Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ് റേഞ്ചിൽ ആദ്യ സ്വർണം, അത്‍ലറ്റിക്സിൽ ചരിത്ര നേട്ടങ്ങൾ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറ് മെഡൽ കൂടി

text_fields
bookmark_border
ഗുൽവീറിന് വെള്ളി; ഭരണിക (പോൾവാൾട്ട്), മൻപ്രീത് (ഷോട്ട്പുട്ട്) വെങ്കലം
ഷൂട്ടിങ് റേഞ്ചിൽ ആദ്യ സ്വർണം, അത്‍ലറ്റിക്സിൽ ചരിത്ര നേട്ടങ്ങൾ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറ് മെഡൽ കൂടി
cancel

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിലെ മെഡൽ വരൾച്ചക്ക് ഫുൾസ്റ്റോപ്പിട്ട് ഇന്ത്യയുടെ തിരിച്ചുവരവ് കണ്ട വെള്ളിയാഴ്ച. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ആദ്യ സ്വർണപ്പിറക്കൊപ്പം അത്‍ലറ്റിക്സിലും ചരിത്ര നേട്ടങ്ങളുടെ ദിനം. ഇതോടെ രണ്ട് സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവുമായി ഇന്ത്യൻ മെഡൽ നേട്ടം 23ലെത്തി. ചൈന തന്നെയാണ് (97 സ്വർണം, 36 വെള്ളി, 24 വെങ്കലം) മെഡൽ പട്ടികയിൽ എതിരാളികളില്ലാതെ ഒന്നാമത്.

സ്വർണം അകന്നു നിന്ന ഷൂട്ടിങ് റേഞ്ചിൽ നിന്നും 10 മീറ്റർ എയർപിസ്റ്റൾ മിക്സഡ് ടീം വിഭാഗത്തിൽ കമൽജീത്- സുരുചി സിങ് സഖ്യമാണ് ആദ്യ സ്വർണം സമ്മാനിച്ചത്. അത്‍ലറ്റിക്സ് പുരുഷ വിഭാഗം 10,000 മീറ്ററിൽ ഗുൽവീർ സിങ് ഉജ്വല ഫിനിഷിങ്ങുമായി വെള്ളി നേടി. ഷോട്ട് പുട്ടിൽ മൻപ്രീത് കൗറും, പോൾവാൾട്ട് വനിതകളിൽ ഭരണിക ഇളങ്കോവനും വെങ്കലം നേടി ചരിത്രം കുറിച്ചു.

ടേബിൾ ടെന്നിസ് മിക്സഡ് ഡബിൾസിൽ മനുഷ് ഷാ, ദിയ ചിറ്റാൽ സഖ്യത്തിന്റെ വെങ്കലമായിരുന്നു വെള്ളിയാഴ്ച ഇന്ത്യയുടെ മെഡൽ പട്ടികയിലെ മറ്റൊരു നേട്ടം.

ഗോൾഡൻ ഷൂട്ട്

എന്നും ഇന്ത്യയുടെ പൊന്ന് വിളയുന്ന ഷൂട്ടിങ് റേഞ്ച് ഇത്തവണ നിരാശപ്പെടുത്തിയെന്ന വിമർശനങ്ങളായിരുന്നു ഇതുവരെ. അതിനുള്ള തിരുത്താണ് വെള്ളിയാഴ്ച ഐച്ചി നഗോയയിൽ പിറന്നത്. വ്യക്തിഗത ഇനങ്ങളിൽ നിരാശപ്പെടുത്തിയ പ്രകടനത്തിനൊടുവിലായിരുന്നു സുരുചി ഇന്ദർ സിങ്ങും, കമലജീതും പത്ത് മീറ്റർ എയർ പിസ്റ്റളുമായി വീണ്ടും റേഞ്ചിലെത്തിയത്. ഒറ്റക്ക് പോരടിച്ചപ്പോൾ മങ്ങിയവർ, മിക്സഡ് ടീമായി വെള്ളിയാഴ്ചയെത്തിയപ്പോൾ ഉന്നം കിറുകൃത്യം. കഴിഞ്ഞ ദിവസങ്ങൾ ഞങ്ങളുടേതായിരുന്നില്ല, എന്നാൽ ഇന്ന് ഞങ്ങളുടെ ഓരോ ഷോട്ടും പിഴക്കാതെ ലക്ഷ്യത്തിലേക്ക് പാഞ്ഞു -മെഡൽ നേട്ടത്തിനു ശേഷം സുരുചിയുടെ വാക്കിലുണ്ടായിരുന്നു എല്ലാം. ക്വാളിഫയിങ്ങിൽ ഒന്നാമതെത്തിയവർ, പിന്നാലെ നടന്ന ഫൈനലിൽ ദക്ഷിണ കൊറിയൻ വെല്ലുവിളി കടന്ന് 484.6 പോയന്റ് സ്കോർ ചെയ്ത് സ്വർണം നേടി. കൊറിയക്ക് വെള്ളിയും ഇറാന് വെങ്കലവുമായി.

