Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2026 ഫുട്ബാൾ ലോകകപ്പ്...

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

text_fields
bookmark_border
2026 World Cup
cancel

യു.എസ്.എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബാളിന്‍റെ ഏഷ്യന്‍ മേഖല യോഗ്യതാ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക്. എട്ട് ടീമിനാണ് അവസരം. ഇറാന്‍, ജപ്പാന്‍, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ദാന്‍ ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. ഇനി രണ്ടു ടീമുകള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. ഇതിനായി ആറു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളില്‍ ഒക്ടോബര്‍ മുതല്‍ പോരിനിറങ്ങും. ഖത്തറില്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തറും യു.എ.ഇയും ഒമാനും ഏറ്റുമുട്ടുമ്പോള്‍ സൗദിയില്‍ നടക്കുന്ന ബി ഗ്രൂപ്പില്‍ സൗദിയും ഇറാഖും ഇന്തോനേഷ്യയും മത്സരിക്കും.

ഗ്രൂപ്പ് എ -യു.എ.ഇ

രണ്ടാം ലോകകപ്പിനാണ് ഫിഫ റാങ്കിങ്ങില്‍ 67ഉം ഏഷ്യന്‍ റാങ്കിങ്ങില്‍ 10ാം സ്ഥാനത്തുമുള്ള യു.എ.ഇ കോപ്പു കൂട്ടുന്നത്. ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത് 1990 (ഇറ്റാലി) ആയിരുന്നു. 2022 ലോകകപ്പ് യോഗ്യതയില്‍ പ്ലേ ഓഫിൽ നിര്‍ഭാഗ്യം കൊണ്ടാണ് പുറത്തായത്. ഇത്തവണ എന്തു വില കൊടുത്തും കടന്നു കൂടാന്‍ തന്നെയാണ് തീരുമാനം. മുന്‍ പരിശീലകനെ മാറ്റി കോസ്മിന്‍ ഒലറോയ്‌യുടെ നേതൃത്വത്തിലാണ് ദി വൈറ്റ് ടീം മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഖാലിദ് ഈസ, മെലോണി, ഖാലിദ് ഇബ്രാഹിം, ഉഗ്രന്‍ ഫോമിലുള്ള യഹ്‌യ അല്‍ ഗസ്സാനി, എന്‍. യഹ്‌യ, അല്‍ഹമ്മാദി, റാഷിദ്, എട്ടു ഗോളടിച്ച് രണ്ടാമത് നില്‍ക്കുന്ന ഫാബിയോ ലിമ, ഹാരിബ് അബ്ദുല്ല, ബ്രൂണോ എന്നിവരിലാണ് പ്രതീക്ഷ. ഒക്ടോബര്‍ 11ന് ഒമാനുമായും 14ന് ആതിഥേയരായ ഖത്തറിനെതിരെയുമാണ് മത്സരം. മൂന്നാം റൗണ്ടില്‍ ഖത്തറിനെ (5-0)നും (1-3)നും തകര്‍ത്തിരുന്നു. ഒമാനോട് സമനില പാലിച്ചു. നിലവിലെ പ്രകടനമനുസരിച്ച് യു.എ.ഇ യോഗ്യത നേടാനുള്ള സാധ്യത കൂടുതലാണ്. പുതിയ കോച്ചിന്റെ കീഴില്‍ ടീമിന്റെ കടുത്ത പരിശീലനം പുരോഗമിച്ചു വരികയാണ്. ദുബൈയില്‍ നടന്ന സന്നാഹ മത്സരത്തില്‍ സിറിയയേയും (3-1) ബഹ്‌റൈനേയും (1-0) തകര്‍ത്തുവിട്ട ആത്മ വിശ്വാസത്തിലാണ് വെള്ളപ്പട്ടാളം ഖത്തറിലെത്തുന്നത്.

