ദുരിതാശ്വാസ മേഖലകളിലെ സഹായം; യു.എൻ ഏജൻസികൾക്ക് സഹായവുമായി ഖത്തർ
text_fieldsയു.എൻ പൊതുസഭ സമ്മേളനത്തിൽ ഖത്തറിന്റെ സ്ഥിരം
പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ദുരിതാശ്വാസ മേഖലകളിൽ പ്രവർത്തിക്കുന്ന യു.എന്നിന്റെ വിവിധ ഏജൻസികൾക്ക് സഹായവുമായി ഖത്തർ. യു.എന്നിന്റെ ഓഫിസ് ഫോർ ദി കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന് ഏറ്റവും കൂടുതൽ മാനുഷിക സഹായം നൽകിയ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. 1.528 ബില്യൺ യു.എസ് ഡോളറിലധികമാണ് ഖത്തർ നൽകിയതെന്ന് ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി പറഞ്ഞു. യു.എന്നിന്റെ അടിയന്തര മാനുഷിക സഹായത്തിന്റെ ഏകോപനം ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഗസ്സയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യം നിലനിൽക്കുന്ന സമയത്താണ് യു.എൻ.ജി.എ യോഗം ചേരുന്നത്. ഗസ്സയിൽ, ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മാനുഷിക ആവശ്യങ്ങൾ വർധിക്കുകയാണ്. ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഒക്ടോബറിൽ മാനുഷിക സഹായ പാത (ഹ്യുമാനിറ്റേറിയൻ എയ്ഡ് ലാൻഡ് ബ്രിഡ്ജ്) ആരംഭിച്ചു. ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെയാണ് ഈ സഹായം എത്തിച്ചത്. ശറമുൽശൈഖ് ഉച്ചകോടിയിൽ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് സാധ്യമായത്. വെടിനിർത്തൽ പൂർണമായി ഏകീകരിക്കേണ്ടതിന്റെയും മാനുഷിക സഹായം തടസ്സമില്ലാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
സുഡാനിലെ അൽ ഫാഷിറിലെ ദുരന്തപൂർണമായ സാഹചര്യവും സായുധ പോരാട്ടം കാരണം ജനങ്ങൾ അനുഭവിക്കുന്ന ഭക്ഷ്യക്ഷാമവും അഭയകേന്ദ്രങ്ങളുടെയും അവശ്യവസ്തുക്കളുടെയും വർധിച്ചുവരുന്ന ആവശ്യവും ചൂണ്ടിക്കാണിച്ചു. സിവിലിയന്മാരെയും കുടിയിറക്കപ്പെട്ടവരെയും പിന്തുണക്കുന്നതിനായി ഖത്തർ കഴിഞ്ഞ നവംബറിൽ മാനുഷിക -ദുരിതാശ്വാസ സഹായങ്ങൾ അയച്ചതായും അവർ വ്യക്തമാക്കി. 2013 മുതൽ 2025വരെ യു.എൻ ഏജൻസികളുടെ പൊതുബജറ്റിനും യു.എൻ ഏജൻസികൾക്കും അവരുടെ പ്രാദേശിക ഓഫിസുകൾക്കും സംരംഭങ്ങൾക്കും സംഭാവനയായി ഖത്തർ 1.9 ബില്യൺ ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട്.
കൂടാതെ, ഖത്തറും യു.എന്നും തമ്മിലുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ, 2017-2026 കാലയളവിൽ ഒ.സി.എച്ച്.എയുടെ പ്രധാന വിഭാഗങ്ങൾക്കായി 88 മില്യൺ ഡോളറിന്റെ സഹായവും നൽകി. യു.എൻ എമർജൻസി റെസ്പോൺസ് ഫണ്ടിനുള്ള (സി.ഇ.ആർ.എഫ്) സഹായം പുതുക്കുന്നതായി അവർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സി.ഇ.ആർ.എഫിന് തുടക്കം മുതൽ ഇതുവരെ 22 മില്യൺ ഡോളറിലധികം ഖത്തർ സംഭാവന നൽകിയിട്ടുണ്ടെന്നും ശൈഖ ആലിയ ഓർമിപ്പിച്ചു.
സിവിലിയന്മാരെ മാനുഷിക ദുരിതത്തിൽനിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ, അടിയന്തരവും നിരുപാധികവുമായ മാനുഷിക സഹായം ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നയതന്ത്രപരമായ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും അവർ വിശദീകരിച്ചു. മാനുഷിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനും മാനുഷിക രംഗത്ത് പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ ശ്രമങ്ങളുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

