ഫിഫ അറബ് കപ്പ്; മൊറോക്കോക്കും ഖത്തറിനും ഒമാൻ സുൽത്താന്റെ പ്രശംസ
text_fieldsഫിഫ അറബ് കപ്പ് ചാമ്പ്യന്മാരായ മൊറോക്കോ ടീം
മസ്കത്ത്: 2025ലെ ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് നേടിയ മൊറോക്കോയെയും അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ് വിജയകരമായി സംഘടിപ്പിച്ചതിന് ഖത്തറിനെയും അഭിനന്ദിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.
മൊറോക്കോ ദേശീയ ഫുട്ബാൾ ടീമിന്റെ വീര്യവും മികവുമാർന്ന പ്രകടനം രാജ്യം കായികമേഖലയിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും വികസനവും പ്രതിഫലിപ്പിക്കുന്നതാണെന്ന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ അയച്ച അഭിനന്ദനസന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ് വിജയകരമായി സംഘടിപ്പിച്ചതിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദനസന്ദേശം അയച്ചു. അറബ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടനത്തിൽ ഖത്തർ കൈവരിച്ച മികവിനെ സുൽത്താൻ പ്രത്യേകം പ്രശംസിച്ചു.
വലിയ അന്താരാഷ്ട്ര കായികപരിപാടികൾ വിജയകരമായി ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തർ അമീറിന് തുടർവിജയം ആശംസിച്ച സുൽത്താൻ, എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.
കഴിഞ്ഞദിവസം ദോഹയിൽ നടന്ന ഫിഫ അറബ് കപ്പ് ഫൈനലിൽ ജോർഡനെ രണ്ടിനെതിരെ മൂന്നുഗോളിന് വീഴ്ത്തിയാണ് മൊറോക്കോ ചാമ്പ്യന്മാരായത്. ഫിഫലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ മുൻനിര ടൂർണമെന്റുകൾ ഖത്തർ വിജയകരമായി നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

