Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡിയോസ് ലിയോ...;കാൽപന്തിന്‍റെ ആത്മാവിനെ കൈമാറി നീ നടന്നു നീങ്ങുമ്പോൾ

text_fields
bookmark_border
Lionel Messi bidding an emotional farewell to international football in Argentina
cancel

കാൽപ്പന്തിന്റെ മാന്ത്രികത ആവോളം പെയ്തു തീർത്ത്, ലോകത്തിന്റെ നെറുകയിൽ ആകാശ നീലയുടെ വിജയക്കൊടി പാറിച്ച് അവൻ മടങ്ങുകയാണ്. ഇതുവരെ കായികലോകം കണ്ട യാതൊരു യാത്രയയപ്പുകളോടും ഇതിനെ ഉപമിക്കാൻ കഴിയില്ല. ഹൃദയത്തിൽ നിന്ന് പ്രണയം മുഴുവൻ പിഴുതെടുത്ത് മാറ്റുന്നത്ര ആഴമുള്ളൊരു നെഞ്ചെരിച്ചിലാണ് ഈ മടങ്ങിപ്പോക്ക്.

ബെനിനെതിരായ മത്സരം നടന്ന ആ രാത്രിയിൽ, വിസിലടിച്ച് കളി തുടങ്ങിയപ്പോൾത്തന്നെ അർജന്റീനയുടെ കുപ്പായം വല്ലാത്തൊരു വിങ്ങലോടെ ആ അന്തിമ യാമങ്ങൾക്ക് ഒരുങ്ങുകയായിരുന്നു. മൈതാനത്തിന്റെ ഓരോ കോണിലും പന്തടക്കത്തിന്റെ മാന്ത്രികത കൊണ്ട് അവൻ വീണ്ടും മായാജാലം തീർത്തുകൊണ്ടിരുന്നു. ഒരു ഗോളടിച്ചും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയും അവസാന നിമിഷത്തിലും അവൻ തെളിയിച്ചു 'ഈ കളിയുടെ ആത്യന്തികമായ ഭംഗിയും വന്യതയും ഞാൻ തന്നെയാണ്' എന്ന്.

പക്ഷേ, മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി പെട്ടെന്ന് നിശ്ചലമായ ആ ഒരൊറ്റ നിമിഷമുണ്ട്. അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നെഞ്ചുപൊള്ളിക്കുന്ന ഏടായിരുന്നു. ഗാലറിയിലെ ആരവങ്ങൾ പെട്ടെന്ന് നിശ്ചലമായി. സ്വന്തം സഹതാരങ്ങളും എതിരാളികളും കണ്ണുനിറച്ച് സ്തബ്ദരായി ആ പത്താം നമ്പറുകാരനെ നോക്കിനിന്നു. കളിക്കളത്തിൽ ഒപ്പമുള്ളവരും എതിർ നിൽക്കുന്നവരും ഒരുപോലെ ആ വലിയ മനുഷ്യന് മുന്നിൽ ആദരവോടെ ശിരസ്സു നമിച്ചു. വിജയകിരീടങ്ങളുടെ തിളക്കത്തേക്കാൾ, ആ മനുഷ്യൻ സ്വന്തം ജീവിതം മുഴുവൻ മാതൃരാജ്യത്തിനായി സമർപ്പിച്ചു തീർത്തതിന്റെ ഗാംഭീര്യമായിരുന്നു ആ നിൽപ്പിന്.

ഓർമ്മകൾ പിന്നോട്ട് പായുമ്പോൾ, കൗമാരക്കാരനായ ആ ചെറുപ്പക്കാരൻ ആദ്യമായി അർജന്റീനയുടെ നീലക്കുപ്പായമിട്ട് മൈതാനത്തേക്ക് ചുവടുവെച്ച ആ നിമിഷം മനസ്സിന്റെ താളുകളിൽ തെളിഞ്ഞു വരുന്നുണ്ട്. ആദ്യ മത്സരത്തിൽ തന്നെ ചുവപ്പുകാർഡ് വാങ്ങി കണ്ണീരോടെ ബെഞ്ചിലേക്ക് മടങ്ങേണ്ടി വന്ന അന്ന്, ആരും കരുതിയിരുന്നില്ല കാലം ഈ മനുഷ്യനായി കരുതിവെച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കാവ്യനീതിയാണെന്ന്. ബാഴ്സലോണയിലെ കനകസിംഹാസനത്തിലിരുന്ന് കിരീടങ്ങൾ ഒന്നിനു പിറകെ ഒന്നായി സ്വന്തമാക്കുമ്പോഴും, മാതൃരാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ കേൾക്കേണ്ടി വന്ന കുത്തുവാക്കുകൾ അവനെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു.