ഖത്തര്‍

ഖത്തറും രണ്ടാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. സ്വന്തം നാട്ടുകാരുടെ പിന്തുണയിലും സ്പാനിഷ് കോച്ച് ജൂലന്‍ ലോപ്‌ടെഗിയുടെ മികവിലുമാണ് 'മറൂണ്‍സ്' കളത്തിലെത്തുന്നത്. ഹസന്‍ അല്‍ഹൈദൂസും ഗോളടി വീരന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന അല്‍മോസ് അലിയും അക്രം അഫീഫുമാണ് മുന്നേറ്റ നിര നിയന്ത്രിക്കുന്നത്. ഹൈദൂസും അല്‍മോസ് അലിയും പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രതിരോധനിരയാണ് ഖത്തറിന്റെ പോരായ്മ. മൂന്നാം റൗണ്ടില്‍ ലോകകപ്പ് പ്രവേശനം ഉറപ്പാക്കിയ ഇറാനേയും ഉസ്‌ബെക്കിസ്ഥാനേയും ആദ്യമത്സരത്തില്‍ ഖത്തര്‍ തോല്‍പിച്ചെങ്കിലും യു.എ.ഇക്ക് പിന്നില്‍ നാലാമതായതോടെയാണ് നാലാം റൗണ്ടില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പില്‍ ആതിഥേയരെന്ന നിലയാണ് അവസരം ലഭിച്ചത്. എന്നാല്‍ ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കരുത്തു തെളിയിച്ചുതന്നെ യോഗ്യത നേടുകയാണ് ലക്ഷ്യം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 53ാമതാണ് ഖത്തര്‍. എ.എഫ്.സിയില്‍ ആറാം സ്ഥാനത്തും. ഒക്ടോബര്‍ എട്ടിന് ഒമാനും 14ന് യു.എ.ഇ.യുമാണ് എതിരാളികള്‍. മുന്‍ സ്‌പെയിന്‍ താരം ജൂലന്‍ ലോപെടെഗ്ഗിയാണ് കോച്ച്. നാട്ടില്‍ നടന്ന സന്നാഹ മത്സരത്തില്‍ റഷ്യയോടും (4-1) ലബനനോടും (1-0) പരാജയപ്പെട്ടു. ബഹ്‌റൈനുമായി സമനില നേടി.

സാധ്യതാ ടീം -മിഷാല്‍ ബെര്‍ഷാം, സലാഹ് സക്കരിയ്യ, മഹമ്മൂദ്, അഹമ്മദ് ഫാത്തി, അഹമ്മദ് സുഹൈല്‍, അല്‍റാവി, എഡ്മില്‍സന്‍ ജൂനിയര്‍, അക്രം അഫീഫ്, ജാസിം ജാബിര്‍, ഹൈദൂസ്, അല്‍മോസ് അലി, പെഡ്രോ മിഗ്വേല്‍, ബൗലേം ഖൗഖി, അഹമദ് അഅ്‌ലാ, ഇസ്മായീല്‍ മുഹമ്മദ്, സുല്‍ത്താന്‍ അല്‍ബ്രയ്ക്, മുഹമ്മദ് മുന്‍ദരി.

ഒമാന്‍ (ഗള്‍ഫ് സാംബ ടീം)

ആദ്യ ലോകകപ്പ് പ്രവേശനത്തിനായി അരയും തലയും മുറുക്കി പോര്‍ചുഗലിന്റെ കാര്‍ലോസ് ക്വിറോസിന്റെ നേതൃത്വത്തില്‍ കഠിന പരിശീലനത്തിലാണ് ഒമാന്‍ ദേശീയ ടീം. മൂന്നാം റൗണ്ടില്‍ നിന്നും നാലാം സ്ഥാനക്കാരായാണ് അവസാന റൗണ്ടിനെത്തുന്നത്. ഈ ഗ്രൂപ്പില്‍ നിന്നും ദക്ഷിണ കൊറിയയും ജോര്‍ദാനും യോഗ്യത നേടിയപ്പോള്‍ ഒമാനൊപ്പം ഇറാഖാണ് അടുത്ത റൗണ്ടിലേക്ക് കയറിയത്. ഒക്ടോബര്‍ എട്ടിന് ഖത്തറിനേയും 11ന് യു.എ.ഇയേയും എതിരിടും. ലോക റാങ്കിങ്ങില്‍ 79ഉം ഏഷ്യയില്‍ ഒമ്പതാം സ്ഥാനത്തുമാണ്. 2004ൽ അമ്പതാമത് എത്തിയതാണ് റാങ്കിങ്ങിൽ ഒമാന്റെ മികച്ച നേട്ടം. മിഡ്ഫീല്‍ഡര്‍ ജമീല്‍ സലീം, മുഹ്‌സിന്‍ ഗസാനി, അബ്ദുല്‍ റഹ്മാന്‍ അല്‍മുഷൈരിഫി, ഇസ്സാം അല്‍ സബ്ഹി, അബ്ദുല്ല ഫവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. ഖത്തര്‍, ഇറാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെ പരിശീലിപ്പിച്ച കാര്‍ലോസ് ക്വിറോസില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഗള്‍ഫ് സാംബ ടീം തുര്‍ക്കിയില്‍ കഠിന പരിശീലനത്തിലാണ്. അവസാനമായി അറേബ്യന്‍കപ്പില്‍ ഖത്തറിനെ നേരിട്ടപ്പോള്‍ ഒമാനായിരുന്നു വിജയം.