ഇവരുടെ സ്വർണത്തിനു പിന്നാലെയായിരുന്നു പുരുഷ വിഭാഗം 50 മീ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ ടീം വെള്ളി നേടിയത്. ഐശ്വര്യ പ്രതാപ് സിങ്, രുദ്രാക്ഷ് പാട്ടിൽ, നീരജ് കുമാർ എന്നിവരുടെ വകയായിരുന്നു വെള്ളി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചൈന സ്വർണം നേടി.

അഭിമാനം അത്‍ലറ്റിക്സ്

മിക്സഡ് റിലേയിലെയും പതിനായിരം മീറ്റർ വനികളിൽ സീമ കുമാരിയുടെയും മെഡലുകൾക്കു പിന്നാലെ അത്‍ലറ്റിക്സ് ഇന്ത്യക്ക് അനുഗ്രഹമായി. ഷോട്ട് പുട്ടിൽ 17.17 മീറ്റർ എറിഞ്ഞ മൻപ്രീത് കൗറിന്റെ വെങ്കലമായിരുന്നു ആദ്യമെത്തിയത്. 2023 ഏഷ്യൻ ഗെയിംസിൽ അഞ്ചാമതായിരുന്നു മൻപ്രീതിന് കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലായി. തൊട്ടുപില്ലാലെയായിരുന്നു 10,000മീറ്ററിൽ ഗുൽവീർ സിങ്ങിന്റെ സ്പ്രിന്റ് റൺ ഇന്ത്യക്ക് വെള്ളിയെത്തിച്ചത്. നാലു വർഷം മുമ്പ് നേടിയ വെങ്കലത്തെ, അവസാന 400മീറ്ററിലെ അതിവേഗ റണ്ണപ്പിലൂടെയായിരുന്നു ഗുൽവീറിന്റെ വെള്ളി ഫിനിഷ് (28:29.38മി). പോൾവാൾട്ടിൽ 4.15 മീറ്റർ ഉയർന്നു പറന്ന് ഭരണിക ഇളങ്കോവൻ വെങ്കലമണിഞ്ഞു.

ഒരു ജയമകലെ സ്വർണ കബഡി

ഇഷ്ടയിനമായ കബഡിയിൽ ഇന്ത്യ ഇരട്ട സ്വർണ നേട്ടത്തിനരികെ. പുരുഷ-വനിതാ വിഭാഗങ്ങളിൽ മിന്നും കുതിപ്പുമായി ഫൈനലിലെത്തിയ ഇന്ത്യ ശനിയാഴ്ച ഇറാനെ നേരിടും. ഇരു വിഭാഗങ്ങളിലും ഇറാനാണ് എതിരാളികൾ. പുരുഷ വിഭാഗത്തിൽ വെള്ളിയാഴ്ച നടന്ന സെമിയിൽ തായ്‍ലൻഡിനെതിരെ 66-28 സ്കോറിനായിരുന്നു ജയം. ഇറാൻ തായ്പെയിയെയും വീഴ്ത്തി. വനിതകളിൽ ഇന്ത്യ നേപ്പാളിനെ 48-24 സ്കോറിനും വീഴ്ത്തി.

ബാഡ്മിന്റണിൽ തിരിച്ചടി

ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷ ഏറെയുള്ള ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യക്ക് തിരിച്ചടി തുടരുന്നു. മെഡൽ ഉറപ്പിച്ച പുരുഷ ഡബിൾസിൽ ചാമ്പ്യന്മാർകൂടിയായ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. തായ്‍ലൻഡിന്റെ പക്കപോൺ തീരരത്സകുൽ-പീരത്ചായ് സഖ്യത്തിനോടാണ് തോറ്റത്. അതേസമയം, മിക്സഡ് ഡബിൾസിൽ തനിഷ ക്രാസ്റ്റോ -ധ്രുവ് കപില സഖ്യം ക്വാർട്ടറിൽ കടന്നു. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസാ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം മൂന്ന് സെറ്റ് മത്സരം അതിജീവിച്ച് ക്വാർട്ടറിൽ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six more medals for India at the Asian Games
Next Story