2014-ലെ റിയോയുടെ പുൽമൈതാനത്ത് കിരീടത്തിന് തൊട്ടരികിൽ വെച്ച് കണ്ണീരണിഞ്ഞതും, തുടർ തോൽവികൾ താങ്ങാനാവാതെ നെഞ്ചുപൊട്ടി 2016-ൽ വിരമിക്കൽ പ്രഖ്യാപിച്ച് പടികളിറങ്ങിപ്പോയതും നാം കണ്ടതാണ്. അന്ന് രാജ്യം മുഴുവൻ കരഞ്ഞു, പന്തുകളി സ്നേഹിച്ച സകല മനുഷ്യരും അവൻ തിരികെ വരാനായി പ്രാർത്ഥിച്ചു. ഒടുവിൽ ആ നിസ്സഹായതയെയും അപമാനങ്ങളെയും സ്വന്തം നെഞ്ചിലെ തീക്കനലാക്കി മാറ്റിക്കൊണ്ട് അവൻ തിരിച്ചുവന്നു. 2021-ൽ മരക്കാനയിൽ കോപ്പ അമേരിക്ക ഉയർത്തി ഒരു ജനതയുടെ 28 വർഷത്തെ കണ്ണീരിന് ശാപമോക്ഷം നൽകി, ഫൈനലിസിമയും നേടി, ഒടുവിൽ 2022-ൽ ഖത്തറിന്റെ മരുഭൂമിയിൽ ആ സുവർണ്ണ കിരീടത്തിൽ ഉമ്മവെച്ച് അവൻ പ്രണയിച്ച മാതൃരാജ്യത്തിന് സർവ്വതും തിരികെ നൽകി.

എന്നിട്ടും, എറ്റവും ഉയർന്ന വിജയ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഏത് പ്രതിസന്ധിയിലും പാറപോലെ കൂടെനിന്ന പ്രിയപ്പെട്ട പിതാവിന്റെ അസാന്നിധ്യം അവന്റെ ഉള്ളിൽ സൃഷ്ടിച്ച ആ ശൂന്യത മറ്റാരേക്കാളും അവനെ തളർത്തിയിട്ടുണ്ടാകും. ആ വലിയ മുറിവും പേറി, ഒടുവിൽ തന്റെ പിൻഗാമിയായി എത്തുന്ന പുതിയ തലമുറയിലെ നിക്കോ പാസിന് അവൻ നീട്ടിനൽകിയ ആ ഒരൊറ്റ പാസ്, അത് വെറുമൊരു പന്തിന്‍റെ കൈമാറ്റമായിരുന്നില്ല. "ഇനി ഈ രാജ്യത്തിന്റെ സ്വപ്നങ്ങളും ഭാരവും നിങ്ങളുടേതാണ്" എന്ന് പറഞ്ഞ് അർജന്റീനയുടെ ആത്മാവിനെത്തന്നെ വിറയ്ക്കുന്ന കൈകളോടെ പകർന്നുനൽകുകയായിരുന്നു.

നീ നൽകിയ ഓരോ തുള്ളി കണ്ണീരിനും, നെഞ്ചു പിളർത്തുന്ന ഓരോ ആനന്ദത്തിനും ഈ ലോകം നിന്നോട് എന്നും കടപ്പെട്ടിരിക്കും. നീയില്ലാത്ത ആകാശ നീലക്കുപ്പായത്തിലേക്ക് ഇനി നോക്കാൻ ഞങ്ങൾക്ക് വലിയ ധൈര്യം വേണം. ആ മാന്ത്രികച്ചുവടുകൾ ഇനി അന്താരാഷ്ട്ര മൈതാനങ്ങളിൽ പതിയില്ലെന്ന യാഥാർത്ഥ്യം ഉള്ളിൽ എരിയുന്ന കനൽപോലെ നിശ്ശബ്ദമായി നീറുമ്പോഴും, നീ സമ്മാനിച്ച ഓരോ മനോഹര ഓർമ്മയും അളവറ്റ പ്രണയത്തോടെ ഞങ്ങൾ നെഞ്ചോട് ചേർത്തുപിടിക്കും. ഹൃദയത്തിലൊഴുകുന്ന ഈ ഓർമ്മച്ചെപ്പുകൾക്ക് മുകളിൽ ഒരിക്കലും മായാത്ത പ്രകാശമായി നീ എന്നും തിളങ്ങിനിൽക്കും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adios Leo: An Emotional Tribute to Lionel Messi Following His Historic International Farewell with Argentina
Next Story