മരുന്നടി; ലണ്ടൻ ഒളിമ്പിക്സ് സ്വർണം കൈവിടുന്ന അവസാന റഷ്യൻ അത്‍ലറ്റായി നതാലിയ ആന്റ്യൂക്
text_fields2012ലെ ലണ്ടൻ ഒളിമ്പിക്സിൽ അമേരിക്കൻ താരം ലഷിൻഡ ഡെമുസിനെ മറികടന്ന് 400 മീറ്റർ ഹർഡ്ൽസിൽ സ്വർണം പിടിച്ച റഷ്യൻ താരം നതാലിയ ആന്റ്യൂക്കിന്റെ മെഡൽ തിരിച്ചുവാങ്ങി. മോസ്കോ ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നുള്ള ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിഗണിച്ചാണ് നടപടി.
ഇതോടെ, ലണ്ടൻ ഒളിമ്പിക്സിൽ ട്രാക്ക് ഇനത്തിൽ റഷ്യയുടെതായുണ്ടായിരുന്ന മൂന്ന് സ്വർണ മെഡലുകളും നഷ്ടമായി. 800 മീറ്റർ, 3000 മീറ്റർ സ്റ്റീപ്ൾ ചേസ് എന്നിവയിൽ യഥാക്രമം മരിയ സവിനോവ, യൂലിയ സരിപോവരും സ്വർണം നേടിയിരുന്നെങ്കിലും അയോഗ്യരാക്കപ്പെട്ടിരുന്നു. ഹൈജംപിൽ ഇവാൻ യുഖോവ്, ഹാമർ ത്രോയിൽ തത്യാന ലിസെങ്കോ എന്നിവർ റെക്കോഡോടെ സ്വർണം നേടിയിരുന്നതും തിരിച്ചുവാങ്ങിയതാണ്.
1,000 ലേറെ അത്‍ലറ്റുകൾക്കാണ് റഷ്യൻ സർക്കാർ ചെലവിൽ ഉത്തേജക നൽകിയിരുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയിരുന്നത്. വിവിധ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര കായിക വേദികളിലെത്തുന്ന ഒട്ടുമിക്ക താരങ്ങളും ഉത്തേജകം ഉപയോഗിച്ചതായും മക്‍ലാറൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ലണ്ടൻ ഒളിമ്പിക്സിലാണ് ഇത് ഏറ്റവും കൂടുതൽ നടന്നതെന്നും റിപ്പോർട്ട് പറയുന്നു.
ആഗോള ഉത്തേജക വിരുദ്ധ സമിതി (ഡബ്ല്യു.എ.ഡി.എ)യാണ് റഷ്യൻ ഭരണകൂടം നടത്തിയ വ്യാപക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ആന്റ്യൂക്കിന്റെ പേരും നേരത്തെ തന്നെ ഇതിലുൾപ്പെട്ടിരുന്നു. നാലു വർഷത്തെ വിലക്കു നേരിടുന്ന താരം അടുത്തിടെ പുറത്തുവിട്ട ചിത്രത്തിൽ 2004 ഒളിമ്പിക്സിലെ മെഡലുകൾ മാത്രമാണ് നൽകിയിരുന്നത്.