ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്: 400 മീറ്റർ ഹർഡിൽസിൽ നാലാമതും സിഡ്നി മക് ലാഫ് ലിൻ
text_fieldsയൂജീൻ (യു.എസ്): 400 മീറ്റർ ഹർഡിൽസിൽ തന്റെ അടുത്തെങ്ങുമാരുമില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് അമേരിക്കയുടെ സിഡ്നി മക് ലാഫ് ലിൻ. സ്വന്തം പേരിനൊപ്പം ചേർത്ത ലോക റെക്കോഡ് ഒരു കൊല്ലത്തിനിടെ മൂന്നാംതവണയും തിരുത്തി പുതിയ സമയം കുറിച്ചിരിക്കുകയാണ് 22കാരി അത്‍ലറ്റ്.
ലോക ചാമ്പ്യൻഷിപ് സ്വർണത്തിലേക്ക് ഓടിയെത്തിയത് 50.68 സെക്കൻഡിൽ. 51 സെക്കൻഡിൽ പോലും സിഡ്നിയല്ലാതൊരു വനിത താരമില്ലാതിരിക്കുമ്പോഴാണ് 50ലേക്ക് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 25ന് ഹേവാർഡ് ഫീൽഡിൽതന്നെ നടന്ന യു.എസ് ചാമ്പ്യൻഷിപ്പിലെ സിഡ്നിയുടെ സമയമായിരുന്നു ഇതുവരെ ലോക റെക്കോഡ്, 51.41 സെക്കൻഡ്.
നെതർലൻഡ്സിന്റെ ഫെകെ ബോൽ (52.27) വെള്ളിയും മുൻ റെക്കോഡുകാരി അമേരിക്കയുടെതന്നെ ഡാലിയ മുഹമ്മദ് (53.13) വെങ്കലവും നേടി. 2021 ജൂണിൽ സഹതാരം ഡാലിയ മുഹമ്മദിന്റെ (52.20) ലോക റെക്കോഡ് തകർത്ത് തുടങ്ങിയതാണ് സിഡ്നി (51.90). അതേ വർഷം ആഗസ്റ്റിൽ ടോക്യോ ഒളിമ്പിക്സിൽ 51.46ലേക്കെത്തി.
2019ലെ ദോഹ ലോക ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും 4x400 മീറ്റർ റിലേയിൽ ഒന്നാംസ്ഥാനത്തെത്തിയ അമേരിക്കൻ സംഘത്തിലും അംഗമായിരുന്നു. സമയം തീർത്തും അത്ഭുതപ്പെടുത്തുന്നുവെന്നും സ്പോർട്സ് കൂടുതൽ കൂടുതൽ വേഗം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും സിഡ്നി മക് ലാഫ് ലിൻ പറഞ്ഞു.
ഒറ്റ ലാപ്പിൽ പൊന്നണിഞ്ഞ് നോർമാനും ഈബോയും
യൂജീൻ: ആവേശം നിറഞ്ഞ 400 മീറ്റർ മത്സരത്തിൽ അമേരിക്കയുടെ മൈക്കൽ നോർമാന് സ്വർണം. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും മെഡലില്ലാതെ നിരാശനായി മടങ്ങിയ താരം 44.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പുരുഷ വിഭാഗത്തിൽ ഒന്നാമനായത്.
2011ലെ ജേതാവ് ഗ്രനേഡയുടെ കിറാനി ജെയിംസ് (44.68) വെള്ളിയും ബ്രിട്ടന്റെ മാത്യൂ ഹഡ്സൻ (44.66) വെങ്കലവും നേടി. ലോക റെക്കോഡുകാരൻ ദക്ഷിണാഫ്രിക്കയുടെ വെയ്ഡെ വാൻ നീയെകെർക് (44.97) അഞ്ചാമനായി. വനിതകളുടെ 400 മീറ്ററിൽ ബഹാമയുടെ ഷോനെ മില്ലർ ഈബോക്കാണ് (49.11) സ്വർണം. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മരിലെയ്ഡി പോളിനോ (49.60) വെള്ളിയും ബാർബഡോസിന്റെ സഡ വില്യംസ് (49.75) വെങ്കലവും കൈക്കലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

