Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശം അവസാന ലാപ്പിൽ; കായികമേളക്ക് ഇന്ന് സമാപനം, ഗെയിംസിൽ തിരുവനന്തപുരം ജേതാക്കൾ

text_fields
bookmark_border
ആവേശം അവസാന ലാപ്പിൽ; കായികമേളക്ക് ഇന്ന് സമാപനം, ഗെയിംസിൽ തിരുവനന്തപുരം ജേതാക്കൾ
cancel

കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സ് കിരീടപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ. മേള ഇന്ന് സമാപിക്കവേ മലപ്പുറം കുതിപ്പ് തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടുമായി 40 പോയന്റിന്റെ വ്യക്തമായ മുൻതൂക്കമുണ്ട്. അന്തിമദിനത്തിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കിരീടം ഇക്കുറിയും മലപ്പുറത്തേക്ക് പോവും. 16 സ്വര്‍ണവും 20 വെള്ളിയും 16 വെങ്കലവുമുള്‍പ്പെടെ 168 പോയന്റാണ് ജില്ലക്ക്. 12 സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവുമായി 128 പോയന്റോടെ പാലക്കാടും. മൂന്നാംസ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 10 സ്വര്‍ണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 88 പോയന്റാണ് സമ്പാദ്യം.

തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ചാമ്പ്യൻ സ്കൂൾ ട്രോഫി ഉറപ്പിച്ചിട്ടുണ്ട്. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 71.3 പോയന്റോടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിനേക്കാൾ (34) ഇരട്ടിയിലധികം പോയന്റിന്റെ മുൻതൂക്കമുണ്ട് ഇവർക്ക്. മേളയുടെ രണ്ടാംദിനം മുന്നിലെത്തിയ ഐഡിയല്‍ പിന്നീട് പിറകോട്ട് പോയിട്ടില്ല. 200 മീറ്റര്‍ ഓട്ടം, നാല് വിഭാഗങ്ങളില്‍ 4x400 മീറ്റര്‍ റിലേ തുടങ്ങി 15 ഇനങ്ങളിലെ ഫൈനലാണ് ഇനി നടക്കാനുള്ളത്. ഇതിൽ പാലക്കാടിനും മലപ്പുറത്തിനും ഒരുപോലെ പ്രതീക്ഷയുണ്ട്.

അതേസമയം, ഗെയിംസിൽ തിരുവനന്തപുരം ജേതാക്കളായി. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവുമടക്കം 1310 പോയന്റാണ് നേടിയത്. കണ്ണൂർ 84 സ്വർണവും67 വെള്ളിയും 74 വെങ്കലവുമുൾപ്പെടെ 813 പോയന്റുമായി രണ്ടും തൃശൂർ 796 പോയന്റുമായി മൂന്നും സ്ഥാനങ്ങളിലെത്തി. ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ കിരീടം ഇക്കുറിയും സ്വന്തമാക്കാൻ പോവുന്ന തിരുവനന്തപുരത്തിന് ആകെ 2004.3 പോയന്റുണ്ട്. സമാപന സമ്മേളനം വൈകീട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

