ഖത്തർ സർഗലയം മലപ്പുറം ജില്ല ജേതാക്കൾ
text_fieldsഖത്തർ സർഗലയം ജേതാക്കളായ മലപ്പുറം ജില്ലാ ടീമിന് ട്രോഫി സമ്മാനിക്കുന്നു.
ദോഹ: സഹചാരി ഖത്തർ നാഷനൽ സർഗലയത്തിന് പ്രൗഢ സമാപനം. മൂന്നു ദിനങ്ങളിലായി 50 ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ജില്ലകളിൽനിന്നുള്ള ഖത്തർ മലയാളികൾ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ മൂന്നാം എഡിഷനാണ് സമാപിച്ചത്.ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 160 പോയൻറ് നേടിയാണ് മലപ്പുറം ചാമ്പ്യൻമാരായത്.
നിലവിലെ ചാമ്പ്യൻമാരായിരുന്ന കോഴിക്കോട് 114 പോയൻറ് നേടി രണ്ടാം സ്ഥാനവും 105 പോയൻറ് നേടി പാലക്കാട് മൂന്നാ സ്ഥാനവും നേടി. തൃശൂർ ജില്ലയിലെ എ.എം. ഷാഹിർ ജനറൽ വിഭാഗത്തിലും, പാലക്കാടിന്റെ ഹാഷിം റഷീദ് സീനിയർ വിഭാഗത്തിലും, കോഴിക്കോടിന്റെ ആസിം ഇസ്മയിൽ ജൂനിയർ വിഭാഗത്തിലും സർഗപ്രതിഭകളായി.
ജൂനിയറിൽ കോഴിക്കോടും മലപ്പുറവും ഒപ്പത്തിനൊപ്പവും സീനിയറിൽ കോഴിക്കോടും, ജനറലിൽ മലപ്പുറവുമാണ് ജേതാക്കൾ.
വിവിധ ദേശങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ പരിചയപ്പെടുത്തിയ ആർട്ട് ഗാലറി ശ്രദ്ധേയമായി. ഖത്തറിനകത്തും പുറത്തുംനിന്നുമുള്ളവരായിരുന്നു ജൂറി പാനലിൽ ഉണ്ടായിരുന്നത്.
മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ഖവാലി, ദഫ് കളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ തുടങ്ങിയ മത്സരങ്ങൾ വാശിയേറിയപ്പോൾ ഖത്തർ മലയാളികൾക്കത് ഹൃദ്യവും ആസ്വാദകരവുമായി. ‘ഉള്ളിന്റെ ആളൽ’ എന്ന പ്രമേയത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ സെഷനുകളിൽ മതസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായെത്തി. സമാപന സംഗമം എസ്. വൈ. എസ് സംസ്ഥാന ഉപാധ്യക്ഷൻ ഇബ്രാഹീം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ മുഖ്യ അതിഥിയായിരുന്നു. സക്കരിയ മാണിയൂർ, ഇസ്മയിൽ ഹുദവി, മൈതീങ്കുട്ടി വയനാട്, ഡോ. അബ്ദുസ്സമദ്, റഹീസ് ഫൈസി, സത്താർ കുട്ടോത്ത്, സമദ് ഫൈസി, റിയാസ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. സഹചാരി ഖത്തർ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അജ്മൽ റഹ്മാനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫദ് ലു സാദത്ത് നിസാമി സ്വാഗതവും ട്രഷറർ ഷഫീഖ് ഗസാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

