എ.എഫ്.സി ഏഷ്യൻ കപ്പ്: അവസാന റൗണ്ട് യോഗ്യത പരീക്ഷ ഇന്നു മുതൽ, റാങ്കല്ല ജയം മുഖ്യം
text_fieldsഎ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ
നേതൃത്വത്തിൽ പരിശീലനത്തിൽ
കൊൽക്കത്ത: കോപ അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും പഴക്കമുള്ള വൻകര ചാമ്പ്യൻഷിപ്പാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഏഷ്യൻ കപ്പ്. അതിന്റെ 18ാം എഡിഷന് യോഗ്യത നേടാനുള്ള അവസാന അവസരമാണ് ഇന്ത്യക്ക്. ബുധനാഴ്ച തുടങ്ങുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മൂന്നാം റൗണ്ട് മത്സരങ്ങൾ നീലക്കടുവകളെ സംബന്ധിച്ച് സുപ്രധാനമാണ്. സുനിൽ ഛേത്രിയും സംഘവും കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്ക് മുമ്പിൽ ഇറങ്ങുന്നു. വൈകുന്നേരം 4.30ന് അഫ്ഗാനിസ്താൻ ഹോങ്കോങ്ങിനെയും രാത്രി 8.30ന് ഇന്ത്യ കംബോഡിയയെയും നേരിടും. നാല് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് ഡി യിലെ എല്ലാ മത്സരങ്ങളും സാൾട്ട് ലേക്കിലാണ്.
ഗ്രൂപ് ജേതാക്കൾക്ക് ഉറപ്പ്; രണ്ടാമതായാലും സാധ്യത
ജൂൺ 11ന് ഇന്ത്യ-അഫ്ഗാനിസ്താൻ, കംബോഡിയ-ഹോങ്കോങ്, 14ന് അഫ്ഗാനിസ്താൻ-കംബോഡിയ, ഇന്ത്യ-ഹോങ്കോങ് പോരാട്ടങ്ങളും നടക്കും. ഗ്രൂപ് ജേതാക്കൾക്ക് ഉറപ്പായും അടുത്ത വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ അരങ്ങേറുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ കളിക്കാം. ആകെ 11 ടീമുകൾക്കാണ് മൂന്നാം റൗണ്ടിൽനിന്ന് പ്രവേശനം. ഇതിന് 24 ടീമുകളെ നാല് സംഘങ്ങളുടെ ആറ് ഗ്രൂപ്പായി തിരിച്ചിരിക്കുകയാണ്. ജേതാക്കൾക്ക് പുറമെ മികച്ച അഞ്ച് റണ്ണറപ്പുകൾക്കും അവസരമുണ്ട്. എ ഗ്രൂപ് മത്സരങ്ങൾ കുവൈത്തിലും ബി.യിലേത് മംഗോളിയയിലും സി.യിലേത് ഉസ്ബെകിസ്താനിലും ഡി.യിലേത് ഇന്ത്യയിലും ഇ.യിലേത് മലേഷ്യയിലും എഫ്.ലേത് കിർഗിസ്താനിലുമാണ് നടക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകൾ കഴിഞ്ഞപ്പോൾ 13 ടീമുകൾ യോഗ്യത നേടി. രണ്ടാം റൗണ്ടിലാണ് ഇന്ത്യ തുടങ്ങിയത്. മൂന്നാമതായതോടെയാണ് മൂന്നാം റൗണ്ടിലേക്കെത്തിയത്.
