മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാം, ഡിന്നർ കഴിക്കാം; ടിക്കറ്റിന് 10 ലക്ഷം രൂപ
text_fieldsഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊൽക്കത്ത സന്ദർശനം പൂർത്തിയാക്കിയ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കാനുള്ള ആകാംക്ഷയിലാണ് ആരാധകൾ.
മെസ്സിയുടെ ഹൈദരാബാദ് സന്ദർശനത്തോടനുബന്ധിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് എക്സ്ക്ലൂസീവ് മീറ്റ് ആൻഡ് ഗ്രീറ്റ് ഫോട്ടോ സെഷൻ. മെസ്സിക്കൊപ്പമുള്ള ഫോട്ടോക്കായുള്ള ഓരോ ടിക്കറ്റിനും വേണ്ട ചെലവ് ജി.എസ്.ടി ഉൾപ്പെടെ 10 ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ട്.
മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയടക്കമുള്ള തുകയാണിത്. ലക്ഷങ്ങൾ ചെലവാകുമെങ്കിലും ഹൈദരാബാദിൽ നിന്നുള്ള ഏതാണ്ട് 60 പേർ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 40 ടിക്കറ്റുകൾ കൂടി അവശേഷിക്കുന്നുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന പരിപാടിയിൽ മെസ്സി പങ്കെടുക്കും. വൈകീട്ട് 5.30 മുതൽ സംഗീത പരിപാടികളുമുണ്ടാകും. അതു കഴിഞ്ഞ് വൈകീട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിൽ എത്തും. ഒരു മണിക്കൂർ മെസ്സി ഗ്രൗണ്ടിൽ തുടരും. പെനാൽട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കെടുക്കും.
യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി കുട്ടികളുമായി സംവദിക്കുകയും തെരഞ്ഞെടുത്ത 24 കുട്ടികൾക്കായി ഒരു പ്രത്യേക മാസ്റ്റർക്ലാസ് നടത്തുകയും ചെയ്യും. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.
ഇന്ത്യൻ ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് മെസ്സി രാജ്യത്തെത്തിയത്. ഗോട്ട് ടൂറിന്റെ ഭാഗമായാണ് മെസ്സിയുടെ ഇന്ത്യ പര്യടനം. കൊൽക്കത്തയിൽ തുടങ്ങിയ പര്യടനം തിങ്കളാഴ്ച ഡൽഹിയിൽ സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികൾക്കു ശേഷം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മെസ്സി മടങ്ങുക. ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസും (ഉറുഗ്വായ്) റോഡ്രിഗോ ഡി പോളും (അർജന്റീന) കൂടെയുണ്ട്.
മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായിരുന്നു. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഘർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

