
ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലിന് സമനില, അർജന്റീനക്ക് ജയം
text_fieldsലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ നിർണായകമായ സമനില (1-1) സ്വന്തമാക്കി ഇക്വഡോർ. മത്സരം തുടങ്ങി അഞ്ച് മിനിറ്റുകൾക്കകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയിലൂടെ ബ്രസീലായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ, 75-ആം മിനിറ്റിൽ ഇക്വഡോറിന് വേണ്ടി ടോറസ് ഗോൾ മടക്കുകയായിരുന്നു.
30 മിനിറ്റിനിടെ നാല് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ നിരവധി തവണ റെഡ് കാർഡുകൾ ഉയർത്തുകയും 'വാർ' വിലയിരുത്തലിൽ അത് അസാധുവാക്കുകയും ചെയ്ത കൊളംബിയൻ റഫറി വിൽമർ റോൾഡൻ ശ്രദ്ധാകേന്ദ്രമായി. ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബെക്കർ രണ്ടുതവണ റെഡ് കാർഡ് കണ്ടെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) അത് റദ്ദാക്കുകയായിരുന്നു.
ഖത്തർ ലോകകപ്പിന് നേരത്തെ തന്നെ യോഗ്യത നേടിയ ബ്രസീലിന് ഈ മത്സരഫലം നിർണായകമല്ല. എന്നാൽ ഇക്വഡോറിനെ സംബന്ധിച്ചടുത്തോളം വിലപ്പെട്ട ഒരു പോയിന്റാണ് സമനിലയിലൂടെ ലഭിച്ചത്. ഇതോടെ ഇക്വഡോറിന് 15 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. ഒരു കളി മാത്രം ബാക്കിയുള്ള പെറു, കൊളംബിയ എന്നിവരെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് ഇക്വഡോർ.
അതേസമയം, ചിലിക്കെതിരെ അർജന്റീന വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു. അർജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ലവ്‌താരോ മർട്ടിനെസ്, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. കോവിഡ് ബാധിതനായ പരിശീലകൻ ലയണല്‍ സ്‌കലോണി, ലയണൽ മെസി എന്നിവരുടെ അഭാവത്തിലായിരുന്നു അർജന്റീന ഇന്ന് കളിക്കാനിറങ്ങിയത്.