ഫിഫ അണ്ടർ 17 ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറക്കി
text_fieldsദോഹ: നവംബർ മൂന്നു മുതൽ ആസ്പയർ സോണിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുട്ബാൾ ആരാധകർക്കായി ഔദ്യോഗിക ഗാനം പുറത്തിറക്കി. നാളെയുടെ താരങ്ങൾ -എന്ന ഔദ്യോഗിക ഗാനം ഈജിപ്തിലെ നൂർ, നൈജീരിയയിലെ യാർദൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഭാവിയിലെ താരങ്ങളെ വളർത്തുന്ന കായിക മാമാങ്കത്തിന് ആവേശം ഒട്ടും ചോരാതെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
കൗമാര ലോകകപ്പിന് പന്തുരുളാൻ ഖത്തർ പൂർണമായി തയാറായി കഴിഞ്ഞു. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അർജന്റീനയടക്കമുള്ള ടീമുകൾ നേരത്തേ ദോഹയിലെത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഒരു ദിവസം എട്ടു മത്സരങ്ങളാണ് ആസ്പയർ സോണിലെ വിവിധ സ്റ്റേഡിയ
ങ്ങളിൽ നടക്കുന്നത്. നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.
യുവ കളിക്കാർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ അവസരം നൽകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ അതിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കുന്നതിന്റെ ഭാഗമായത് മികച്ച അനുഭവമായിരുന്നുവെന്ന് ഗാനം പുറത്തിറക്കിയ ശേഷം നൂർ പറഞ്ഞു.
ആവേശോജ്വലമായ ഗാനം യുവ കളിക്കാർക്കും ഫുട്ബാൾ ആരാധകർക്കും ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ലാഗോസിൽ വളർന്ന യാർദൻ, ആഫ്രിക്കയിലെ കലാകാരന്മാർക്കിടയിൽ അതിരുകളില്ലാത്ത -നിർഭയമായ സംഗീതത്തിന്റെ ആവേശകരമായ യുവശബ്ദങ്ങളിൽ ഒരാളാണ്. ഭാവിയിലെ ഇതിഹാസങ്ങൾ പിറവിയെടുക്കുന്ന വേദിയാണ് ഫിഫ അണ്ടർ 17 ലോകകപ്പ്.
ഈജിപ്തിൽ നിന്നുള്ള നൂറയുമായി ചേർന്ന് പ്രവർത്തിച്ചതിലൂടെ, ഫുട്ബാളിനെപ്പോലെ സംഗീതത്തിനും സംസ്കാരങ്ങളെ മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കാനും അടുത്ത തലമുറക്ക് പ്രചോദനം നൽകാനും കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്ന് യാർദൻ പങ്കുവെച്ചു.
ഭാഗ്യചിഹ്നമായി ബോമ
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായി ബോമ. മാസ്കോട്ടിന്റെ പേരിന് അറബിയിൽ മൂങ്ങ എന്നാണ് അർഥം. 1986 -2002 കാലയളവിൽ അഞ്ച് ലോകകപ്പുകളിൽ മെക്സികോ, കോസ്റ്റാറിക, യു.എസ്, നൈജീരിയ, ചൈന എന്നിവയെ നയിച്ച പരിശീലകനായിരുന്ന വെലിബോർ ‘ബോറ’ മിലുട്ടിനോവിച്ചിന് ആദരവുമായാണ് ബോമയെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്.
ഖത്തരി ഫുട്ബാളിന്റെ വികസനത്തിനുവേണ്ടി നിരവധി സംഭാവനകൾ നൽകിയ അദ്ദേഹം, 2004ൽ ഖത്തർ സ്റ്റാർസ് ലീഗിന്റെ അൽ സദ്ദ് എസ്.സിയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചു. അതേ വർഷം അമീർ കപ്പ് നേടിയത് അൽ സദ്ദ് എസ്.സി ആയിരുന്നു. 2009 ൽ ഗൾഫ് രാജ്യത്തേക്ക് താമസം മാറിയശേഷം ഖത്തർ ഫുട്ബാളിന്റെ ഉപദേഷ്ടാവുമായിരുന്നു അദ്ദേഹം. 2022ൽ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമത്തിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

