Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കായികമേള: അവസാന ദിനം ആവേശമായി 200 മീറ്ററും റിലേയും

text_fields
bookmark_border
സ്കൂൾ കായികമേള: അവസാന ദിനം ആവേശമായി 200 മീറ്ററും റിലേയും
cancel
camera_alt

ആർ. ശ്രേയ (സീനിയർ ഗേൾസ് 200 മീ. സ്വർണം, സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ആലപ്പുഴ), വിഷ്ണു യാദവ് (ജൂനിയർ ബോയ്സ് 200 മീ. സ്വർണം, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട് കോട്ടയം, പി. പ്രഹ്ലാദ് (സബ്ജൂനിയർ ബോയ്സ് 200 മീ. സി.എഫ്.ഡി.വി.എച്ച്.എസ്.എസ് മാത്തൂർ പാലക്കാട്), ഇവാന ടോമി (ജൂനിയർ ഗേൾസ് 200 മീ. സ്വർണം, സായ് തലശ്ശേരി കണ്ണൂർ)

കോഴിക്കോട്: ആവേശം അലതല്ലിയ 200 മീറ്റർ ട്രാക്കിൽ ഫോട്ടോ ഫിനിഷിലേക്ക് നീണ്ട സീനിയർ ആൺകുട്ടികളുടെ കടുത്ത പോരാട്ടത്തിൽ തൃശൂർ കുന്നംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.ജെ. എബിൻ (21.79) സ്വർണം നേടി.

തൊട്ടുപിന്നാലെ ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതുൽ (21.85) വെള്ളിമെഡലും, തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ സി. ജോൺ ജെറിൻ (22.27) വെങ്കലമെഡലും സ്വന്തമാക്കി. സീനിയർ ബോയ്സ് 400 മീറ്ററിലും സ്വർണം നേടിയിരുന്ന എബിന്റെ മേളയിലെ രണ്ടാമത്തെ സ്വർണനേട്ടമാണിത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ (25.47) സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിഷ്ണു യാദവ് (22.05) സ്വർണം കരസ്ഥമാക്കിയപ്പോൾ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ തലശ്ശേരി സായിയിലെ ഇവാന ടോമി (25.26) സ്വർണനേട്ടം സ്വന്തമാക്കി.

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് മാത്തൂർ സി. എഫ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്രഹ്ളാദ് (24.74) സ്വർണം നേടിയപ്പോൾ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ ജോൺ (26.63) പൊന്നണിഞ്ഞു. ‎

റിലേയിൽ അയൽപ്പോര്

കോഴിക്കോട്: അത്‍ലറ്റിക്സിലെ അയൽപ്പോരിന് തീപകർന്ന് എൻ.ഐ.ടി മൈതാനത്തെ 4x400 മീറ്റർ റിലേ മത്സരങ്ങൾ. ശനിയാഴ്ച സമാപനം കുറിച്ച് നടന്ന ഉഗ്ര പോരാട്ടങ്ങളിൽ പാലക്കാടും മലപ്പുറവും പോയന്റ് വാരിക്കൂട്ടുന്നതിൽ ഒരു പണത്തൂക്കം മുന്നിൽനിന്നപ്പോൾ ആലപ്പുഴ, കണ്ണൂർ എന്നിവയും സ്വർണം നേടി കരുത്തുകാട്ടി. ആദ്യം നടന്ന ജൂനിയർ ഗേൾസ് റിലേയിൽ അതിവേഗം ബഹുദൂരം ഓടിക്കയറിയാണ് കണ്ണൂർ ഒന്നാമതെത്തിയത്. 3:58.36 മിനിറ്റിൽ ടീം ഫിനിഷ് ചെയ്തപ്പോൾ രണ്ടാമതെത്തിയ പാലക്കാട് 4:03.75 മിനിറ്റിലും മൂന്നാമതെത്തിയ കോട്ടയം 4:06.35 മിനിറ്റിലും ഫിനിഷ് ചെയ്തു.

