12ാമനായി ഐ ലീഗിലെ ഒന്നാമൻ
text_fieldsടീം: പഞ്ചാബ് എഫ് സി
ഐ ലീഗിലെ അവിസ്മരണീയ നേട്ടങ്ങൾക്കും പ്രകടനങ്ങൾക്കും ശേഷം ഇന്ത്യൻ കാൽപന്തുകളിയുടെ സൂപ്പർ പോരാട്ട രാവിലേക്ക് ടിക്കെറ്റെടുത്തിരിക്കയാണ് പഞ്ചാബ് എഫ് സി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗോദയിലേക്കാണ് പവറാകാൻ പന്ത്രണ്ടാമനായി പഞ്ചാബെത്തുന്നത്. ഐ ലീഗിൽനിന്ന് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ആദ്യ ടീമെന്ന ഖ്യാതിയും പഞ്ചാബിനൊപ്പമുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബെന്ന പേരിൽ ഐ ലീഗിൽ മാറ്റുരച്ച ടീം ഐ.എസ്.എല്ലിലെത്തുന്നത് പഞ്ചാബ് എഫ്.സി എന്ന പേരിലാണ്.
2022-2023 ഐ ലീഗ് ചാമ്പ്യന്മാരായതും ഐ.എസ്.എൽ യോഗ്യത ലൈസൻസുകളിലൊന്നായ ഐ.സി.എൽസി പ്രീമിയർ 1 ലൈസൻസ് നേടിയുമാണ് പഞ്ചാബിനെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിച്ചത്. 2005 മുതൽ മിനർവാ പഞ്ചാബായി വളർന്നു വന്ന ടീം 2017-18 സീസണിൽ ഐ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീട് 2020ൽ സ്പോൺസർ മാറിയതിനെ തുടർന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബായി നാമമാറ്റം ചെയ്തു. 2022-2023 ഐ ലീഗ് ചാമ്പ്യൻ പട്ടവും അതേവർഷം തന്നെ പഞ്ചാബ് സൂപ്പർ ലീഗ് കിരീടവും നേടിയാണ് പഞ്ചാബിന്റെ വരവ്. ഐ ലീഗ് 2022-23 സീസണിൽ മികച്ച പ്രകടനമാണ് പഞ്ചാബ് എഫ്സി പുറത്തെടുത്തത്. സീസണിലുടനീളം മേധാവിത്വം പുലർത്തിയ പഞ്ചാബ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഈ നേട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് നിലവിലെ കോച്ച് ഗ്രീക്കുകാരനായ സ്റ്റെകോസ് വെർഗിറ്റിസിന്റെ കടന്നുവരവാണ്.
കരിയറിൽ നേട്ടങ്ങൾകൊണ്ട് മികവ് കാണിച്ച സ്റ്റെകോസിന്റെ തന്ത്രങ്ങളും സമർപ്പണ മനോഭാവത്തോടെയുള്ള കളിക്കാരുടെ പ്രകടനങ്ങളും ഒത്തൊരുമയും ടീമിന്റെ കരുത്താണ്. പഴയ താരങ്ങൾക്കൊപ്പം പുതിയ സൈനിങ്ങുകൾ നടത്തിയാണ് ഐ.എസ്.എല്ലിലിറങ്ങുന്നത്. മിഡ്ഫീൽഡർ സ്വീഡൻ ഫെർണാണ്ടസ്, ഡിഫൻഡർമാരായ സുരേഷ് മെയ്തൈ, മലയാളികളായ ഡിഫൻഡർ മഷൂർ ശരീഫ്, ഗോൾ കീപ്പർ ഷിബിൻരാജ് കുനിയിൽ എന്നിവരെയാണ് ഐ.എസ്.എല്ലിനായി പഞ്ചാബ് അവസാനമായി സൈൻ ചെയ്തത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് പഞ്ചാബിന്റെ ഹോം ഗ്രൗണ്ട്. സെപ്റ്റംബർ 23 ശനിയാഴ്ച മോഹൻ ബഗാനുമായാണ് കൊൽക്കത്തയിൽവെച്ചാണ് പഞ്ചാബിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരം.
കുന്തമുന; മജീഷ്യൻ മജ്സെൻ
സ്ലൊവേനിയൻ പ്രഫഷനൽ ഫുട്ബാളറായ ലൂക്കാ മജ്സെൻതന്നെയാണ് പഞ്ചാബ് എഫ്.സിയുടെ കുന്തമുന. നിരവധി ലീഗുകളിലും അന്തർദേശീയ തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബിന്റെ ക്യാപ്റ്റനും സ്ട്രൈക്കറുമായ ലൂക്കാ ഗോളടിച്ചു കൂട്ടുന്നതിൽ പിശുക്ക് കാണിക്കാത്തയാളാണ്. എതിരാളികളെ അനായാസം ട്രിബ്ൾ ചെയ്ത് മുന്നേറി സ്കോർ ചെയ്യുക എന്നതാണ് ലൂക്കയുടെ ശൈലി. 2008ലാണ് ലൂക്ക തന്റെ പ്രഫഷനൽ കരിയർ ആരംഭിച്ചത്. അക്കാലയളവിൽ അന്തർ ദേശീയ ക്ലബുകളിൽ പന്തുതട്ടിയ ലൂക്ക നിരവധി കിരീട നേട്ടങ്ങൾക്ക് നിർണായകമായിട്ടുണ്ട്. 2020-21 സീസണിലാണ് ലൂക്ക ആദ്യമായി ഇന്ത്യയിലെത്തുന്നത്.