വീഴ്ചയിൽനിന്ന് എഴുന്നേൽക്കാൻ ഇന്ത്യ
2019ൽ യു.എ.ഇയിലാണ് ഏറ്റവും ഒടുവിൽ എഷ്യൻ കപ്പ് നടന്നത്. ഇന്ത്യ പങ്കെടുത്തിരുന്നെങ്കിലും ഗ്രൂപ് റൗണ്ടിൽ നാലാമതായി പുറത്തായി. അവസാന യോഗ്യത റൗണ്ടിൽ ഇന്ത്യ പ്രതീക്ഷയിലാണ്. ഗ്രൂപ് ഡി.യിലെ മറ്റു മൂന്ന് ടീമുകളും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ പിറകിൽ. ഇന്ത്യ 106ഉം ഹോങ്കോങ് 147ഉം അഫ്ഗാൻ 150ഉം കംബോഡിയ 171ഉം ആണ്. നായകൻ സുനിൽ ഛേത്രി പരിക്ക് ഭേദമായി തിരിച്ചെത്തിയത് ആതിഥേയർക്ക് നൽകുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല. സന്നാഹ, സൗഹൃദ മത്സരങ്ങളിലെ മോശം പ്രകടനം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിക്കിന്റെ പിടിയിലായിരുന്ന ഡിഫൻഡർ സന്ദേശ് ജിങ്കാൻ പൂർണാരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. റൈറ്റ് ബാക്ക് രാഹുൽ ഭെകെയുടെ സേവനം പക്ഷേ, ടീമിന് ലഭിക്കില്ല. കഴിഞ്ഞ ഒക്ടോബറിൽ നേപ്പാളിനെതിരെ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജയിച്ച ശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിൽപോലും വിജയത്തിലെത്തിയിട്ടില്ല ഇന്ത്യ. ബഹ്റൈനോട് 1-2നും ബെലറൂസിനോട് 0-3നും ജോർഡനോട് 0-2നും തോറ്റു. പരിശീലന മത്സരങ്ങളിൽ എ.ടി.കെ മോഹൻ ബഗാനോട് 1-2 പരാജയം രുചിച്ചപ്പോൾ സന്തോഷ് ട്രോഫി റണ്ണറപ്പായ ബംഗാളിനോട് 1-1 സമനില വഴങ്ങി ഇഗർ സ്റ്റിമാക്കിന്റെ ശിഷ്യർ. ഐ ലീഗ് ഓൾ സ്റ്റാർ ഇലവനോട് 2-1ന് ജയിക്കാനായത് മാത്രമാണ് ആശ്വാസം.
ഗ്രൂപ് ഡി മത്സരങ്ങൾ
ജൂൺ 8:
അഫ്ഗാനിസ്താൻ x ഹോങ്കോങ്
ഇന്ത്യ x കംബോഡിയ
ജൂൺ 11:
കംബോഡിയ x ഹോങ്കോങ്
ഇന്ത്യ x അഫ്ഗാനിസ്താൻ
ജൂൺ 14:
അഫ്ഗാനിസ്താൻ x കംബോഡിയ
ഇന്ത്യ x ഹോങ്കോങ്ഏത് എതിരാളിയെയും മാനിക്കണം. കംബോഡിയയുടെ ഫിഫ റാങ്കിനെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. അവരും ജയിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്.
-ഇഗർ സ്റ്റിമാക്
(ഇന്ത്യൻ പരിശീലകൻ)
മലയാളത്തിൽ പിന്തുണ തേടി ആഷിഖും സഹലും
ചെറിയ എതിരാളികളായതിനാൽ കാണികൾ കുറയുമെന്ന ആശങ്ക സംഘാടകർക്കുണ്ടായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാൻ ടിക്കറ്റുകൾ സൗജന്യമാക്കി. ക്യാപ്റ്റൻ ഛേത്രിയും സഹതാരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഫുട്ബാൾ പ്രേമികളെ കൊൽക്കത്തയിലേക്ക് ക്ഷണിക്കുകയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബാൾ ഫേസ് ബുക്ക് പേജിൽ മിഡ്ഫീൽഡർമാരായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും മലയാളത്തിൽ സംസാരിക്കുന്ന വിഡിയോ പ്രത്യക്ഷപ്പെട്ടു. ഏഷ്യയിലെ ഏറ്റവും മികച്ച ടൂർണമെൻറിലേക്കെത്താൻ എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്ന് ആഷിഖ് പറഞ്ഞു. ഫാൻസാണ് ശക്തിയെന്നും പ്രാർഥനയും സപ്പോർട്ടും ഉണ്ടാവണമെന്നും സഹലും വ്യക്തമാക്കി. കംബോഡിയയുമായി ആദ്യമായാണ് കളിക്കുന്നതെന്നും ഇതിൽ പരാജയപ്പെട്ടാൽ പകുതിയും നഷ്ടമാവുമെന്നും ക്യാപ്റ്റൻ ഛേത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

