‘മെഡലുകൾ സൂക്ഷിക്കാൻ മഴ നനയാത്തൊരു വീട് വേണം’; സ്കൂൾ കായികമേളയിൽ സ്വർണം നേടിയ സിദ്ധയുടെ വലിയ ആഗ്രഹം
text_fieldsപാലക്കാട് മുണ്ടൂരിലെ സിദ്ധ സുരേഷിന്റെ വീട്, സിദ്ധ സുരേഷിനെ എം.കെ. രാഘവൻ എം.പി അഭിനന്ദിക്കുന്നു
കോഴിക്കോട്: മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒരു ടാര്‍പോളിന്റെ കൂര, അതിനുള്ളിൽ അടങ്ങാത്ത കിനാക്കളുമായി ഒരു കുഞ്ഞുമനസ്സ്. വിജയത്തിന്റെ തിളക്കമുള്ളൊരു നാളിൽ, താന്‍ നേടുന്ന മെഡലുകളും ട്രോഫികളും നനയാതെ സൂക്ഷിക്കാൻ മഴ ചോരാത്തൊരു വീട്. അതായിരുന്നു പാലക്കാട് മുണ്ടൂരിലെ എട്ടാംക്ലാസുകാരി സിദ്ധ സുരേഷിന്റെ ഏറ്റവും വലിയ പ്രാർഥന.
വീടിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ മകളുടെ പഠനവും പരിശീലനവുമായിരുന്നു ആ മാതാപിതാക്കളുടെ മനസ്സിൽ. സംസ്ഥാന സ്കൂൾ കായികമേളയിലെ സബ്ജൂനിയർ 80 മീറ്റർ ഹർഡിൽസിലെ പൊൻപതക്കത്തോടെ വലിയ സ്വപ്നത്തിലേക്കുള്ള ദൂരം കുറക്കാനായെന്ന പ്രതീക്ഷയിലാണ് സിദ്ധയും കുടുംബവും.
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് സിദ്ധ ഓടിത്തുടങ്ങിയത്. ഓട്ടോ ഡ്രൈവറായ അച്ഛൻ സുരേഷും അമ്മ രാഗിണിയും മകളുടെ കൈപിടിച്ച് ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിന് പണമില്ലാത്തപ്പോൾ, അമ്മയുടെ സ്വർണം വിറ്റും സുഹൃത്ത് ആയുഷിന്റെ സ്പൈക്ക് കടം വാങ്ങിയുമാണ് അവൾ ജില്ല മീറ്റിൽ പൊന്നണിഞ്ഞത്.
പിന്നീട് സംസ്ഥാന മീറ്റിലെത്തിയപ്പോൾ പുതിയൊരു സ്പൈക്ക് സമ്മാനമായി ലഭിച്ച ആത്മവിശ്വാസത്തോടെ ട്രാക്കിലിറങ്ങി. മുണ്ടൂർ എച്ച്.എസിലെ വെറുമൊരു മണ്മൈതാനത്ത്, എൻ.എസ്. സിജിന്റെയും സൂരജിന്റെയും ശിക്ഷണത്തിൽ വിയർപ്പൊഴുക്കിയ ഈ കൊച്ചുമിടുക്കിയുടെ നേട്ടം കേരളക്കരക്ക് മുഴുവൻ അഭിമാനമാണ്.
തനിക്ക് കൂട്ടായെത്തിയ പ്രതിസന്ധികളെയെല്ലാം പിറകിലാക്കി ഫിനിഷിങ് ലൈൻ തൊട്ട സിദ്ധയുടെ ആ കണ്ണീരും വിയർപ്പും ഇതാ സ്വർണമായി തിളങ്ങിയിരിക്കുന്നു. ആ കുടുസ്സുമുറിയിലേക്കുള്ള വെളിച്ചവും വിലാസവും ഈ പൊൻപതക്കം ഒരുക്കിക്കഴിഞ്ഞെന്നും വീട് യാഥാർഥ്യമാവാൻ നടപടികളുണ്ടാവുമെന്നും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.
സ്കൂൾ കായികമേളയിൽ അത്ലറ്റിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കിരീടത്തിനായുള്ള പോരാട്ടവും മുറുകി. രണ്ടാംനാൾ മുന്നിൽക്കയറിയ മലപ്പുറം വ്യാഴാഴ്ചയും പാലക്കാടിനെ രണ്ടാംസ്ഥാനത്തുതന്നെ നിർത്തി കുതിപ്പ് തുടരുകയാണ്. ഇരു ജില്ലകളും പോയന്റിൽ മൂന്നക്കം കടന്നിട്ടുണ്ട്. 11 സ്വർണവും 12 വെള്ളിയും 10 വെങ്കലവുമായി 114 പോയന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം. ഒമ്പത് വീതം സ്വർണവും വെങ്കലവും 12 വെള്ളിയും നേടി 100.5 പോയന്റോടെയാണ് പാലക്കാട് രണ്ടാമത് നിൽക്കുന്നത്.