ചർച്ചിൽ ബ്രദേസിൽ തുടങ്ങിയ ഇന്ത്യൻ കരിയർ ലൂക്കക്ക് നൽകിയത് മികച്ച തുടക്കം തന്നെയായിരുന്നു. 15 കളികളിൽനിന്ന് 11 ഗോളുകളാണ് ആ സീസണിൽ ചർച്ചിലിനായി അദ്ദേഹം അടിച്ചു കൂട്ടിയത്. പിന്നീട് ഐ ലീഗ് രണ്ടാം ഡിവിഷനിൽ ബാംഗ്ലൂർ യുനൈറ്റഡിനായി ബൂട്ടുകെട്ടിയ ലൂക്ക ബാംഗ്ലൂർ സൂപ്പർ ഡിവിഷനിലെ ടോപ് സ്കോററും ടീമിന്റെ കിരീടധാരണയിലെ പ്രധാന ഘടകവുമായി മാറി. 2022 ജനുവരിയിൽ ഗോകുലം എഫ്.സിയിലേക്ക് ചേക്കേറിയ ലൂക്ക 13 ഗോളുകളുമായി അവിടെയും മികച്ചുനിന്നു. ആ സീസണിൽ ഗോകുലത്തിന്റെ ചരിത്രരചനക്ക് ലൂക്കയും അഹോരാത്രം ശ്രമിച്ചു. 15 വർഷത്തിന് ശേഷം ഐ ലീഗ് കിരീടം നിലനിർത്തിയ ഗോകുലത്തിന്റെ വിജയത്തിന് ശേഷമാണ് 2022 സെപ്റ്റംബറിൽ പഞ്ചാബിലേക്ക് കൂടുമാറുന്നത്.
ആ സീസണും ലൂക്കക്ക് വിശ്രമമില്ലായിരുന്നു. 2022-23 സീസണിലെ ടോപ് സ്കോററായും മികച്ച പ്ലെയറായും മാറിയ ലൂക്ക ടീമിനായി നൽകിയത് ഐ ലീഗ് കിരീടവും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ടിക്കറ്റുമാണ്. കഴിഞ്ഞ മൂന്നുവർഷത്തോളമായി ഇന്ത്യൻ കാലാവസ്ഥയിൽ പന്തുതട്ടുന്ന ലൂക്കക്ക് ഇവിടത്തെ മണ്ണിന്റെ ചൂടും കളിയുടെ ചൂരും പരിചയമാണ്. ഇത്തവണ ഐ.എസ്.എലിലേക്കുള്ള ആദ്യചുവടുവെപ്പായതിനാൽതന്നെ ഈ സീസൺ നിർണായകമാണ്. അതിനായി അദ്ദേഹം തന്റെ മികച്ചതെല്ലാം പുറത്തെടുക്കുമെന്നാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ.
ആശാൻ
ഗ്രീ ക്കുകാരനായ സ്റ്റെക്കോസ് വെർഗിറ്റിസ് 2022ലാണ് പഞ്ചാബ് ടീമിന്റെ ചുമതലയേൽക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ സ്റ്റെക്കോസിന്റെ ചിറകിൽ പഞ്ചാബ് എഫ്.സി ഐ ലീഗ് കിരീടം സ്വന്തമാക്കി. ഈ നേട്ടം തന്നെ ധാരാളമായിരുന്നു അദ്ദേഹത്തിലുള്ള ടീമിന്റെ വിശ്വാസ്യത. സ്പോർട്സ് മാനേജ്മെന്റിൽ ബിരുദം നേടിയ സ്റ്റെക്കോസ് കളിതന്ത്രങ്ങൾ മെനയുന്നതിൽ കൗശലക്കാരനാണ്. മികച്ച അനുഭവ സമ്പത്തുള്ള അദ്ദേഹം 2013 മുതൽ പരിശീലന കുപ്പായത്തിലുണ്ട്. ഫുട്ബാളിനെക്കുറിച്ചുള്ള വിപുലമായ അറിവും അച്ചടക്കത്തോടെ ടീമിനെ ഒരുക്കാനുള്ള കഴിവും സ്റ്റെക്കോസിന്റെ പരിശീലന മികവിനെ എടുത്തുകാണിക്കുന്നതാണ്. കളിക്കാരെ ഏകീകരിപ്പിച്ച് സമന്വയത്തോടെ ഗ്രൗണ്ടിലിറക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്. അതിന് മികച്ച ഉദാഹരണമായിരുന്നു ഐലീഗിലെ പഞ്ചാബിന്റെ അവസാന സീസൺ. ക്ലബുകളിലും അന്താരാഷ്ട്ര തലത്തിലും നിരവധി നേട്ടങ്ങൾ സ്റ്റെക്കോസിന്റെ പരിശീലന മികവിൽ ടീമുകൾ നേടിയിട്ടുണ്ട്. യുവ താരങ്ങളെ ഉയർത്തിക്കൊണ്ട് വന്ന് മികച്ച ലൈനപ്പ് നിർമിക്കുന്നതിലും സ്റ്റെക്കോസ് മികവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