800 പങ്കിട്ട് പാലക്കാടും തിരുവനന്തപുരവും

കോഴിക്കോട്: ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 800 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിനും തിരുവനന്തപുരത്തിനും നേട്ടം. പാലക്കാട് ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം 11 പോയന്റും തിരുവനന്തപുരം രണ്ട് സ്വര്‍ണവുമായി 10 പോയന്റും സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസിലെ നിവേദ്യ കലാധറിനാണ് സ്വര്‍ണം (2 മിനിറ്റ് 16.34 സെക്കന്‍ഡ്). പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം എച്ച്.എസിലെ ജി. അക്ഷയ വെള്ളിയും (2:23.75) മലപ്പുറം കടകശ്ശേരി ഐഡിയലിന്റെ സൂസന്‍ മേരി കുരിയാക്കോസ് വെങ്കലവും (2:26.04) സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ എ. ശിവപ്രസാദിനാണ് സ്വര്‍ണം (1:53.92). 2.80 സെക്കന്‍ഡിനാണ് റെക്കോഡ് നഷ്ടമായത്. മലപ്പുറം ഐഡിയലിന്റെ കെ.സി. അമീന്‍ വെള്ളിയും (1:54.28) കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് എച്ച്.എസ്.എസിലെ അദ്വൈത് സുഭാഷ് വെങ്കലവും (1:55.72) നേടി.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജസ് എച്ച്.എസ്.എസിലെ അല്‍ക്ക ഷിനോജ് സ്വര്‍ണം (2:16.69) നേടി. പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസിലെ കെ വീണക്ക് വെള്ളിയും (2:18.80) കോട്ടയം മുരിക്കുംവയല്‍ ഗവ. വി.എച്ച്.എസ്.എസിലെ അനന്യ പി. അജ്മുദ്ദീന് വെങ്കലവുമുണ്ട് (2:21.66). ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ജി.വി. രാജയുടെ പി.കെ ആദിത്തിനാണ് സ്വര്‍ണം (1:57.44). ഇടുക്കി കട്ടപ്പന എസ്.ജി.എച്ച്.എസ്.എസിലെ എം. ആദര്‍ശ് ബിനോയ് വെള്ളിയും (1:58.04) മലപ്പുറം തിരുവാലി ജി.എച്ച്.എസ്.എസിലെ ഇ. അജിന്‍ വെങ്കലവും (1:58.30) നേടി.

400 മീറ്റർ ഹർഡിൽസിൽ സ്വന്തം റെക്കോഡ് തിരുത്തി ശ്രീഹരി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ 400 മീറ്റർ ഹർഡിൽസ് മത്സരങ്ങൾ സാക്ഷ്യം വഹിച്ചത് റെക്കോഡ് പ്രകടനത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജയിലെ ശ്രീഹരി കരിക്കന്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 52.44 സെക്കൻഡിൽ ഓടിയെത്തിയാണ് ശ്രീഹരി തന്റെ തന്നെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്നത്. നാലാംദിനം പിറന്ന ഏക റെക്കോഡും ഇതാണ്. വെള്ളി മെഡൽ നേടിയ അര്‍ചിത് എസ്. നായരും നിലവിലുണ്ടായിരുന്ന റെക്കോഡിനേക്കാള്‍ മികച്ച സമയം കുറിച്ചു. കഴിഞ്ഞ ദിവസം 400 മീറ്ററിലും ശ്രീഹരി റെക്കോഡിട്ടിരുന്നു.

സീനിയർ പെണ്‍കുട്ടികളുടെ മത്സരത്തിൽ അവസാന നിമിഷം ഹർഡിലിൽ തട്ടിവീണ് മത്സരം പൂർത്തിയാക്കാനാകാതെ പോയ വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിലെ വിഷ്‌ണു ശ്രീയുടെ പ്രകടനം കാണികൾക്ക് നൊമ്പരക്കാഴ്ചയായി. ഈ വിഭാഗത്തിൽ വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിലെ ജെ. ജയലക്ഷ്മി (1.03.59 മിനിറ്റ്‌) സ്വർണവും, കണ്ണൂര്‍ സായ് തലശ്ശേരിയിലെ ദേവിക സജീവ് (01.05.76 മിനിറ്റ്‌) വെള്ളിയും, തൃശൂര്‍ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ ബിയ ഫിലിപ്പ് വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളിൽ കടകശ്ശേരി ഐഡിയലിന്റെ അബ്ദുൽ ബാസിത് (53.01 സെക്കൻഡ്‌) സ്വര്‍ണം സ്വന്തമാക്കി. പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിന്റെ സോനു ചാക്കോ (53.09 സെക്കൻഡ്) വെള്ളിയും കണ്ണൂര്‍ കരിവെള്ളൂര്‍ എ.വി.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വി.കെ. അഭിനവ് (53.40 സെക്കൻഡ്‌) വെങ്കലവും കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളിൽ 1.05.90 മിനിറ്റില്‍ ഓടിയെത്തിയ പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ എമിലിയ തെരേസക്കാണ് സ്വര്‍ണം. തിരുവനന്തപുരം ജി.വി രാജയിലെ പി.പി. ശിഖ (1:07.52 മിനിറ്റ്‌) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ എയ്ഞ്ചല്‍ റോസ് ടെന്‍സി (1:07.91 മിനിറ്റ്) വെങ്കലവും നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram Emerges as Champions in the Games; Sports Meet to Conclude Today
Next Story