ഒടുവിൽ ദേശീയ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം
text_fieldsതിരുവനന്തപുരം: ഉത്തരാഖണ്ഡിൽ നടന്ന 38ാം ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ കായികതാരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യക്തിഗത സ്വർണത്തിന് അഞ്ചുലക്ഷവും ടീം ഇനത്തിന് രണ്ടുലക്ഷവും വ്യക്തിഗത വെള്ളി മെഡലിന് മൂന്നുലക്ഷവും ടീം ഇനത്തിന് 1.5 ലക്ഷവും വെങ്കലത്തിന് രണ്ടു ലക്ഷവും ടീം ഇനത്തിന് ഒരു ലക്ഷവുമാണ് നൽകുക.
ഇതിന് 3.53 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും സൗകര്യം നോക്കി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ തുക കൈമാറുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം താരങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യത്തോട് സർക്കാറും കായിക വകുപ്പും മൗനംതുടരുകയാണ്.
ദേശീയ ഗെയിംസിൽ 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 54 മെഡലാണ് കേരളം നേടിയത്. ഫെബ്രുവരി 14ന് അവസാനിച്ച ഗെയിംസിൽ മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് ലക്ഷങ്ങൾ പാരിതോഷികവും ജോലിയും വാഗ്ദാനംചെയ്തിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയത്തിലായിരുന്നു.
ഗെയിംസിന്റെ സമാപനവേദിയിൽ തന്നെ ഉത്തരാഖണ്ഡ് സർക്കാർ അവരുടെ സ്വർണ മെഡൽ ജേതാക്കൾക്ക് 12 ലക്ഷവും വെള്ളിക്ക് എട്ട് ലക്ഷവും വെങ്കലത്തിന് അഞ്ചു ലക്ഷവും പ്രഖ്യാപിച്ചിരുന്നു. സർക്കാർ നിലപാടിനെതിരെ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കത്തിനുമേൽ കായികവകുപ്പ് നടപടി വേഗത്തിലാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.