പ്രഥമ ദേശീയ ജംപ്സ് ചാമ്പ്യൻഷിപ്: സ്വർണത്തിളക്കത്തിൽ മലയാളം
text_fieldsതിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഒാപൺ ജംപ്സ് മീറ്റിൽ പുരുഷ വിഭാഗം ലോങ്ജംപിൽ സ്വർണം നേടുന്ന കേരളത്തിെൻറ എം. ശ്രീശങ്കർ ചിത്രം-പി.ബി. ബിജു
തിരുവനന്തപുരം: ദേശീയ ഗെയിംസിനുശേഷം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച പ്രഥമ ദേശീയ ജംപ്സ് ചാമ്പ്യൻഷിപ്പിൽ മലയാളികൾക്ക് നാല് സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളോടെ മികച്ച നേട്ടം. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ട്രിപിള്‍ ജംപ്, ലോങ്ജംപ്, ഹൈജംപ്, പോൾവാള്‍ട്ട് എന്നീ മത്സര ഇനങ്ങളിലാണ് രാജ്യത്തെ 75 ഓളം പ്രധാന താരങ്ങള്‍ മാറ്റുരച്ചത്.
മുഹമ്മദ് അനീസ് യഹിയ, പുരുഷ വിഭാഗം, ലോഗ് ജംപ് വെള്ളി
പുരുഷന്മാരുടെ ലോങ്ജംപിൽ കേരള താരങ്ങൾ തമ്മിലുള്ള മിന്നും പോരാട്ടത്തിലാണ് ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിച്ചത്.
എൽദോസ് പോൾ, പുരുഷ വിഭാഗം, ട്രിപ്പിൾ ജംപ് സ്വർണം
ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ 8.17 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കിയപ്പോൾ മുഹമ്മദ് അനീസ് യഹയ 8.15 മീറ്റര്‍ തൊട്ട് വെള്ളി മെഡൽ ഉറപ്പിച്ചു. ഇരുവരും ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസിനും മത്സരിക്കാൻ യോഗ്യത നേടി. ഈ ഇനത്തില്‍ ഉത്തര്‍പ്രദേശിന്‍റെ യുജന്ത് ശേഖര്‍ സിങ്ങിനാണ് വെങ്കലം. പുരുഷവിഭാഗം ട്രിപില്‍ ജംപിൽ എല്‍ദോസ് പോള്‍ 16.93 മീറ്റര്‍ മറികടന്ന് സ്വര്‍ണവും യു. കാര്‍ത്തിക് 16.87 ചാടി വെള്ളിയും അബ്ദുല്ല അബൂബക്കര്‍ 16.81 മീറ്റര്‍ മറികടന്ന് വെങ്കലവും കേരളത്തിന് സമ്മാനിച്ചു.
ആന്‍സി സോജൻ, വനിത വിഭാഗം, ലോങ്ജംപ് സ്വർണം
ദേശീയ ക്യാമ്പിലേക്ക് എത്തിയ ആന്‍സി സോജന്‍റെ മിന്നുംപ്രകടനമാണ് ലോങ്ജംപിൽ കണ്ടത്. തന്‍റെ ജന്മദിനത്തിൽ 6.51 മീറ്റര്‍ ചാടിയാണ് ആന്‍സി സ്വർണത്തിന് അവകാശിയായത്. നയന ജെയിംസിനാണ് ഈ ഇനത്തില്‍ വെള്ളി. 6.35 മീറ്ററാണ് നയന ചാടിയത്. വനിതകളുടെ ട്രിപിൾ ജംപിലും കേരളത്തിന്‍റെ സര്‍വാധിപത്യം കണ്ടു. 12.68 മീറ്റര്‍ ചാടി അലീന ജോസ് സ്വര്‍ണം നേടിയപ്പോള്‍ 12.47 മീറ്റർ ചാടി വി. ഷീന, 12.43 മീറ്റർ ചാടിയ മീരാ ഷിബു എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.
അലീന ജോസ്, വനിത വിഭാഗം, ട്രിപ്പിൾ ജംപ് സ്വർണം
പോള്‍വാള്‍ട്ടില്‍ 3.7 മീറ്റര്‍ മറികടന്ന് ദിവ്യാ മോഹന്‍ വെങ്കലത്തിന് അവകാശിയായി. വനിതകളുടെ ഹൈജംപിൽ 1.74 മീറ്റർ ഉയരം ചാടിയ ഏഞ്ചല്‍ പി. ദേവസ്യ കേരളത്തിനായി വെങ്കലനേട്ടത്തിന് അർഹമായി. എട്ട് ഇനങ്ങളിൽ നടന്ന വിഭാഗങ്ങളിലായി നാല് സ്വർണം ഉൾപ്പെടെ 13 മെഡൽ കേരളം നേടി.