ലോക ചെസ് ചാമ്പ്യൻഷിപ്: ജയം തുടരാൻ ഗുകേഷ്
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നാലാം റൗണ്ട് മത്സരം വെള്ളിയാഴ്ച നടക്കും. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷും ഇപ്പോൾ 1.5 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. 11 റൗണ്ടുകൾകൂടി ബാക്കിയിരിക്കെ മുന്നിലെത്താനുള്ള ശ്രമത്തിലാണ് ഇരുവരും. ആദ്യ മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങി തോൽവിയോടെ തുടങ്ങിയ ഗുകേഷ് രണ്ടാമത്തേതിൽ സമനില പിടിച്ചിരുന്നു. മൂന്നാമത്തേതിൽ ലിറെനെതിരെ വ്യക്തമായ മേധാവിത്വവുമായി വിജയം സ്വന്തമാക്കി.
ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗുകേഷ്. ജയത്തോടെ എതിരാളിക്കുമേൽ മാനസിക മുൻതൂക്കവും പിടിച്ചു. ഇന്ത്യൻ താരത്തിന് ഇന്നും ജയം ആവർത്തിക്കാനായാൽ ലിറെന് തിരിച്ചുവരവിന് ഏറെ പ്രയാസപ്പെടേണ്ടിവരും. വ്യാഴാഴ്ച വിശ്രമദിനമായിരുന്നു.

