2036-ൽ ഇന്ത്യ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുമോ? അന്തിമ തീരുമാനം 2029ൽ
text_fieldsമുംബൈ: ഇന്ത്യയുടെ 2036 ഒളിമ്പിക്സ് ആതിഥേയത്വ ശ്രമങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുന്നു. സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി പരിഷ്കരിച്ച ബിഡ്ഡിങ് പ്രക്രിയയ്ക്ക് രൂപം നൽകിയതായും, 2029 പകുതിയോടെ ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ബുധനാഴ്ച സ്ഥിരീകരിച്ചു.
ലോസാനിൽ നടന്ന ഐ.ഒ.സി.യുടെ 146-ാമത് സെഷനിലാണ് പ്രഖ്യാപനമുണ്ടായത്. ഭാവി ഒളിമ്പിക്സ് വേദികൾ തെരഞ്ഞെടുക്കുന്നതിനായുള്ള പുതിയ മൂന്ന് ഘട്ടങ്ങളുള്ള ചട്ടക്കൂട് 'ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷൻ' അധ്യക്ഷ കൊളിൻഡ ഗ്രാബർ കിറ്റാരോവിച്ച് പുറത്തുവിട്ടു. 2028-ലെ ഒളിമ്പിക്സിന് ലോസ് ആഞ്ചലസും 2032ലേതിന് ബ്രിസ്ബെയ്‌നും ഇതിനകം വേദികളായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതിനാൽ ഇനി പ്രതീക്ഷ 2036ലെ സമ്മർ ഒളിമ്പിക്സിലാണ്. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, 2027 മാർച്ച് മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമായി മാറുന്ന സ്ട്രാറ്റജിക് ഡയലോഗ് ഉൾപ്പെടുത്താൻ ഐ.ഒ.സി അംഗീകാരം നൽകി.
പരിഷ്കരിച്ച മാതൃക അനുസരിച്ച്, താൽപ്പര്യമുള്ള രാജ്യങ്ങളെ ആദ്യം 2027-ൽ 'സ്ട്രാറ്റജിക് ഡയലോഗ്' ഘട്ടത്തിനായി ഹ്രസ്വപട്ടികയിൽ ഉൾപ്പെടുത്തും. ഈ ഘട്ടത്തിൽ, താൽപര്യമുള്ള ആതിഥേയർ 'ഫ്യൂച്ചർ ഹോസ്റ്റ് ചോദ്യാവലി' പൂരിപ്പിച്ചു നൽകുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി സാമ്പത്തിക ഗ്യാരന്റികൾ നൽകുകയും വേണം. നഗരങ്ങൾ ചെലവ് നിയന്ത്രണ നടപടികൾ അവതരിപ്പിക്കണം. ഒപ്പം ഇൻഫ്രാസ്ട്രക്ചർ, പ്രോജക്ട് ഡെലിവറി എന്നിവക്കായി കൃത്യമായ സമയക്രമം നിശ്ചയിക്കുകയും വേണം.
2036-ൽ ഇന്ത്യ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുമോ?
2024ൽ ഒളിമ്പിക്സ് നടത്താനുള്ള തങ്ങളുടെ താൽപ്പര്യപത്രം സമർപ്പിച്ച ഇന്ത്യ, നിലവിൽ ഐ.ഒ.സിയുടെ 'കണ്ടിന്യൂവസ് ഡയലോഗ്' ഘട്ടത്തിലാണ്. അഹമ്മദാബാദിനെയാണ് ആതിഥേയ നഗരമായി നിർദേശിച്ചിരിക്കുന്നത്. ഹ്രസ്വപട്ടികയിൽ ഇടംപിടിക്കുന്ന സ്ഥാനാർഥികൾക്കായുള്ള അടുത്ത ഘട്ടമായ 'ടാർഗറ്റഡ് ഡയലോഗ്' 2028-ൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

