എഫ്.ഐ.എ മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ് സുഹാറിൽ; ജനുവരി 22 -24 വരെ
text_fieldsഎഫ്.ഐ.എ മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപിൽനിന്നുള്ള ദൃശ്യങ്ങൾ (ഫയൽ)
മസ്കത്ത്: ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന 2026ലെ എഫ്.ഐ.എ മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ് (മെർക്ക്) ഒമാൻ എഡിഷൻ ജനുവരി 22 മുതൽ 24 വരെ സുഹാർ എന്റർടെയ്ൻമെന്റ് സെന്ററിൽ നടക്കും. 215.44 കിലോമീറ്റർ ദൈർഘ്യമുള്ള 13 സ്പെഷൽ സ്റ്റേജുകൾ ഉൾപ്പെടുന്ന റാലിയുടെ ആകെ ദൂരം 659.72 കിലോമീറ്ററാണ്. സുൽത്താനേറ്റിലെ വേഗമേറിയ ചരൽ പാതകളിലൂടെയാണ് മത്സരം.
ബ്രിഗേഡിയർ ജമാൽ സഈദ് അൽ തായിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. വൈസ് ചെയർമാൻ സുലൈമാൻ അൽ റവാഹി, റാലി ഡയറക്ടർ അൻവർ അൽ സജ്ദ്ജാലി, കോഴ്സ് ക്ലാർക്ക് ഹാനി ഷബാൻ എന്നിവർ ഔദ്യോഗിക ചുമതലകൾ വഹിക്കും. സാംസ്കാരിക -കായിക -യുവജന മന്ത്രാലയം, സുഹാർ വാലിയുടെ ഓഫിസ്, ടൊയോട്ട ഒമാൻ എന്നിവയും റാലിയെ പിന്തുണക്കും.
ജനുവരി 20ന് എസ്.ഇ.സിയിൽ അഡ്മിനിസ്ട്രേറ്റീവ് പരിശോധനയും മറ്റും നടക്കും. 21ന് റോയൽ ഒമാൻ പൊലീസിന്റെ സുഹാർ ഇൻസ്പെക്ഷൻ കേന്ദ്രത്തിൽ പരശോധനാ ഘട്ടം നടക്കും. 22ന് രാവിലെ 5.5 കിലോമീറ്റർ ദൈർഘ്യമുള്ള ഷേക്ക് ഡൗൺ സ്റ്റേജോടെയാണ് തുടക്കം. ഉച്ചക്ക് നടക്കുന്ന 2.52 കിലോമീറ്റർ ദൈർഘ്യമുള്ള സുഹാർ സൂപ്പർ സ്പെഷ്യൽ സ്റ്റേജാണ് ആദ്യ മത്സരം.
23ന് നടക്കുന്ന ആദ്യ പൂർണഘട്ടത്തിൽ അർ റുസൈസ് (15.42 കി.മീ), അർ റസ്സ (19.15 കി.മീ), അൽ ഉവൈന (13.97 കി.മീ) എന്നീ സ്റ്റേജുകൾ രണ്ട് തവണ വീതം കടന്നുപോകും. ഉച്ചക്ക് സുഹാറിൽ സർവീസും റീഗ്രൂപ്പും ഉണ്ടാകും.
അവസാന ദിനമായ 24ന് അൽ അകാക് (25.25 കി.മീ), യാൻബോവ (13.81 കി.മീ), റഹബ് (18.86 കി.മീ) എന്നീ സ്റ്റേജുകളിലൂടെയാണ് മത്സരം. റഹബിലൂടെ രണ്ടാം തവണ നടത്തുന്ന ഓട്ടം പവർ സ്റ്റേജായിരിക്കും.
1979ൽ ആരംഭിച്ച ഒമാൻ ഇന്റർനാഷണൽ റാലി മിഡിൽ ഈസ്റ്റിലെ പഴക്കമേറിയ മോട്ടോർസ്പോർട് മത്സരങ്ങളിൽ ഒന്നാണ്. 1984ൽ ആരംഭിച്ച ആദ്യ മെർക്ക് സീസണിൽ റാലി ഉൾപ്പെട്ടിരുന്നു. ഖത്തറിന്റെ നാസർ സാലെ അൽ അത്തിയ്യ എട്ട് വിജയങ്ങളുമായി കുറിച്ച റെക്കോഡ് നലനിൽക്കുന്നു. ഒമാന്റെ അബ്ദുള്ള അൽ റവാഹി അടുത്തിടെ രണ്ടുതവണ ജേതാവായിരുന്നു. റാലിയിലേക്കുള്ള എൻട്രികൾ ജനുവരി 13ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

