1965ന് ശേഷം ആദ്യം; പാകിസ്താനെ തേടിയെത്തി മറ്റൊരു നാണക്കേട്
text_fieldsറാവൽപിണ്ടി: ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താനെ തേടിയെത്തി മറ്റൊരു നാണക്കേട്. ടെസ്റ്റ് റാങ്കിങ്ങിൽ 1965ന് ശേഷം ഏറ്റവും കുറഞ്ഞ റേറ്റിങ് പോയന്റോടെ എട്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് പാകിസ്താൻ. ആറാം സ്ഥാനത്തുനിന്നാണ് എട്ടിലേക്കുള്ള വീഴ്ച. ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും പാകിസ്താൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിനും രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനുമായിരുന്നു പരാജയം.
പാകിസ്താന് 13 റേറ്റിങ് പോയന്റ് പിന്നിൽ ഒമ്പതാമതാണ് ബംഗ്ലാദേശ്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ഇന്ത്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവക്ക് പിറകിൽ നാലാം സ്ഥാനത്ത് അവർ ഇടംപിടിച്ചിട്ടുണ്ട്. ഇനി ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശിന് മുമ്പിലുള്ളത്. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്.

