Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നം പിഴച്ചില്ല, സ്വർണം നേടി: ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ധന്ദ; സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

text_fields
bookmark_border
Neeru Dhanda
cancel
camera_alt

നീരു ധന്ദ

നഗോയ: ഏഷ്യൻ ഗെയിംസ് ട്രാപ്പ് വ്യക്തിഗത വിഭാഗത്തിൽ രാജ്യത്തിനായി ചരിത്രനേട്ടം കുറിച്ച് ഷൂട്ടർ നീരു ധന്ദ. ഏഷ്യൻ ഗെയിംസിൽ വനിതാ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന അഭിമാനകരമായ നേട്ടമാണ് 26 കാരിയായ ഹരിയാന സ്വദേശി സ്വന്തമാക്കിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണം.

എട്ട് ഷൂട്ടർമാർ മാറ്റുരച്ച ആവേശകരമായ ഫൈനലിൽ 28 പോയിന്റുകൾ നേടിയാണ് നീരു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിലവിലുണ്ടായിരുന്ന 24 പോയിന്റ് എന്ന ഏഷ്യൻ റെക്കോർഡാണ് ഈ യുവതാരം തകർത്തത്. ഈ ടൂർണമെന്റിൽ ഇതിനുമുമ്പ് വനിതാ ട്രാപ്പ് ടീം ഇനത്തിലും നീരു ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ട്രാപ്പ് അല്ലെങ്കിൽ സ്കീറ്റ് വിഭാഗങ്ങളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് നീരു. ഇതിനുമുമ്പ് 1978ലെ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ രൺധീർ സിങ്ങും, 2010 ൽ റോൺജൻ സോധി ഡബിൾ ട്രാപ്പ് വ്യക്തിഗത സ്വർണവും ഇന്ത്യക്കായി നേടിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടിൽ ഖത്തറിന്റെ റേയ് ബാസിലിനൊപ്പം 118 പോയിന്റുകൾ നേടി സംയുക്തമായി ഒന്നാം സ്ഥാനത്ത് എത്തിയ ശേഷമാണ് നീരു ഫൈനലിലേക്ക് പ്രവേശിച്ചത്. യോഗ്യതാ റൗണ്ടിലെ ഈ പ്രകടനവും പുതിയ ഗെയിംസ് റെക്കോർഡായിരുന്നു. ഈ വർഷം ഉടനീളം മികച്ച ഫോമിലാണ് നീരു പ്രകടനം കാഴ്ചവെക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇറ്റലിയിൽ നടന്ന ഷോട്ട്ഗൺ ലോകകപ്പിൽ ട്രാപ്പ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും നീരു ചരിത്രം കുറിച്ചിരുന്നു.

ടീം ഇനത്തിലും ഇന്ത്യയുടെ അഭിമാനമായി നീരു മാറി. നേരത്തെ നടന്ന വനിതാ ട്രാപ്പ് ടീം ഇനത്തിൽ നീരു, ആശിമ അഹ്‌ലാവത്, മനീഷ കീർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 328 പോയിന്റുകൾ നേടിയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിൽ 346 പോയിന്റുകളോടെ ചൈന സ്വർണവും, 325 പോയിന്റുകളോടെ കുവൈത്ത് വെങ്കലവും നേടി. ചൈനക്കായി ലൂ ഷാൻഷാൻ, സുൻ യുനൊങ്, ഷു ജിങ്യു എന്നിവരും കുവൈത്തിനായി അൽഹവാൽ ഷഹാദ്, അബ്ദുൽമാലിക് ഹജാർ, അൽഹവാൽ സാറ എന്നിവരുമാണ് മത്സരിച്ചത്. അതേസമയം യോഗ്യതാ റൗണ്ടിൽ യഥാക്രമം 106, 104 എന്നിങ്ങനെ പോയിന്റുകൾ നേടിയ ആശിമക്കും മനീഷക്കും (16, 23 സ്ഥാനങ്ങൾ) വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neeru Dhanda Wins Historic Trap Gold for India
Next Story