പുറത്തായതോടെ ടീമിന്റെ മുഖ്യപരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിനെ മാറ്റിയിരുന്നു. ഇദ്ദേഹം അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായി ചുമതലയേൽക്കുകയും ചെയ്തു. ടീമിൽ മൂന്ന് മലയാളി താരങ്ങളുണ്ട്. മിഡ്ഫീൽഡർമാരായ സഹൽ അബ്ദുസ്സമദ്, ആഷിഖ് കുരുണിയൻ, ഡിഫൻഡർ ബിജോയ് വർഗീസ് എന്നിവർ.
ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ആൽബിനോ ഗോമസ്, വിശാൽ കെയ്ത്ത്. ഡിഫൻഡർമാർ: സന്ദേശ് ജിങ്കൻ, അൻവർ അലി, അഭിഷേക് സിങ്, ആകാശ് മിശ്ര, ബിജോയ് വർഗീസ്, നിഖിൽ പുജാരി, റോഷൻ സിങ്, രാഹുൽ ബെക്കെ. മിഡ്ഫീൽഡർമാർ: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ്, ലാലെങ്മാവിയ റാൽതെ, സഹൽ അബ്ദുസ്സമദ്. സ്ട്രൈക്കർമാർ: എഡ്മണ്ട് ലാൽറിന്ദിക, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്തെ, ലിസ്റ്റൺ കൊളാസോ, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്.
ജയം മാത്രം ലക്ഷ്യം -ഖാലിദ് ജമീൽ
മത്സരത്തിന് ടീം പൂർണ സജ്ജമാണെന്നും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇന്ത്യൻ ടീം കോച്ച് ഖാലിദ് ജമീൽ. മറ്റൊന്നും തങ്ങൾ ചിന്തിക്കുന്നില്ലെന്നും മത്സരത്തിനു മുന്നോടിയായ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എതിർ ടീം നന്നായി കളിക്കുന്നവരാണ്. കളിയുടെ തന്ത്രങ്ങൾ സ്വീകരിക്കുക അന്നേരത്തെ സാഹചര്യത്തിനനുസരിച്ചായിരിക്കും. കൊച്ചിയിൽ ഒരു വലിയ ആരാധക കൂട്ടത്തിനുമുന്നിൽ കളിക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഇവിടുത്തെ കാൽപന്ത് പ്രേമികളിൽനിന്ന് വലിയ പിന്തുണയാണ് പ്രതീക്ഷിക്കുന്നത് -ഖാലിദ് ജമീൽ പറഞ്ഞു.
‘എല്ലാ മത്സരവും പ്രധാനം’
എ.എഫ്.സി യോഗ്യത റൗണ്ടിൽ പുറത്തായെങ്കിലും എല്ലാ അന്താരാഷ്ട്ര മത്സരങ്ങളെയും പോലെ ഇതും പ്രധാനമാണെന്ന് ഹോങ്കോങ് പരിശീലകൻ റോബർട്ടോ ലൊസാദ പറഞ്ഞു. നല്ല ഒരു മത്സരം നടക്കുമെന്നാണ് പ്രതീക്ഷ. ഇടക്കാല പരിശീലകനായ തനിക്കിത് പ്രഥമ മത്സരമാണ്. മികച്ച മത്സരം പുറത്തെടുക്കും. എതിരാളികൾ എന്തു ചെയ്യുമെന്നതിനല്ല, തങ്ങളുടെ പ്രകടനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ താരം സുൻ മിനും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

