സെമിയിലെ അവിസ്മരണീയ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ജൂലൈ 15' ഇനി അർജന്റീനയുടെ 'ദേശീയ ഫുട്ബാൾ ടീം ദിനം'
text_fieldsബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള അർജന്റീനയുടെ ചരിത്രപരമായ വിജയത്തിന്റെ ഓർമയ്ക്കായി ജൂലൈ 15 'ദേശീയ ഫുട്ബാൾ ടീം ദിന'മായി പ്രഖ്യാപിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ. അർജന്റീന ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഐക്യകണ്ഠേന അംഗീകരിച്ചത്.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ലയണൽ സ്കലോണിയുടെ സംഘം തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാൽ, 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളുകളിലൂടെ അർജന്റീന 2-1ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
"ഇംഗ്ലണ്ടിനെതിരായ ഈ മഹത്തായ വിജയത്തെ അനുസ്മരിക്കാനാണ് ജൂലൈ 15 തെരഞ്ഞെടുത്തത്. രാജ്യമൊട്ടാകെ ആഘോഷത്തിലാറാടിയ വിജയമായിരുന്നു അത്" - എ.എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി. സീനിയർ ടീമിന്റെ മാത്രം നേട്ടമല്ല, ലയണൽ ആന്ദ്രെസ് മെസ്സി കോംപ്ലക്സിൽ പരിശീലനം നടത്തുന്ന വനിത, യൂത്ത്, ഫുട്സാൽ, ബീച്ച് ഫുട്ബാൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ദേശീയ ടീമുകൾക്കുമുള്ള ആദരവാണ് ഈ ദിനമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
മത്സരശേഷമുള്ള അർജന്റീന കളിക്കാരുടെ വിജയാഘോഷം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. "മാൽവിനാസ് അർജന്റീനയുടേതാണ്" എന്ന് എഴുതിയ ബാനറുമായാണ് കളിക്കാർ മൈതാനത്ത് വിജയമാഘോഷിച്ചത്. ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്‌ലാന്റ് ദ്വീപുകളിന്മേൽ അർജന്റീന അവകാശവാദം ഉന്നയിക്കുന്നതിനെ പിന്തുണക്കുന്നതായിരുന്നു ഈ ബാനർ.
സംഭവത്തിൽ യു.കെ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കളിക്കാരുടെ നടപടിയെ ന്യായീകരിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് രംഗത്തെത്തി. താരങ്ങളുടെ ആഘോഷം തികച്ചും സ്വാഭാവികമാണെന്നും അത് അർജന്റീന ജനതയുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയെങ്കിലും ജൂലൈ 19ന് നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് 1-0ന് അർജന്റീന പരാജയപ്പെട്ടിരുന്നു. ഫൈനലിന് ശേഷം ഇരുടീമിലെയും കളിക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരെദെസ്, നഹ്വെൽ മൊളീന, അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാള എന്നിവർക്കെതിരെയും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