സീനിയർ ബോയ്സ് 4×400 മീറ്റർ റിലേ സ്വർണം നേടിയ മലപ്പുറം ടീം (ഷാസിൽ മുജീബ്, ഇ.കെ. ഷഹമിൽ, വിനായക്, അബ്ദുൽ ബാസിത്ത്), സീനിയർ ഗേൾസ് 4x400 മീറ്റർ റിലേ സ്വർണം ആലപ്പുഴ (ശ്രേയ ആർ, ആൻ ഫ്രാൻസിസ്‌ക, സരയുലക്ഷ്മി ബി, അനാമിക അജേഷ്), ജൂനിയർ ആൺ 4x400 മീ റിലേ സ്വർണം ആലപ്പുഴ (അർജുൻ, അഭിൻ ദേവ്, ജി.എസ്. ഗോവിന്ദ്, സമർജിത്ത് കെ.എസ്), ജൂനിയർ പെൺ 4x400 മീ. റിലേ സ്വർണം കണ്ണൂർ ടീം (വൈഗ എം, എയ്ഞ്ചൽ ബിജു, ഷാന്റി മരിയ, ഇവാനാ ടോമി)

കൂടുതൽ ആവേശം പെയ്ത ജൂനിയർ ബോയ്സിൽ പാലക്കാടിനായിരുന്നു മേൽക്കൈ. രണ്ടാം ലാപ്പിൽ ഒറ്റത്തവണ മലപ്പുറം മുന്നിൽക്കയറിയതൊഴിച്ചാൽ പൂർണമായി പാലക്കാട് താരങ്ങൾ തന്നെ മുന്നിൽനിന്നു (3:22.88). രണ്ടാം സ്ഥാനക്കാരായ മലപ്പുറം 3:23.45 മിനിറ്റിലും ആലപ്പുഴ 3.25.72ലും ലക്ഷ്യംതൊട്ടു.

ആലപ്പുഴയുടെ പെൺകുട്ടികൾ ഓടിപ്പിടിച്ച സീനിയർ വിഭാഗത്തിൽ 3:59.89 മിനിറ്റിലായിരുന്നു ടീം സ്വർണത്തിൽ മുത്തമിട്ടത്. പാലക്കാട് 4:07.40 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ മലപ്പുറം 4:11.47ൽ മൂന്നാമതെത്തി.

ഏറ്റവുമൊടുവിൽ നിറഞ്ഞ ഗാലറിയെ മുൾമുനയിൽ നിർത്തി ആരംഭിച്ച അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ റിലേ പോരാട്ടത്തിൽ മലപ്പുറത്തിനു വേണ്ടി ഓടിയ ഐഡിയൽ സ്കൂൾ കടകശ്ശേരിയുടെ താരങ്ങൾ രണ്ടാം ലാപ്പുമുതൽ ജയമുറപ്പിച്ച് ഓടിക്കയറി. ടീമിനായി വലിയ മാർജിൻ ലീഡ് നൽകി രണ്ട്, മൂന്ന് ലാപ്പുകളിലോടിയവർ മികവു കാട്ടി.

അവസാന ലാപ്പിൽ തൃശൂരിനായി അവസാനം ബാറ്റണേന്തിയ താരം കുതിച്ചുകയറുന്നതായിരുന്നു കാഴ്ച. ശ്വാസമടക്കിനിന്ന കാഴ്ചക്കാർക്ക് മുന്നിൽ സെക്കൻഡിന്റെ ചെറിയൊരംശത്തിന്റെ ലീഡിൽ മലപ്പുറം തന്നെ സ്വർണമുറപ്പിച്ചു. 3:17.91 മിനിറ്റിൽ മീറ്റ് റെക്കോഡോടെയായിരുന്നു ഐഡിയൽ ടീമിന്റെ സ്വർണക്കുതിപ്പ്. രണ്ടാമതെത്തിയ തൃശൂരും 3:18.00 മിനിറ്റിൽ പുതിയ ദൂരം കുറിച്ചു. മൂന്നാമതെത്തിയ തിരുവനന്തപുരം 3:20.71 മിനിറ്റിൽ ദൂരം പിന്നിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School meet: 200m photo finish, relay battles thrill final day
Next Story