ഗ്രൂപ്പ് ബി -സൗദി അറേബ്യ

ഏഴാം തവണ ലോകകപ്പ് യോഗ്യതക്കായി മത്സരിക്കുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. ഇന്തോനേഷ്യയും ഇറാഖുമാണ് ഗ്രൂപ്പിലെ എതിരാളികള്‍. മുന്നാം റൗണ്ട് സി ഗ്രൂപ്പില്‍ നിന്നാണ് സൗദി അറേബ്യ നാലാം റൗണ്ടിനെത്തുന്നത്. ജപ്പാനും ആസ്‌ട്രേലിയയും യോഗ്യത നേടിയപ്പോൾ ചൈനയും ബഹ്‌റൈനും പുറത്തായി. സൗദി അറേബ്യ, ഇറാന്‍, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങൾ ഏഷ്യയിൽനിന്ന് പതിവായി യോഗ്യത നേടുന്ന ടീമുകളാണ്. എന്നാല്‍ ഇത്തവണ സൗദി ആദ്യ റൗണ്ടില്‍ തന്നെ പതറി. ജപ്പാനോടും (2-0) ആസ്ട്രേലിയയോടും (2-1) ഇന്തോനേഷ്യയോടും (2-0) തോറ്റു. ബഹ്‌റൈനോട് സമനില വഴങ്ങി.

മൂന്നാം റൗണ്ടില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും വൈകിപ്പോയി. ഇനി നേരിടാനുള്ളത് ഒരു തവണ തങ്ങളെ പരാജയപ്പെടുത്തുകയും സമനിലയില്‍ കുരുക്കുകയും ചെയ്ത ഇന്തോനേഷ്യയെയാണ്. ഇറാഖാണ് രണ്ടാമത്തെ ടീം.

സൗദിക്ക് യോഗ്യത നേടല്‍ ഇനി അഭിമാന പോരാട്ടമാണ്. 2022ല്‍ പരീശീലിപ്പിച്ച ഫ്രഞ്ച് കോച്ച് ഹൈര്‍വി റിനാഡിനെ നിലനിര്‍ത്തിയിട്ടുണ്ട്. ലോകകപ്പില്‍ സൗദിയുടെ മികച്ച പ്രകടനം 1994 ലായിരുന്നു. അര്‍ജന്റീന കോച്ച് ജോര്‍ജ് സോളാരിയുടെ നേതൃത്വത്തില്‍ ശക്തരായ ബെല്‍ജിയത്തേയും മൊറോക്കോയെയും തോല്‍പിച്ച് പ്രീക്വാര്‍ട്ടറിലെത്തിയതാണ് മികച്ച നേട്ടം. പ്രീക്വാര്‍ട്ടറില്‍ അന്നത്തെ മൂന്നാം സ്ഥാനക്കാരായ സ്വീഡനോടാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ വിജയ ഗോള്‍ നേടിയ സലീം അല്‍ദൗസരി, സമനില ഗോള്‍ നേടിയ സാലിഹ് അല്‍ഷെഹ്‌രി തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. യോഗ്യതാ മത്സരത്തില്‍ സാലിഹ് നാലു ഗോളടിച്ചിട്ടുണ്ട്. 4-3-3 തന്ത്രത്തിലാവും 59-ാം റാങ്കിലുള്ള സൗദി പരീക്ഷിക്കുക.

സൗഹൃദ മത്സരത്തില്‍ മാസിഡോണിയയെ തോല്‍പിച്ചു. കരുത്തരായ ചെക്ക് റിപ്പബ്ലിക്കുമായി സമനില പാലിച്ചു.

ഇന്തോനേഷ്യ

പ്രഥമ ലോകകപ്പില്‍ കണ്ണും നട്ടിരിക്കുന്ന ഗരുഡ എന്ന് വിളിപ്പേരുള്ള ഇന്തോനേഷ്യയെ പരിശീലിപ്പിക്കുന്നത് നെതര്‍ലൻഡ്സ് മുന്‍ ലോകകപ്പ് താരം പാട്രിക് ക്ലൈവര്‍ട്ടാണ്. കൂടാതെ ഫുട്‌ബാള്‍ ഇതിഹാസം യോഹാന്‍ ക്രൈഫിന്റെ മകന്‍ ജോര്‍ഡി ക്രൈഫ് ഉള്‍പടെ 12 കോച്ചിങ് ജീവനക്കാരും ടീമിലെ കൂടുതല്‍ താരങ്ങളും നെതര്‍ലൻഡ്സുമായി രക്ത ബന്ധമുള്ളവരാണ്. ഈ ആത്മ വിശ്വാസത്തിലാണ് 283 കോടി ജനങ്ങളുടെ ടീം സൗദിയേയും ഇറാഖിനേയും നേരിടുന്നത്. സൗദിക്കെതിരെ മൂന്നാം റൗണ്ടില്‍ ഒരു മത്സരത്തില്‍ വിജയിക്കുകയും ഒന്നില്‍ സമനിലയിൽ പിരിയുകയും ചെയ്തു.

