ഗോളടിയുടെ 24 ക്രിസ്റ്റ്യാനോ വർഷങ്ങൾ
text_fieldsറിയാദ്: തുടർച്ചയായി 24 വർഷം ഗോൾ നേടുകയെന്ന അത്യപൂർവ നേട്ടം സ്വന്തമാക്കി, പുതുവർഷത്തിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ-ഒഖ്ദൂദിനെതിരെ ഗോളടിച്ചാണ് അൽ നസർ താരമായ ക്രിസ്റ്റ്യാനോ ഗോളടിയുടെ 24 വർഷങ്ങൾ പിന്നിട്ടത്. ഒരു ഗോളുമായി ക്രിസ്റ്റ്യാനോയും ഇരട്ട ഗോളുമായി സാദിയോ മാനെയും തിളങ്ങിയ മത്സരത്തിൽ അൽ നസർ 3-1ന് ജയിച്ചുകയറി. പുതുവർഷത്തെ താരത്തിന്റെ ആദ്യ ഗോളും കരിയറിലെ 917ാമത്തെ ഗോളുമാണിത്. സീസണിലെ 11ാം ഗോളും. പ്രഫഷനൽ ഫുട്ബാളിൽ 2002 മുതൽ ക്രിസ്റ്റ്യാനോ വലകുലുക്കുന്നുണ്ട്. കഴിഞ്ഞവർഷം 43 ഗോളുകളാണ് നേടിയത്. 2023ൽ 54 ഗോളുകളുമായി ടോപ് സ്കോററായി. ഫെബ്രുവരി അഞ്ചിന് 40 വയസ്സ് പൂർത്തിയാകാനിരിക്കെ, താരത്തിന്റെ ഗോൾ സ്കോറിങ്ങിന് വയസ്സ് ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനം.
അൽ നസറിനെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ സാവിയർ ഗോഡ്വിന്റെ ഗോളിലൂടെ ഒഖ്ദൂദ് ആതിഥേയരെ ഞെട്ടിച്ചു. എന്നാൽ, 29ാം മിനിറ്റിൽ മാനെയിലൂടെ നസറിനെ ഒപ്പമെത്തിച്ചു. ഇടവേളക്കു പിരിയാൻ മൂന്നു മിനിറ്റ് ബാക്കിനിൽക്കെ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിന് ലീഡ് നേടിക്കൊടുത്തു. സ്കോർ 2-1. 88ാം മിനിറ്റിൽ മാനെ രണ്ടാം ഗോളും നേടി സ്കോർ പട്ടിക പൂർത്തിയാക്കി.
ജയത്തോടെ അൽ നസർ 14 മത്സരങ്ങളിൽനിന്ന് 28 പോയന്റുമായി മൂന്നാമതെത്തി. 13 മത്സരങ്ങളിൽനിന്ന് 36 പോയന്റുള്ള അൽ ഇത്തിഹാദ് ഒന്നാമതും ഇത്രയും മത്സരങ്ങളിൽനിന്ന് 34 പോയന്റുള്ള അൽ ഹിലാൽ രണ്ടാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.