ഗാലറിയിൽ അപകടമുഖത്ത് കുടുംബം; മറക്കില്ല നിഹാൽ ഈ സ്വർണനേട്ടം
text_fieldsപരിക്കേറ്റ കൈയുമായി സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഹാമർ ത്രോയിൽ സ്വർണം നേടിയ മുഹമ്മദ് നിഹാൽ
തിരുവനന്തപുരം: മത്സരത്തിനു മിനിറ്റുകൾക്കുമുമ്പ് കൺമുന്നിൽ ഗാലറിയിൽ അപകടത്തിൽപെട്ട മാതാപിതാക്കളെയും സഹോദരിയെയും രക്ഷിക്കാനിറങ്ങി, പരിക്കേറ്റ കൈയുമായി തിരിച്ചുവന്ന് സ്വർണം എറിഞ്ഞിട്ട ഈ മിടുക്കന്റെ സ്പിരിറ്റാണ് സ്പിരിറ്റ്.സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഹാമർത്രോയിൽ ഒന്നാമതെത്തിയ, ജി.വി. രാജ സ്പോർട്സ് സ്കൂളിലെ മുഹമ്മദ് നിഹാൽ ഈ സുവർണ നേട്ടം ഒരിക്കലും മറക്കില്ല.
ഉറ്റവരുടെ മുന്നിൽ ഏറ്റവും മികച്ച ദൂരം എറിഞ്ഞിടാനുറച്ച് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വാംഅപ് ചെയ്യുന്നതിനിടെയാണ് നിഹാൽ ശബ്ദം കേട്ടത്. പാലക്കാട് തിരുവേഗപ്പുറ ചമ്പ്രയിൽ നിന്നെത്തിയ മാതാപിതാക്കളും സഹോദരിയും ഇരിക്കുന്ന ഗാലറിക്കുമേൽ കൂറ്റൻ മരത്തിന്റെ കൊമ്പൊടിഞ്ഞുവീണിരിക്കുന്നു.
നിലവിളിയോടെ നിഹാൽ ഗാലറിയിലേക്കോടി. മുള്ളുനിറഞ്ഞ മരച്ചില്ലകൾക്കടിയിൽപെട്ട കുടുംബാംഗങ്ങളെ വീണ്ടെടുക്കാൻ അവൻ ഊർന്നിറങ്ങി. അപ്പോഴേക്കും സംഘാടകരും പരിശീലകരുമെല്ലാം ചേർന്ന് മൂവരെയും പരിക്കൊന്നുമില്ലാതെ പുറത്തെടുത്തിരുന്നു. എന്നാൽ, ഇതിനിടെ, കൈക്ക് പരിക്കേറ്റ് നിഹാൽ ആശങ്കയിലായി. അവിടെയെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ നിഹാലിന് ആത്മവിശ്വാസം പകർന്നത്.
അങ്ങനെ, പ്രാഥമിക ചികിത്സക്കുശേഷം ഹാമർ സെക്ടറിൽ ഇറങ്ങി. ആദ്യ ശ്രമം 52 മീറ്റർ കടന്നെങ്കിലും ഫൗളായി. പിന്നീട് വേദനകൊണ്ട് 50ന് മുകളിൽ എറിയാൻ കഴിഞ്ഞില്ല. ഒടുവിൽ 48.82 മീറ്ററിൽ ഒന്നാംസ്ഥാനം ഉറപ്പിക്കുകയായിരുന്നു. പട്ടാമ്പി നടുവട്ടം ഗവ. ജനത എച്ച്.എസിലെ കായികാധ്യാപകനും മുൻ സംസ്ഥാന ഡിസ്കസ് ത്രോ താരവുമായ സൈനുദീനാണ് പിതാവ്. സഹോദരി നിജിലയും ഡിസ്കസ് ത്രോയിലെ സംസ്ഥാന താരമാണ്.