ഇറാഖിന്റെ തന്ത്രങ്ങളെ മാത്രമാണ് ടീമിന് ആശങ്ക. സാന്‍ഡി വാല്‍ഷ്, ജെ ഇഡ്‌സെസ്, കാല്‍വിന്‍ വെര്‍ഡോംഗ്, കെവിന്‍ ബക്കാര്‍ബസി, മീസ് വിക്ടര്‍, നതാന്‍ നോയല്‍ റോമേജോ, ജോ മതിജസ്, എലിയാനോ ജോഹാനസ്, റോമ്‌നി, സ്റ്റെഫാനോ ജാന്റ്‌ജെ, മുഹമ്മദ് റമദാന്‍, റാഗ്നര്‍ അന്റോണിയസ് എന്നിവർ ടീമിലെ പ്രധാനികളാണ്. 2018ല്‍ ഫിഫയുടെ നിരോധനം വന്നതിനാല്‍ കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയയോട് തകര്‍ന്നെങ്കിലും ബഹ്‌റൈനേയും ചൈനയെയും സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തറപറ്റിച്ച് തിരിച്ചു വന്നു. സന്നാഹ മത്സരത്തില്‍ ചൈനീസ് തായ്‌പേയ് ടീമിനെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു. ലെബനനെ സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ ഇന്തോനേഷ്യ അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത തള്ളാനാവില്ല.

ഇറാഖ്

വെടിയൊച്ചകള്‍ കെട്ടടങ്ങിയ ശേഷം പോരാട്ട വീര്യത്തോടെ രണ്ടാം ലോകകപ്പിനാണ് മെസോപൊട്ടോമിയന്‍ സിംഹങ്ങളായ ഇറാഖിന്റെ പരിശ്രമം. 1986ല്‍ മെക്‌സിക്കോയിലാണ് ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അന്ന് ബെല്‍ജിയത്തിനെതിരെ നേടിയ ഏക ഗോള്‍ മാത്രമാണ് സമ്പാദ്യം. ഒരു തവണ ഏഷ്യന്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ഗെയിംസ് കിരീടവും നേടിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫ് കപ്പിലും ഫിഫാ അറബ് കപ്പിലും നാലു തവണ ജേതാക്കളാണ്. ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനാണ് ക്യാപ്റ്റന്‍. എട്ടു ഗോളടിച്ച അയ്മന്‍ ഹുസൈന്‍ ആണ് ടീമിന്റെ കരുത്ത്.

അമര്‍ മുഹ്‌സിന്‍, മുന്‍ദദിര്‍ മാജിദ്, കെവിന്‍ യാഖൂബ്, സയീദ് തഹസീന്‍, ഫ്രാന്‍സ് പുട്രോസ്, റബിന്‍ സുലാക്ക, മെര്‍ക്കാസ് ദോസ്‌കി ആമിര്‍ അല്‍ അമ്മാരി എന്നിവര്‍ വിദേശ താരങ്ങളാണ്. ഇടക്കിടെ പരിശീലകരെ മാറ്റുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. സദ്ദാം ഹുസൈനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി 18 വര്‍ഷത്തിനിടെ 25 കോച്ചുമാരെയാണ് മാറ്റിയത്. ഒരു തവണ ബ്രസീല്‍ താരം സീക്കോക്കും അവസരം ലഭിച്ചിരുന്നു. നാട്ടുകാരനായ അബ്ദുല്‍ ഖനി ഷഹദിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തിയിട്ടും മാറ്റി. ആസ്‌ട്രേലിയയുടെ ഗ്രഹാം ആര്‍നോള്‍ഡ് ആണ് നിലവിലെ കോച്ച്. ഫിഫാ റാങ്കിങ്ങില്‍ 58ാം സ്ഥാനത്താണ്. 11ന് ഇന്തോനേഷ്യയും 14ന് സൗദിയുമാണ് എതിരാളികള്‍. അവസാനമായി കഴിഞ്ഞ അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സൗദിയോട് (1-3) പരാജയപ്പെട്ടിരുന്നു. ഈഗ്രൂപ്പില്‍ നിന്നും യോഗ്യത നേടിയ ജോര്‍ദാനും കൊറിയക്കും പിന്നില്‍ മൂന്നാം സ്ഥാനം നേടിയാണ് നാലാം റൗണ്ടിനെത്തുന്നത്. പരിശീലന മത്സരത്തില്‍ ഹോങ്കോങ്ങ്, തായ്‌ലാന്റ് ടീമുകളെ തോല്‍പിച്ചാണ് ജിദ്ദയില്‍ അങ്കത്തിനിങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAsaudi football team2026 world cup2026 World Cup Qualifiers
News Summary - 2026 World Cup Asian Qualifiers: Who will be the two teams?
Next Story