Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പി.ടി. ഉഷ മാം, സോറി...’; 42 വർഷത്തെ റെക്കോഡ് തകർത്ത വിദ്യ രാംരാജ്

text_fields
bookmark_border
vithya ramraj, pt usha
cancel
camera_alt

പി.ടി. ഉഷ, വിദ്യ രാംരാജ്

നഗോയ: ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡ്ൽസിൽ പി.ടി. ഉഷയുടെ റെക്കോഡ് തകർത്തതിൽ സന്തോഷമുണ്ടെന്നും മാമിന്റെ പേരിന് പകരം തന്റെ പേര് വരുന്നതിൽ സോറി പറയുന്നുവെന്നും ഇന്ത്യൻ താരം വിദ്യ രാംരാജ്. നഗോയയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

‘എന്ത് പറയണമെന്ന് അറിയില്ല. ഏറെ സന്തോഷമുണ്ട്. ജീവിതത്തിൽ ആദ്യമായി 55 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്തു. മാമിന്റെ പേരിന് (പി.ടി. ഉഷയുടെ) പകരം ഇപ്പോൾ വിദ്യ രാംരാജിന്റെ പേര് റെക്കോഡിൽ ചേർത്തതിന് സോറി പറയുന്നു. ഇപ്പോൾ പി.ടി. ഉഷക്ക് പകരം വിദ്യ രാംരാജിന്റെ പേര് എല്ലായിടത്തും രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്’ -താരം പറഞ്ഞു.

വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിലാണ് ചരിത്ര നേട്ടത്തോടെ വിദ്യ വെങ്കല മെഡൽ കൈപ്പിടിയിലൊതുക്കിയത്. ഇതിഹാസ താരം പി.ടി. ഉഷ 42 വർഷം മുമ്പ് സ്ഥാപിച്ച ദേശീയ റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയുടെ ഉജ്ജ്വല പ്രകടനം. ഫൈനലിൽ 54.75 സെക്കൻഡിലാണ് വിദ്യ ഫിനിഷ് ചെയ്തത്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

2023ലെ ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ ഉഷയുടെ റെക്കോഡിനൊപ്പമെത്താൻ വിദ്യക്ക് കഴിഞ്ഞിരുന്നു. 55 സെക്കൻഡിൽ താഴെ സമയം കൊണ്ട് 400 മീറ്റർ ഹർഡ്ൽസ് മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി വിദ്യ.

ഹാങ്ഷൂ ഏഷ്യൻ ഗെയിംസിന് തൊട്ടുമുമ്പ് ചണ്ഡിഗഢിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രി മത്സരത്തിൽ വെറും 0.01 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് റെക്കോഡ് തകർക്കാനുള്ള അവസരം നഷ്ടമായത്. ഹാങ്ഷൂവിൽ 55.42 സെക്കൻഡിന് വെങ്കലം നേടി ഉഷക്കൊപ്പമെത്തി പങ്കിട്ടു.

യു.എ.ഇയുടെ മറിയം കരീം സ്വർണവും (54.31 സെക്കൻഡ് - ഗെയിംസ് റെക്കോഡ്) കസാഖ്സ്താന്റെ അദെലിന സെംസ് വെള്ളിയും (54.58 സെക്കൻഡ്) സ്വന്തമാക്കി. ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ മലയാളി അനു രാഘവൻ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sorry my name replaces Ma'am's: Vithya Ramraj on breaking P.T. Usha's record
Next Story